Friday, September 24, 2010

കഥയുടെ 50 വര്‍ഷം മുണ്ടൂര്‍ സേതുമാധവന്‍


കല്ലടിക്കോടന്റെ മാനസപുത്രന്‍


കെ. എന്‍. സുരേഷ്‌കുമാര്‍


മഞ്ഞുകൊണ്ട് മുഖം പാതി മറച്ച പുലരിപ്പെണ്ണ്. അവളുടെ വശ്യതയിലേക്ക് പത്തായപ്പുരയില്‍ നിന്നും ഇറങ്ങി നടക്കുന്ന ഒരാള്‍. പ്രഭാതങ്ങളില്‍ പതിവായി നടക്കുന്ന ഈ നാട്ടുമ്പുറത്തുകാരന്റെ പേര് മുണ്ടൂര്‍ സേതുമാധവന്‍. ലോഹ്യം പറയുന്നവര്‍ ഉണ്ടാവാറുള്ള വഴികളില്‍ നിന്നും മാറിയുള്ള ഈ നടത്തം, വെറും നടത്തമല്ല. തന്നോടുതന്നെ സംസാരിച്ചുകൊണ്ടുള്ള നടപ്പാണ്. സ്വയം അന്വേഷിച്ച്, തന്റെ ഉള്ളിലെ ഗ്രാമവഴികളിലൂടെയുള്ള നാട്ടുനടപ്പ്. മുണ്ടൂര്‍ സേതുമാധവന്റെ കഥകളിലെല്ലാം ചന്തും പൊന്തയുമുള്ള വഴികളിലൂടെ സ്വയം തിരഞ്ഞുകൊണ്ട് നടക്കുന്ന ഒരു ഗ്രാമീണനെ കാണാം; നാറാണത്തുഭ്രാന്തനെ പോലുള്ള ഒരു സത്യാന്വേഷിയെ. അത് മറ്റാരുമല്ല, പാലക്കാട്ടെ തനി മുണ്ടൂരുകാരനായ ഈ മനുഷ്യനാണ്. കോണ്‍ക്രീറ്റ് എടുപ്പുകളിലേക്ക് വഴിമാറിയ പാലക്കാട് പട്ടണത്തില്‍ തന്റെ പത്തായപ്പുര പൊളിക്കാനാവാത്ത 'സെന്റിമെന്റ്‌സിന്റെ’ ഉടമയാണ് മുണ്ടൂര്‍ സേതുമാധവന്‍; കഥയിലും ജീവിതത്തിലും. മേട്ടുപ്പാളയം സ്ട്രീറ്റിലെ 'അക്ഷര’യുടെ വീട്ടുമുറ്റത്ത് ഗ്രാമവിശുദ്ധിയുടെ തുളസിത്തറയുണ്ട്. ഉള്ളില്‍ ഉമ്മറപ്പടിയുണ്ട്... ചാരുകസാലയുണ്ട്... അതില്‍ കാല്‍നീട്ടിയിരിക്കുന്ന ഒരു കഥാകാരനും. കല്ലടിക്കോടന്‍മല സേതുവിന്റെ മാനസപുത്രനാണല്ലൊ എന്ന് പി. ഗോവിന്ദപ്പിള്ള ഒരിക്കല്‍ പറഞ്ഞിരുന്നു. എന്നാല്‍ തൊട്ടറിയുമ്പോള്‍ കല്ലടിക്കോടന്റെ മാനസപുത്രനാണ് ഈ കഥാകാരനെന്ന് പറയാന്‍ തോന്നും. കഥയുടെ നാട്ടുവഴികളിലൂടെയുള്ള മുണ്ടൂര്‍ സേതുമാധവന്റെ നടപ്പിന് അമ്പത് വയസ്‌സായി. തന്റെ തട്ടകമാണ് എഴുത്തിന്റെ വഴിയെന്നും മുണ്ടൂരിന്റെ ഭാഷയാണ് തന്റെ ഭാഷയെന്നും കരുതുന്ന ഈ 'കല്ലടിക്കോടന്‍’ മുണ്ടൂര് എന്ന പേരില്‍ തന്റെ ഗ്രാമത്തെപ്പറ്റി ഒരു പുസ്തകം എഴുതിയിട്ടുണ്ട്. തൃശൂര്‍ ഗ്രീന്‍ ബുക്‌സാണ് പ്രസാധകര്‍. മുണ്ടൂരും അവിടുത്തെ മനുഷ്യരും പ്രകൃതിയുമാണ് ഈ കൃതിയില്‍. മുണ്ടൂര്‍ കേരളത്തിലെ ഏതൊരു ഗ്രാമവുമാകാമെന്ന് കഥാകാരന്‍. പാലക്കാട്ടെ സാംസ്‌കാരിക കൂട്ടായ്മയായ 'സുഹൃത്ത്’ കഥയില്‍ അമ്പതാണ്ട് തികച്ചതുമായി ബന്ധപ്പെട്ട് മുണ്ടൂര്‍ സേതുമാധവന്റെ രചനകളെപ്പറ്റി പ്രഭാഷണ പരിപാടി നടത്തിയിരുന്നു. കഥാകൃത്തിനെ ആദരിക്കുകയും ചെയ്തു.


