കെ. എന്‍. സുരേഷ്‌കുമാര്‍
പേര്: സുരാംഗന്‍.വയസ്‌സ്: 55 ജോലി: മുംബൈയിലെ സ്വകാര്യ കമ്പനിയില്‍.ബന്ധങ്ങള്‍: അച്ഛന്‍, അമ്മ, ചേച്ചി, അനുജന്‍. സഹോദരങ്ങള്‍ വിവാഹിതര്‍.സുരാംഗന്റെ പ്രത്യേകത: അവിവാഹിതന്‍, നാടു വിട്ടിട്ട് കാല്‍ നൂറ്റാണ്ട്. രക്തബന്ധങ്ങളുമായി ബന്ധമില്ലാതായിട്ട് 15 വര്‍ഷം. കാരണം കുടുംബ പ്രശ്‌നങ്ങള്‍.ജീവിതം കൊണ്ട് പഠിച്ചത്: ബന്ധങ്ങള്‍ക്ക് പുല്ലുവില. ഇപ്പോള്‍: ഒരു തിരിച്ചു വരവ്. ഏതോ ഒരു ഉള്‍വിളി.
ഇല്ലിപ്പാലം. ഏച്ചിക്കുളങ്ങര... പിള്ളപ്പടി...ജനിച്ചു വളര്‍ന്നതെങ്കിലും മറവിയുടെ കറ പറ്റിയ സ്ഥലങ്ങള്‍. അവയ്ക്കു പതുക്കെ ജീവന്‍ വയ്ക്കുന്നു. മുക്കിന് മുക്കിന് സ്‌റ്റോപ്പ്.
സുരാംഗന്‍ യാത്ര ചെയ്യുകയാണ്. തറവാട്ടിലേക്ക്.
വാല്‍ക്കുളം.സ്‌കൂള്‍, കോളേജ് പഠനകാലത്തും പിന്നീടും സുരാംഗന്റെ 'സ്വന്ത’മായിരുന്ന ബസ് സ്‌റ്റോപ്പ്. അയാളുടെ സ്വപ്നങ്ങള്‍ക്കും നോവുകള്‍ക്കും സാക്ഷിയായ കനാല്‍പ്പാലം ഇപ്പോഴും അങ്ങനെതന്നെ...
സുരാംഗന്‍ ചിന്തിച്ചു തുടങ്ങി... അയാളുടെ യാത്രാവിവരണം നമുക്ക് വായിക്കാം. സുരാംഗന്റെ കാഴ്ചകള്‍ നമുക്കും കാണാം; ആത്മഗതങ്ങള്‍ക്ക് കാതോര്‍ക്കാം...
എവിടേക്കൊക്കെ ഞാന്‍ ബസ്‌സും ട്രെയിനും കയറി! മെട്രോ സിറ്റികളില്‍ ജീവിച്ചപ്പോഴും വാല്‍ക്കുളത്തെ കനാല്‍പ്പാലത്തെ മറന്നില്ല. ചങ്ങാതിമാരുടെ കൂടെയിരുന്ന് വിപ്‌ളവം പറഞ്ഞത് ആ കനാല്‍പ്പാലത്തിലിരുന്നാണ്. ഒരു കൊതി ഉള്ളിലുണ്ടായിരുന്നു. നാടു വിട്ടെങ്കിലും എപ്പോഴെങ്കിലും തിരികെ വരണമെന്ന്. ഗൃഹാതുര സ്മരണകളില്‍ ഇന്നും നിറം മങ്ങാതെ നില്‍ക്കുന്ന പലതും വീണ്ടെടുക്കണമെന്ന്. പഴയതുപോലെ അമ്മ വിളമ്പിത്തരുന്ന വെള്ളച്ചോറില്‍ മോര് ഒഴിച്ച് കണ്ണിമാങ്ങയും കൂട്ടി ഉണ്ണണമെന്ന്... കണ്ണിമാങ്ങ കാശുകൊടുത്താല്‍ കിട്ടുമായിരിക്കും. എന്നാല്‍ അമ്മ തരുന്നതുപോലെ ആവില്ല; ഒന്നും.
ഏറെ കാലത്തെ ഇടവേളയ്ക്കു ശേഷം പഴമകളുടെ ഉപ്പുഭരണിയിലേക്ക് ഒരു തിരിച്ചുപോക്കിന് കാലം വന്നിരിക്കുന്നു. ഇനി ഇങ്ങനെ ഒരു ദിവസം വരില്ലായിരിക്കാം. ഒന്നിനും ഒരു ഉറപ്പും ഇല്ലല്ലോ. സംഭവിക്കുന്നതൊന്നും പ്രതീക്ഷിച്ചതു പോലെയുമല്ല. എങ്കിലും ജീവിതത്തില്‍ മനുഷ്യര്‍ സുഖം കണ്ടെത്തുന്നുണ്ട്.
