കെ. എന്‍. സുരേഷ്‌കുമാര്‍
വീര്‍ത്തുകെട്ടിയ മുഖം. തീക്കട്ടക്കണ്ണുകള്‍. ഭദ്രകാളിയുടെ നാക്ക്. എന്നെ കൊന്നുതിന്നാനുള്ള പക നാവില്‍ നിന്നും ചോരത്തുള്ളികളായി ഇറ്റുവീഴുന്നു. അവളുടെ മാലയിലെ മുത്തുകള്‍ ഞാന്‍ കണ്ടുനില്‍ക്കെ തലയോട്ടികളായി. ചപ്പാത്തിയുണ്ടാക്കാന്‍ കുഴച്ച മാവ് അവളുടെ കൈയിലിരുന്ന് തീഗോളം പോലെ കത്തുന്നു. കറിയുണ്ടാക്കാന്‍ അരിഞ്ഞുവച്ച പച്ചക്കറികള്‍ക്കടുത്തുള്ള കത്തി വാളായി വളര്‍ന്നു. അതവള്‍ കൈയിലേന്തി. ഇപ്പോള്‍ വെട്ടും... എന്താണ് പറ്റിയത്? മൂത്ത പ്രേമം കല്യാണക്കായായി പഴുത്തത് രജിസ്ട്രാര്‍ ഓഫീസില്‍ വച്ചാണ്. എം. എയ്ക്ക് ഞങ്ങള്‍ സഹപാഠികളായിരുന്നു. പ്രണയം അതിനും മുന്‍പേ തുടങ്ങി. എന്റെ വാസം ചെറ്റക്കുടിലില്‍. ഒന്നും നഷ്ടപ്പെടാനില്ല. അവള്‍ പക്ഷേ, ഉള്ള വീട്ടിലെ പെണ്ണായിരുന്നു. പണിയെടുത്താണ് ഞാന്‍ പഠിച്ചത്. എന്റെ വീട്ടുകാര്‍ക്ക് ഞാന്‍ ഒരു അത്താണിയായിരുന്നു. എല്ലാ ഭാരവും അവര്‍ എന്റെ ചുമലില്‍ വച്ചുതന്നു. എന്റെ വരുമാനം അവര്‍ക്ക് അത്യാവശ്യമായിരുന്നു. അവള്‍ എന്നെ ഇഷ്ടപ്പെട്ടു. അപ്പോഴേ ഞാന്‍ പറഞ്ഞു. പെണ്ണേ, ഇതു നിനക്ക് ചേരില്ലെന്ന്. പക്ഷേ, കേട്ടില്ല. രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും രതിച്ചൂടില്‍ പഴുക്കാന്‍ തുടങ്ങിയ ജീവിതക്കനിയെ ഞങ്ങള്‍ താലോലിക്കാന്‍ തുടങ്ങി. അപ്പോഴേ അവള്‍ പറഞ്ഞു: 'ഇനി നീ എന്റെ പഴമാണ്. നിന്നെ കൊതിയോടെ നോക്കാന്‍ ഇനി ആര്‍ക്കും അവകാശമില്ല’.
ഹൊ... ഒന്ന് അടിമപ്പെട്ടപ്പോള്‍ എന്തൊരു സുഖം! അടിമയാക്കിയപ്പോള്‍ അവള്‍ക്കും ഒരാത്മസുഖം!
ചെറ്റക്കുടിലിലെ ഓലകൊണ്ടു മറച്ച 'എ’ ക്‌ളാസ് മുറിയില്‍ ഞങ്ങളുടെ ഫസ്റ്റ്‌നൈറ്റ്. ചാണകം മെഴുകിയ തറ ചന്ദനക്കട്ടില്‍. ഓലപ്പായ പൂമെത്ത. ഞങ്ങള്‍ കാതോടു കാതോരം. പ്രണയമൊഴി പ്രതീക്ഷിച്ച എന്നോട് അവള്‍ പറഞ്ഞു: 'നമുക്കു വലുതാവണം. ആ വലിപ്പം അയല്‍വാസികള്‍ കാണാതിരിക്കാന്‍ വന്‍മതില്‍ കെട്ടണം’. എന്റെ തലയ്ക്കുള്ളില്‍ ഐസ് കട്ട. പാക്കുളം ജംഗ്ഷനിലെ സ്റ്റാര്‍ തട്ടുകട എന്റേതാണ്. കിട്ടുന്നതില്‍ കൂടുതലും കരുതിവയ്ക്കണമെന്ന് എന്റെ വാമഭഗവതിയുടെ കല്‍പ്പന. സ്ഥലം വാങ്ങണം. നല്ല വീടു കെട്ടണം; മാളിക പോലെ. മൊത്തത്തില്‍ അവളുടെ വീട്ടുകാരേക്കാള്‍ അടിപൊളിയാവണം, തട്ടുകടയുടെ തൊപ്പിയില്‍ ഏഴു നക്ഷത്രങ്ങളെങ്കിലും വേണം. കല്യാണം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോള്‍ എന്റെ കണങ്കാലുകളില്‍ വേദന. മൂന്നാംകണ്ണുകൊണ്ടു നോക്കിയപ്പോള്‍ കാലുകള്‍ ചങ്ങല