അഭിമുഖത്തില്‍ നിന്ന്...


? കഥയുടെ അരനൂറ്റാണ്ട്. എന്തു തോന്നുന്നു.

= മെച്ചപ്പെട്ട സൃഷ്ടികള്‍ക്കു വേണ്ടിയുള്ള അന്വേഷണമനസ്‌സാണ് എഴുത്തുകാരന്റേത്. ആഴമേറിയ ജീവിതാനുഭവങ്ങളെ എന്റേറതു മാത്രമായ രീതിയില്‍ എഴുതിവയ്ക്കാന്‍ 300 ഓളം കഥകളിലൂടേയും അഞ്ചാറ് നോവലുകളിലൂടേയും കഴിഞ്ഞു. വായനക്കാരുടെ വ്യത്യസ്ത കാലങ്ങളിലുണ്ടാകുന്ന പ്രതികരണങ്ങള്‍, പത്രപംക്തികളില്‍ വന്ന നിരൂപണങ്ങള്‍ എന്നിവ ഇതിനെ സാധൂകരിക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി ഏഴാം ക്‌ളാസിലെ മലയാള പാഠാവലിയില്‍ 'അമ്മ കൊയ്യുന്നു’- എന്ന എന്റെ കഥ പഠിപ്പിക്കാനുണ്ട്. അതു വായിച്ച നിരവധി വിദ്യാര്‍ത്ഥികളും അധ്യാപകരും എനിക്കെഴുതിയ കത്തുകളില്‍ കണ്ണീര്‍ വീണ് മഷി പുരണ്ടിരുന്നു. ഇതെല്ലാം ഏതൊരു എഴുത്തുകാരനും ആത്മവിശ്വാസം പകരുന്ന കാര്യങ്ങളാണ്.

? ആദ്യകഥ; അതിന്റെ രചനാനുഭവം.