വാല്‍ക്കുളത്ത് ബസ്‌സിറങ്ങി ചുറ്റും കണ്ണോടിച്ചു. അവിടെ കണ്ട കാഴ്ചകള്‍ അമ്പരപ്പിക്കുന്നതായിരുന്നു. പഴയ വാല്‍ക്കുളം ആയിരുന്നില്ല അത്. വല്ലാത്ത മാറ്റങ്ങള്‍... വാല്‍ക്കുളം ബസ് സ്‌റ്റോപ്പിനടുത്ത അമീറിന്റെ പെട്ടിക്കടയൊന്നും കാണാനില്ല. പകരം ഒരു ഷോപ്പിംഗ് കോംപ്‌ളക്‌സ്. ആകാശം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന ആ കെട്ടിടത്തിന് എത്ര നിലയുണ്ടെന്ന് ഒറ്റനോട്ടത്തില്‍ പറയാന്‍ ബുദ്ധിമുട്ട്. ഷോപ്പിംഗ് കോംപ്‌ളക്‌സിന് അടുത്തായി ഒരു അപ്പാര്‍ട്ട്‌മെന്റും കാണാം. ഇതിന്റെ ഗമ ഷോപ്പിംഗ് കോംപ്‌ളക്‌സിന്റേതില്‍ നിന്നും ഒട്ടും കുറയില്ല. ഒറ്റനോട്ടത്തില്‍ത്തന്നെ കാണത്തക്കവിധം അതിന്റെ തലമണ്ടയില്‍ ഒരു കൂറ്റന്‍ ബോര്‍ഡും; ' അമീര്‍ അപ്പാര്‍ട്ട്‌മെന്റ്‌സ്’.
അടുത്തുള്ള സ്ഥലങ്ങളെല്ലാം അമീര്‍ പൊന്നുംവിലക്ക് എടുത്തിരിക്കും. എന്നിട്ടായിരിക്കും ബഹുനില മന്ദിരം പണിതത്. മുന്‍പ് ഗള്‍ഫിലായിരുന്നു അയാള്‍. പിന്നീട് നാട്ടില്‍ വന്ന് പെട്ടിക്കട തുടങ്ങി. മരക്കച്ചവടവും ഉണ്ടായിരുന്നു. തറവാട്ടില്‍ അന്നം മുട്ടുന്ന ഘട്ടങ്ങള്‍ വരുമ്പോള്‍ തൊടിയിലെ മരങ്ങളെല്ലാം വില്‍ക്കാറുണ്ടായിരുന്നു. അമീറാണ് വാങ്ങിയിരുന്നത്. മരങ്ങളുടെ വിലയിലും വിലപേശലിലുമൊന്നും എന്റെ തറവാട്ടുകാര്‍ക്ക് വലിയ പിടിപാടൊന്നും ഉണ്ടായിരുന്നില്ല. ഈ വിവരക്കേട് അമീര്‍ മുതലെടുത്തിട്ടുണ്ട്. മുതലെടുപ്പില്‍ അമീര്‍ മാത്രമാണോ ഉണ്ടായിരുന്നത്? അല്ല. വേലി തന്നെ വിളവു തിന്നു. തറവാട്ടുവക ഒരു സിവില്‍ക്കേസ് ഉണ്ടായിരുന്നു. കേസ് ജയിച്ചാല്‍ 'സ്വര്‍ഗ്ഗം’ കിട്ടുമെന്ന് അമ്മാവന്‍ അമ്മയെ വിശ്വസിപ്പിച്ചു. കിട്ടുന്നതെല്ലാം ഊരി. ഉടപ്പിറന്നതല്ലേ എന്നു കരുതി അമ്മ സ്വന്തമായുണ്ടായിരുന്നതെല്ലാം കൊടുത്തു. അമ്മാവന്റെ ഭാഗം നേരത്തേ കൊടുത്തിരുന്നു. തനിക്കു കിട്ടിയ ഭാഗത്തില്‍ നിന്നാണ് അമ്മ അമ്മാവനെ സേവിച്ചത്. രക്തബന്ധത്തിന്റെ മറ പിടിച്ച് മുടിയനായ അമ്മാവന്‍ ഒരു 'ബിസിനസ്’ നടത്തി. അതില്‍ അയാള്‍ ജയിച്ചു. അമ്മ തോറ്റു. തറവാട് കുളം തോണ്ടി. പേരുകേട്ട തറവാടിന്റെ അടിക്കല്ലെങ്കിലും