കൊണ്ട് ബന്ധിച്ചിരിക്കുന്നു. ഒരാഴ്ച കൂടി കഴിഞ്ഞപ്പോള്‍ കൈകളില്‍ തരിപ്പും കടച്ചിലും. അകക്കണ്ണു കൊണ്ടു നോക്കിയപ്പോള്‍ കൈകളില്‍ വിലങ്ങ്. വീണ്ടും ഒരാഴ്ച കഴിഞ്ഞപ്പോള്‍ കഴുത്തില്‍ ഒരു മുറുക്കം. മനക്കണ്ണുകൊണ്ടു നോക്കിയപ്പോള്‍ എന്നെ തൂക്കിലേറ്റിയിരിക്കുന്നു; ചത്തിട്ടില്ല. ഇത്, ജീവിതം തീരെഴുതിയതിന്റെ നാലാമാഴ്ചയാണ്. ഇന്നിതാ തട്ടുകട പൂട്ടിവന്നപ്പോള്‍ എന്റെ ചക്കര ഒരു കലിത്തോഴി. കല്യാണം കഴിഞ്ഞ ആദ്യയാഴ്ച അവളെന്നെ രക്തബന്ധങ്ങളില്‍ നിന്നും അകറ്റി. അപ്പോഴാണ് എന്റെ കാലുകളില്‍ ചങ്ങല വീണത്. രണ്ടാമാഴ്ച ചങ്ങാതിമാരുമായി എനിക്ക് ഒരു ബന്ധവും പാടില്ലെന്ന് ആജ്ഞാപിച്ചു. അപ്പോഴാണ് കൈകളില്‍ വിലങ്ങു വീണത്. മൂന്നാമാഴ്ച ഞാനൊരു പണമടിക്കുന്ന യന്ത്രം മാത്രമായാല്‍ മതിയെന്നു പറഞ്ഞു. അപ്പോള്‍ കഴുത്തില്‍ കയറു വീണു. നാലാമാഴ്ച, ഇതാ അവളുടെ കരിങ്കാളിയാട്ടം. ഉറഞ്ഞുതുള്ളിക്കൊണ്ട് അവള്‍ പറഞ്ഞു; 'നിങ്ങളെന്നെ പറ്റിക്കുകയാണല്ലെ. ഞാനറിയാതെ നിങ്ങള്‍, നിങ്ങളുടെ പൊക്കിള്‍ക്കൊടി തിരയുന്നു. റോഡരികിലൂടെ ട്രൗസര്‍ കീറി നടന്നിരുന്ന ഒരു പീറച്ചെക്കനെ തേടുന്നു. ഞാന്‍ ഉറങ്ങിയാല്‍ വിളക്കു കത്തിച്ചിരുന്ന് നിങ്ങള്‍ വായിക്കുന്നു, എഴുതുന്നു. നിങ്ങളെ ഞാന്‍ ശരിയാക്കിത്തരാം’. മുടിയഴിച്ചിട്ട പെരുങ്കാളിയായി അവള്‍ എന്റെ നേരെ വാളോങ്ങി. ഭയന്നുവിറച്ച് ഞാന്‍ പിന്നോട്ടു മാറി. അവള്‍ വാളുകൊണ്ട് ആഞ്ഞുവീശി. എന്നിട്ട് എന്റെ നാവു നീട്ടാന്‍ കല്‍പ്പനയുണ്ടായി. വാളുകൊണ്ട് നാവില്‍ അക്ഷരമെഴുതി അറിവ് ചുരത്താനല്ല, അരിഞ്ഞ് പട്ടിയ്ക്കു കൊടുക്കാന്‍. വലതുകൈ നീട്ടാന്‍ കല്‍പ്പിച്ചു. എഴുത്താണി നല്‍കാനല്ല. വെട്ടിമാറ്റാന്‍. ഇനി രക്ഷയില്ല. എഴുത്തും വായനയും ഭാവനയും കാമനയും വരെ അടിയറ വച്ച്...
മുന്നില്‍ രണ്ടു വഴി. ഒന്നുകില്‍ ആത്മഹത്യ അല്ലെങ്കില്‍ കൊലപാതകം. ഇനി പൊട്ടിത്തെറി തന്നെ ശരണം; സ്വയം നശിക്കാം, മറ്റുള്ളവരെ നശിപ്പിക്കാം. മൂന്നടി പിന്നോട്ടുവച്ച് രണ്ടടി വലത്തുമാറി അവളുടെ നെഞ്ചത്തൊരു കാച്ച്. അതാ മലര്‍ന്നടിച്ചു കിടക്കുന്നു. അവള്‍ എഴുന്നേല്‍ക്കുന്നതിനു മുന്‍പ് മണ്ണെണ്ണ ടിന്നുമായി പുറത്തിറങ്ങി. നൊടിയിട കൊണ്ട് കുടിലിനു തീയിട്ട്, തിരിഞ്ഞു നോക്കാതെ ഓടി; ഭൂമിയുടെ അറ്റത്തേക്ക്. ഒരു അലര്‍ച്ച കേട്ടാണ് ഞാന്‍ തിരിഞ്ഞു നോക്കിയത്. ആയിരം കൈകളില്‍ വാളേന്തി, ചോരനാവുകളും തേറ്റകളും നീട്ടി, പിന്നില്‍ പെരുങ്കാളി.
( കേരളകൗമുദി ആഴ്ചപ്പതിപ്പ്-2010 )
No comments:
Post a Comment