= ആദ്യകഥ ആകസ്മിക സംഭവമല്ല. ഒന്‍പതാം ക്‌ളാസില്‍ പഠിക്കുമ്പോള്‍ എന്റെ പ്രിയ അധ്യാപകനായിരുന്ന മുഹമ്മദ് മാഷ് നിര്‍ബന്ധിച്ചതു മൂലം ഒരു കഥയെഴുതി. അത് ഒരു മാസിക നടത്തിയ കഥാമത്‌സരത്തില്‍ ഒന്നാം സമ്മാനം നേടുകയും അച്ചടിച്ചു വരികയും ചെയ്തു. എന്നാല്‍ ആദ്യകഥ എന്ന് ഞാന്‍ വിളിക്കാന്‍ ആഗ്രഹിക്കുന്നത് 'തെറ്റ്’ എന്ന പേരില്‍ 1962ല്‍ എഴുതിയ കഥയെയാണ്. മുണ്ടൂര് അന്തംവിട്ടുറങ്ങുന്ന രാത്രിയില്‍ ഒരു ചിമ്മിനി വിളക്കിനു മുന്നിലിരുന്നാണ് ഞാനീ കഥ എഴുതിയത്. കഥയെഴുത്തിനെക്കുറിച്ച് കുറേ വായനാനുഭവങ്ങളല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. ഈ കഥക്ക് നിമിത്തമായത് ഡി. എച്ച്. ലോറന്‍സിന്റെ 'ലേഡി ചാറ്റര്‍ലീസ് ലവര്‍’ ആണ്. ഇംഗ്‌ളീഷിലുള്ള ഈ നോവല്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചു. മനസ്‌സില്‍ പ്രണയം പൂത്തുനില്‍ക്കുന്ന കൗമാരം. ശിരസ്‌സു നിറയെ കഥയുടെ പൊരിവെയില്‍. അന്നു രാത്രി ചിമ്മിനി കെടും മുന്‍പ് മുണ്ടൂരില്‍ ഒരു ജനനം നടന്നു. ദൂരെ സാക്ഷിയായി കല്ലടിക്കോടന്‍ മല മാത്രം. ഞാന്‍ മലയെ നോക്കി മൗനമായി ഉദ്‌ഘോഷിച്ചു; ഒരു കഥാകാരന്‍ ജനിക്കുന്നു.


? 'തെറ്റി’ലെ പ്രമേയം.

= സത്യത്തില്‍ തെറ്റ് എന്ന കഥയില്‍ പ്രണയമുണ്ടായിരുന്നില്ല. തന്റെ സഹപാഠിയായ സുഹൃത്തിന്റെ വീട്ടില്‍ രോഗിയായ ചെറുപ്പക്കാരന്‍ എത്തുകയാണ്. സഹപാഠിയുടെ ഭാര്യയെ കണ്ടപ്പോള്‍ ചെറുപ്പക്കാരന്‍ ഞെട്ടിപ്പോയി. ഇനി അവിടെ നില്‍ക്കാന്‍ വയ്യല്ലോ എന്ന വേവലാതിയില്‍ മനസ്‌സ് അസ്വസ്ഥമാകുമ്പോള്‍ ചെറുപ്പക്കാരന്‍ തന്റെ മനസ്‌സിലെ മഞ്ചാടിക്കുരുക്കളെ വാരിക്കളിച്ചുകൊണ്ട് വീടുവിട്ടിറങ്ങുന്നു. ഈ ചെറുപ്പക്കാരന്റെ കളിക്കൂട്ടുകാരിയായിരുന്നു അവള്‍...


? കഥകളിലെ ഗ്രാമക്കാഴ്ചകള്‍.

= ഏതൊരു എഴുത്തുകാരനും തന്റെ ജന്‍മത്തറയില്‍ നിന്നുകൊണ്ടേ എഴുതാനാവൂ. അതുകൊണ്ടാണ് 'ഞാനെഴുതുന്നത് എന്റെ മുരിങ്ങച്ചോട്ടില്‍ നിന്നാണ്’- എന്ന് ചെറുകാട് എഴുതിയത്. നോബല്‍ സമ്മാനം നേടിയ മാര്‍കേസ് ഒരിക്കല്‍ പറഞ്ഞത് 'ഞാനെഴുതുന്നത് മുഴുവന്‍ എന്റെ കുട്ടിക്കാലത്തെക്കുറിച്ചാണ്’- എന്നാണ്. എന്നെ സംബന്ധിച്ച് എന്റെ ഗ്രാമമാണ് എന്റെ ഇതിവൃത്തവും ഭാഷയും. ഏതു കഥാബീജത്തേയും വികസിപ്പിച്ചെടുക്കാന്‍ അവയെ ഞാന്‍ എനിക്കു വഴങ്ങിക്കിട്ടിയ എന്റെ ഗ്രാമാന്തരീക്ഷത്തിലേക്ക് കൊണ്ടുവരുന്നു. എന്റെ ഗ്രാമാന്തരീക്ഷം അനുവാചക മനസ്‌സില്‍ അയാളുടെ സ്വന്തം ജീവിതാന്തരീക്ഷമായി മാറിവരുമ്പോഴാണ് എന്റെ ഗ്രാമത്തിന് നിലനില്‍പ്പ് ലഭിക്കുന്നത്. ഏഴാം ക്‌ളാസിലെ അമ്മ കൊയ്യുന്നു എന്ന കഥ വായിച്ച തൃശൂരിലെ ആതിര എന്ന കുട്ടി എനിക്ക് എഴുതി: 'സാറിന്റെ കഥ വായിച്ചപ്പോള്‍ എനിക്കെന്റെ അമ്മയോടും അച്ഛനോടും നിമ്മി ടീച്ചറോടും വല്ലാത്ത സ്‌നേഹം തോന്നി’. കഥയിലെ കഥാപാത്രങ്ങളല്ല, മറിച്ച് തന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങളാണ് ആതിരയുടെ മനസ്‌സില്‍ സ്‌നേഹാര്‍ദ്രമായി കയറിയിരുന്നത്. ഒരു കഥയുടെ സാഫല്യം ഇതാണെന്ന് ഞാന്‍ കരുതുന്നു.


? കഥകളിലെ നാട്ടുമ്പുറത്തുകാരന്‍. കഥകളില്‍ അത്തരമൊരാളുടെ ആത്മാംശം.

= സ്വന്തം ആത്മാംശത്തെ വിസ്മരിച്ചുകൊണ്ട് ജീവിതത്തെക്കുറിച്ച് എഴുതുക പ്രയാസമാണ്. റസ്‌ക്കോള്‍ നിക്കോവ് എന്ന സാധാരണ ചെറുപ്പക്കാരന്റെ അന്ത:സംഘര്‍ഷങ്ങളിലൂടെയാണ് ദസ്തയേവ്‌സ്‌കി ക്രൈം ആന്റ് പണിഷ്‌മെന്റ് എന്ന വിശ്വവിഖ്യാതമായ നോവല്‍ എഴുതിയത്. അതിസാധാരണമായ ഒരു ഗ്രാമാന്തരീക്ഷത്തില്‍ ഒരു മനസ്്‌സ, ഒരു മുഖം; വ്രണിതമായ മനസ്‌സിലെ ഒരിടം. ഏത് ലോകോത്തര ജീവിത ദര്‍ശനത്തേയും അപഗ്രഥിക്കാനും അതിന്റെ സ്വതസിദ്ധമായ അന്തരീക്ഷത്തില്‍ പറഞ്ഞുവയ്ക്കാനും ഇതു മതി. കാരണം മനസ്‌സ് ഈ ഭൂമിയെക്കാളും വ്യാപ്തിയുള്ള ഒരു ഭൂമികയാണല്ലൊ.


? പാലക്കാടന്‍ ഭാഷ. രചനകളില്‍ അതിന്റെ സ്വാധീനം.

= എന്റെ ഗ്രാമമായ മുണ്ടൂര് ഒരു അതിര്‍ത്തിഗ്രാമം കൂടിയാണെന്നു പറയാം. പാലക്കാടിന്റേയും വള്ളുവനാടിന്റേയും സ്വാഭാവികമായ ഒരു സാംസ്‌കാരിക സമന്വയം മുണ്ടൂരില്‍ കണ്ടേക്കാം. പാലക്കാട്ടെ ഓരോ സമുദായത്തിനും അവരുടേതായ വാമൊഴി ശൈലികളുണ്ട്. അവയെല്ലാം മനോഹരങ്ങളാണുതാനും. എന്റെ ഗ്രാമത്തേയും ജനങ്ങളേയും നെഞ്ചേറ്റി നടക്കുന്ന ഒരെഴുത്തുകാരനെന്ന നിലയില്‍ കഥയുടെ പശ്ചാത്തലത്തിന് അനുസരിച്ച് ഈ വാമൊഴി രൂപങ്ങളെ അവയുടെ തനിമ ചോര്‍ന്നുപോകാതെ പ്രയോഗിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അങ്ങനെയാവുമ്പോഴെ കഥക്ക് മണ്ണിന്റെ ഗന്ധവും മനുഷ്യന്റെ തുടിപ്പും കാറ്റിന്റെ തേങ്ങലും കല്ലടിക്കോടന്‍ മലയുടെ കരുത്തും ലഭിക്കുകയുള്ളൂ. കഥ ജീവിതത്തിന്റെ അപഗ്രഥനമാവുമ്പോള്‍ ഇത്തരത്തിലുള്ള എഴുത്ത് അനിവാര്യമാണ്.

? ഗ്രാമത്തെ അത്രയേറെ താലോലിക്കുന്നുവല്ലൊ. മുണ്ടൂരിനെപ്പറ്റി.

= മുണ്ടൂര്‍ എന്നും എനിക്ക് പ്രിയപ്പെട്ടതാണ്. അടുത്തുതന്നെ ഗ്രീന്‍ ബുക്‌സില്‍ നിന്നും ഇറങ്ങാനിരിക്കുന്ന എന്റെ കഥാസമാഹാരത്തിന് 'മുണ്ടൂര്’ എന്നാണ് പേര്. മുണ്ടൂര് കഥാപശ്ചാത്തലമായി എന്റെ കഥകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ടെങ്കില്‍ അതിനു കാരണം ഞാന്‍ മുണ്ടൂര്‍ക്കാരനാണ് എന്നതാണ്. രണ്ടാംലോക മഹായുദ്ധത്തിനു ശേഷം മഹാദാരിദ്ര്യത്തില്‍ ആണ്ടുപോയ ഈ ഗ്രാമമാണ് എന്നെ കൈനീട്ടി സ്വീകരിച്ചത്. ഇവിടുത്തെ കരിപുരണ്ട അടുക്കളയില്‍ മൗനത്തില്‍ അടച്ചിട്ട ജന്‍മങ്ങള്‍. പുറത്തുവരാത്ത തേങ്ങലുകള്‍ ഏറ്റുവാങ്ങുന്ന കാറ്റ്. കോളറ വിഴുങ്ങിയ ജന്‍മങ്ങള്‍. നിരക്ഷരതയിലും ദാരിദ്ര്യത്തിലുമാണെങ്കിലും സ്‌നേഹവും സങ്കടവും ക്രോധവും ഇല്ലായ്മകളും പങ്കിടുന്ന ഒരു ജനതയുടെ ആവാസകേന്ദ്രം. രണ്ടാമതായി പറയട്ടെ, മുണ്ടൂര്‍ ഈ നാട്ടിലെ ഓരോ ഗ്രാമത്തിന്റേയും പേരാകുന്നു. ഓരോ ഗ്രാമവും മുണ്ടൂരാകുന്നു. അതുകൊണ്ടാണ് എന്റെ കഥ നിങ്ങളുടെ സ്വന്തം കഥയാകുന്നത്.


? സംഭാഷണത്തില്‍ ഇടക്കിടെ കാറ്റ് കടന്നുവരുന്നു. കഥകളിലും കാറ്റ് ഓടിയെത്താറുണ്ട്.

= ഓരോ കഥാകാരനും തന്റേതായ ഒരു ആഖ്യാനരീതിയുണ്ടാവും. എന്നെ സംബന്ധിച്ച് കുട്ടിക്കാലം മുതല്‍ എന്നെ വിടാതെ മോഹിപ്പിച്ച രണ്ടുമൂന്നു കൂട്ടുകാര്‍ ഉണ്ടായിരുന്നു. ഇരുട്ട്, കല്ലടിക്കോടന്‍ മല, കാറ്റ്. ഇവര്‍ വ്യക്തികളുടെ സ്ഥാനം തന്നെ എന്റെ കഥകളില്‍ കൈക്കൊള്ളുന്നുണ്ട്. ഗ്രാമത്തിലെ എന്റെ പഴയ വീട്ടിലെ ഉമ്മറക്കോലായില്‍ ഉറക്കം വരാതെ ഞാന്‍ കിടന്നിരുന്നു. രാത്രികളില്‍ വടക്കുപുറത്ത് എന്റെ കല്ലടിക്കോടനുണ്ടാവും. കാട്ടുതീ പടര്‍ന്നുപൊങ്ങുന്ന കല്ലടിക്കോട്. എല്ലാ വ്യഥകളും ഏറ്റുവാങ്ങി, മഞ്ഞിന്റെ കണ്ണീര്‍ പൊഴിക്കുന്ന കല്ലടിക്കോടന്‍. ഏതു വറുതിയിലും സാന്ത്വനമായി കാറ്റഴിച്ചുവിടുന്ന കല്ലടിക്കോടന്‍. ഈ കാറ്റില്‍ ഇരുട്ടു തപ്പിത്തടയുന്നത് സുഹൃത്തേ, കാതോര്‍ത്താല്‍ താങ്കള്‍ക്കും കേള്‍ക്കാം. ഇവിടെയെല്ലാം കഥയ്ക്ക് പുതിയ അര്‍ത്ഥവും ശക്തിയും നല്‍കാന്‍ ഈ പ്രതീകങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടാവാം ഒരിക്കല്‍ പി. ജി. പറഞ്ഞു; 'പാലക്കാടിനെക്കുറിച്ച് ഓര്‍ത്താല്‍ എനിക്ക് കല്ലടിക്കോടന്‍ ഓര്‍മ്മ വരും. കല്ലടിക്കോടന്‍ സേതുവിന്റെ മാനസപുത്രനാണല്ലൊ’.


? ജീവിതത്തിലെന്ന പോലെ കഥയിലും കാണാം ഒരു അധ്യാപകനെ.

= ഞാന്‍ 35 വര്‍ഷം അധ്യാപകനായിരുന്നു. ഒരു നല്ല കഥയെഴുതുമ്പോള്‍ കിട്ടുന്ന അതേ സംതൃപ്തിയാണ് ഒരു നല്ല ക്‌ളാസു കഴിഞ്ഞാലും കിട്ടുന്നത്. എനിക്ക് ഏറ്റവും പ്രിയപ്പെട്ട ജോലിയാണ് അധ്യാപനം. റിട്ടയര്‍ ചെയ്ത് ഇത്രയും വര്‍ഷമായിട്ടും ഇപ്പോഴും സ്‌കൂളുകളിലും കോളേജുകളിലും ക്‌ളാസെടുക്കാന്‍ പഴയ അതേ ആവേശത്തോടെ ഞാന്‍ പോകാറുണ്ട്. ഇതു വിശദീകരിക്കാന്‍ ഞാന്‍ ഒരു കഥ പറയാം: എന്റെ ഒരു പത്താം ക്‌ളാസ്. ക്‌ളാസില്‍ 65 കുട്ടികള്‍. സമയം രാവിലെ 8.10. മോര്‍ണിംഗ് ഷിഫ്റ്റിലെ ക്‌ളാസ് തുടങ്ങണം. എനിക്കിനി ഇംഗ്‌ളീഷിലെ വളരെ ഗഹനമായ വോയ്‌സ് ആന്റ് ടെന്‍സ് എന്ന ഭാഗമാണ് പഠിപ്പിക്കാനുള്ളത്. ഞാന്‍ ക്‌ളാസിനെ നോക്കി. അപ്പോഴതാ പിന്‍ബെഞ്ചില്‍ നടുവിലായി കറുത്തുമെലിഞ്ഞ ഒരു കുട്ടിയിരിക്കുന്നു. മുഷിഞ്ഞ വേഷം. പഠിച്ചുപോയ ആരുടേയോ കൈയില്‍ നിന്ന് കടം വാങ്ങിയ പുസ്തകം. പകുതി മാത്രം നിറഞ്ഞ വയര്‍. അവന് ആകെയുള്ള പ്രോപ്പര്‍ട്ടി കത്തുന്ന രണ്ടു കണ്ണുകള്‍ മാത്രം. ഇവനെ കണ്ടതോടെ ഞാനൊരു വെളിച്ചപ്പാടാകുന്നു. പിന്നെ, ഒരു വിറച്ചിലാണ്. അധ്യാപനത്തിന്റെ വിറച്ചില്‍. കുട്ടികളെല്ലാം ഏകാഗ്രചിത്തരായി ഘോരമഴയില്‍ കുടുങ്ങി, നടുങ്ങിയിരിപ്പാണ്. മഴ തോര്‍ന്ന മറ്റേതോ നിമിഷത്തില്‍ ഞാന്‍ വീണ്ടും ആ കുട്ടിയെ നോക്കുന്നു. എന്തുകൊണ്ടാണ് അവന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പുന്നത്? അപ്പോള്‍ ഒരു സത്യം എനിക്ക് പിടികിട്ടി. ആ കുട്ടി ഞാന്‍ തന്നെയാണ്; എന്റെ കുട്ടിക്കാലമാണ്. ഓരോ കുട്ടിയും ഞാന്‍ തന്നെയാണെന്ന തിരിച്ചറിവില്‍ നിന്നു മാത്രമേ, ഒരു നല്ല അധ്യാപകന്‍ പിറക്കുകയുള്ളൂ. ഇവിടെ കഥയും അധ്യാപനവും ഒന്നായിത്തീരുന്നു. എന്റെ എല്ലാ കഥയിലും ഈ കുട്ടിയുടെ അംശം കണ്ടെത്താം. എന്റെ എല്ലാ ക്‌ളാസ്മുറിയിലും ഈ കുട്ടിയുടെ സാന്നിദ്ധ്യം എനിക്ക് പ്രചോദനമാകുന്നു. ഈ പാരസ്പര്യം എന്റെ ജീവിതത്തില്‍ ഏറെ സ്വാധീനിച്ച ഒരു ഘടകമാണ്.


? ജീവിതം; എന്തു തോന്നുന്നു.

= ജീവിതത്തിന്റെ അംശങ്ങളെക്കുറിച്ച് എഴുതുന്ന ആളാണല്ലൊ എഴുത്തുകാരന്‍. ജീവിതത്തെപ്പറ്റി ശുഭാപ്തി വിശ്വാസമുള്ളയാളാണ് ഞാന്‍. ജീവിതത്തിന്റെ എല്ലാ നന്‍മകളേയും തിന്‍മകളേയും ഉള്‍ക്കൊള്ളുകയും ജീവിതത്തിന്റെ പ്രകാശപൂരിതമായ നാളെയെക്കുറിച്ച് സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുകയും ചെയ്യുമ്പോഴാണ് ഏതൊരു രചനയും കാലത്തെ അതിജീവിക്കാനുള്ള കരുത്ത് നേടുന്നത്. ആരും എഴുതിയിട്ടില്ലാത്തതും ആരോ പറഞ്ഞ് തലമുറകള്‍ നെഞ്ചേറ്റി നടന്നതുമായ ഒരു കഥയാണല്ലൊ നാറാണത്തുഭ്രാന്തന്‍. നാറാണത്തുഭ്രാന്തന്‍ ഒരു ഭ്രാന്തന്റെ കഥയല്ലെന്നും അയാള്‍ ഞാന്‍ തന്നെയാണെന്ന തിരിച്ചറിവിലും ജീവിതത്തെ സംയമനത്തോടെ നേരിടാനുള്ള കാഴ്ച്ചപ്പാട് നേടിയെടുക്കുകയും ചെയ്യുമ്പോള്‍ ഒരു കഥ ജീവിതം തന്നെയായിത്തീരുന്നു. മഹത്തായ കൂട്ടായ്മയുടെ ഒരു ജീവിതം ഇവിടെയാണ് തിളക്കമാര്‍ന്ന് നിലകൊള്ളുന്നത്.? അര്‍ഹിക്കുന്നത് ലഭിച്ചോ. എന്താണ് ഏറ്റവും വലിയ അംഗീകാരം.= എന്താണ് അര്‍ഹിക്കുന്നതെന്ന് അറിയില്ല. എന്റെ ഏറ്റവും വലിയ ദു:ഖവും ആഹ്‌ളാദവും എഴുത്താകുന്നു. ഒരു നല്ല കഥയെഴുത്തിത്തീരുമ്പോള്‍, അതു പ്രസിദ്ധീകരച്ചു വരുമ്പോള്‍ ലഭിക്കുന്ന കത്തുകള്‍, ടെലിഫോണ്‍ വിളികള്‍, പ്രസംഗ വേദികളിലെത്തുമ്പോള്‍ കിട്ടുന്ന ആദരങ്ങള്‍... ഇതിലധികം ഒരെഴുത്തുകാരന്‍ എന്താണ് പ്രതീക്ഷിക്കുന്നത്? എന്താണ് പ്രതീക്ഷിക്കേണ്ടത്? ലാഭം മാത്രം മുന്നില്‍ കാണുന്ന ഒരു സാമൂഹ്യക്രമത്തില്‍ നിന്നുകൊണ്ടുതന്നെ ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു: എഴുത്തില്‍ നിന്ന് ഞാന്‍ നേടാന്‍ ആഗ്രഹിക്കുന്നത് എഴുത്ത് മാത്രമാണ്.


മുണ്ടൂര്‍ സേതുമാധവന്‍


1942 ഏപ്രില്‍ പത്തിന് പാലക്കാട് ജില്ലയിലെ മുണ്ടൂരില്‍ ജനിച്ചു. 30 വര്‍ഷത്തിലധികം അധ്യാപകനായിരുന്നു. പ്രധാന കൃതികള്‍: നിറങ്ങള്‍, കലിയുഗം, മരണഗാഥ, ഈ ജന്‍മം, അനസൂയയുടെ സ്വപ്നങ്ങള്‍( നോവലുകള്‍), ആകാശം എത്ര അകലെയാണ്, കേട്ടുവോ ആ നിലവിളി, പൊറാട്ടുചെണ്ട, കവാടങ്ങളില്ലാത്ത മുറി( കഥകള്‍). കലിയുഗം ചലച്ചിത്രമാക്കുകയുണ്ടായി. ആകാശം എത്ര അകലെയാണ് എന്ന കൃതിക്ക് മുണ്ടശേ്ശരി അവാര്‍ഡ് ലഭിച്ചു. സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയിട്ടുണ്ട്. വിലാസം: അക്ഷര, മേട്ടുപ്പാളയം സൗത്ത്, സുല്‍ത്താന്‍പേട്ട, പാലക്കാട്-1 ഫോണ്‍: 9447003489.


വാരാന്ത്യകൗമുദി, ജനുവരി 2010

No comments:

Post a Comment