ബാക്കിവെക്കാനായാല്‍ മതിയെന്നു കരുതി ഞാന്‍ നാടുവിട്ടു. ചേച്ചിയുടെ കല്യാണം ഞാന്‍ നാട്ടിലുള്ളപ്പോള്‍ത്തന്നെ കഴിഞ്ഞിരുന്നു. അനുജന്റേത് പിന്നീടും. ഒഴുക്കിലും ചുഴിയിലും പെട്ട് പിന്നെ എന്തെല്ലാമോ സംഭവിച്ചു. വര്‍ഷങ്ങളോളം വീടുമായി ഒരു ബന്ധവും പുലര്‍ത്താനാവാത്ത സ്ഥിതി വരെ ഉണ്ടായി. തറവാട് നന്നാക്കാന്‍ ഇറങ്ങിത്തിരിച്ച എനിക്ക് എവിടെയൊക്കെയോ തെറ്റു പറ്റിയിരുന്നുവോ? ഈ നന്നാക്കല്‍ ചിന്തതന്നെ തെറ്റ് ആയിരുന്നില്ലേ? 'സ്വന്തം കാര്യം സിന്ദാബാദ്’ എന്നു കരുതിയാല്‍ മതിയായിരുന്നു. എനിക്ക് ലക്ഷ്യം നേടാനായില്ല. സ്വയം രക്ഷപ്പെട്ടുമില്ല. കുറേക്കാലമായി തറവാട്ടിലേക്ക് തിരിഞ്ഞുനോക്കാനും കഴിഞ്ഞില്ല. എന്നെ എല്ലാവരും പഴിക്കുന്നുണ്ടാവും. പഴിക്കാം. ആര്‍ക്കും ആരേയും. എപ്പോഴും എന്തിനും.
അമീര്‍ അപ്പാര്‍ട്ട്‌മെന്റ്‌സില്‍ നിന്നും കണ്ണെടുത്ത് തറവാട്ടിലേക്ക് പോകേണ്ട പാതയിലേക്ക് നോക്കി. മലമ്പുഴ കനാല്‍വരമ്പിനു മുകളിലൂടെയുള്ള പഴയ ചെമ്മണ്‍പാതയുടെ സ്ഥാനത്ത് ടാര്‍ ചെയ്ത വീതിയേറിയ റോഡ്. എപ്പോഴെങ്കിലും ഒരു സൈക്കിള്‍ പോയാല്‍ത്തന്നെ അത് അത്ഭുതമായിരുന്ന ആ പാതയിലൂടെ സാന്‍ട്രോയും ഇന്‍ഡിക്കയും ക്വാളിസുമൊക്കെ ചീറിപ്പായുന്നു. എന്തൊരു പുരോഗതി! എന്തൊരു വേഗം! തറവാട് സ്ഥിതി ചെയ്തിരുന്ന പാണ്ടിക്കാട് പണ്ടൊരു ഓണംകേറാമൂല ആയിരുന്നു. ഇന്ന് പാണ്ടിക്കാട് എന്ന് ബോര്‍ഡ് വച്ച് ധാരാളം സര്‍ക്കാര്‍ ബസ്‌സുകളും സ്വകാര്യ ബസ്‌സുകളും സര്‍വീസ് നടത്തുന്നു. ബസ്‌സില്‍ കയറി പോയാലോ എന്ന് ആലോചിച്ചു. വേണ്ട. പഴയതുപോലെ നടന്നു പോകാം. എന്റെ പുതിയ നാടിനെ ശരിക്കും കാണുകയും ചെയ്യാം. റോഡരികിലുള്ള പഴയ കുടിലുകളും ചെറുവീടുകളുമെല്ലാം കോണ്‍ക്രീറ്റ് സൗധങ്ങളായിരിക്കുന്നു. ചാണകം മെഴുകിയ തറക്കു പകരം വീടുകള്‍ക്കുള്ളില്‍ വെണ്ണക്കല്ലുകള്‍ പതിച്ചിരിക്കുന്നു. പാതക്ക് ഇരുവശവും ഉണ്ടമസൂരിയും ഐ. ആര്‍. എട്ടും വിളഞ്ഞിരുന്ന വയലുകള്‍ കാണാനില്ല. അവയുടെ സ്ഥാനത്തും കോണ്‍ക്രീറ്റ് വീടുകള്‍... കെട്ടിടങ്ങള്‍... ടെലിവിഷന്‍ കേബിള്‍ നെറ്റ്‌വര്‍ക്കിന്റെ വയറുകള്‍... നെറ്റ്‌വര്‍ക്കിന്റെ ഒരു ലോകം... ഒക്കെ ഒരു വലയത്തിലോ വലയിലോ ആണ്. ആനക്കോട് പഞ്ചായത്ത് കിണറിനു സമീപം വലിയൊരു വാട്ടര്‍ടാങ്ക് കാണുന്നു. ഇടിഞ്ഞുപൊളിഞ്ഞു കിടക്കാറുള്ള കിണറായിരുന്നു അത്. എങ്കിലും വേനല്‍ക്കാലത്ത് വെള്ളം കിട്ടാതാവുമ്പോള്‍ ആനക്കോട്, പ്രദേശത്തുള്ളവര്‍ ഈ കിണറിനെയാണ് ആശ്രയിച്ചിരുന്നത്. കിലോമീറ്ററുകള്‍ നടന്ന് പാടംവഴി വീട്ടമ്മമാര്‍ കുടിവെള്ളം കൊണ്ടുപോയിരുന്നത് ഇവിടെ നിന്നുമാണ്. പണ്ട് ഞാനും ഇവിടെ നിന്ന് തോളത്ത് കുടവും പേറി വെള്ളം കൊണ്ടുപോയിട്ടുണ്ട്. ആരെങ്കിലും കണ്ടാല്‍ നാണക്കേടാണെന്നു കരുതി രാത്രിയിലായിരുന്നു ഈ അഭ്യാസം. വെള്ളം കോരാന്‍ അമ്മയും ചേച്ചിയും അനുജനുമൊക്കെ ഉണ്ടാവും. ഇപ്പോള്‍ കിണര്‍ നന്നാക്കി ആള്‍മറ കെട്ടിയിരിക്കുന്നു. ആനക്കോടിന്റെ കുടിവെള്ളക്ഷാമം തീര്‍ന്നുകാണും. ആനക്കോടിനും ആലിലക്കാടിനും ഇടയ്ക്ക് നിറയെ വയലുകളായിരുന്നു. ആനക്കോട് തോടു കഴിഞ്ഞാല്‍ പാടം തുടങ്ങും. പാടവരമ്പുകളില്‍ നിറയെ കരിമ്പനകള്‍. കള്ളുചെത്തു തൊഴിലാളികളുടെ ജീവിതം ഈ കരിമ്പനകളെ ആശ്രയിച്ചായിരുന്നു. അവരുടെ ജീവിതത്തിന് പനങ്കള്ളിന്റെ മണമാണ്; അവരുടെ മക്കള്‍ക്കും. എന്നാല്‍ ഇപ്പോള്‍ കരിമ്പനകളും കാണാനില്ല. പനങ്കള്ളിന്റെ മണമുള്ള ജീവിതങ്ങള്‍ക്ക് എന്തു പറ്റിയിട്ടുണ്ടാവും? ചെത്തുകാരായ ബാലനും പുനീന്ദ്രനുമൊക്കെ എന്തു ചെയ്തിട്ടുണ്ടാവും? ബാലന്‍ ഒരിക്കല്‍ പനയുടെ മുകളില്‍ നിന്ന് രക്തം ഛര്‍ദ്ദിച്ചത് എനിക്ക് ഓര്‍മ്മ വന്നു. ഏതു വിധേനയോ താഴെയിറങ്ങിയ ബാലനെ നാട്ടുകാര്‍ ചേര്‍ന്ന് എടുത്തുകൊണ്ടാണ് ആശുപത്രിയില്‍ എത്തിച്ചത്. ചെത്തുകത്തിയും കള്ളിന്‍കുടവുമായി പുനീന്ദ്രന്‍ പാടവരമ്പിലൂടെ നടന്നു പോകുന്നതു പോലെ എനിക്കു തോന്നി. എന്റെ ചങ്ങാതിയുടെ അച്ഛനാണ് പുനീന്ദ്രന്‍. നിറഞ്ഞൊഴുകിയിരുന്ന ആനക്കോട് തോട് കണ്ണീര്‍ച്ചാലുപോലെ ആയിരിക്കുന്നു. മഴക്കാലത്ത് തോടിനു കുറുകെയുള്ള നിലംപതിപ്പാലം കവിഞ്ഞ് വെള്ളമൊഴുകും. പാലത്തില്‍ നിറയെ കുഴികളുമുണ്ടാവും. തോട് കടക്കാന്‍ പ്രത്യേക വൈദഗ്ദ്ധ്യം വേണം. തോടു കടക്കുമ്പോള്‍ ഉടുത്തതൊക്കെ നനയും. കുട്ടികളെ മുതിര്‍ന്നവര്‍ തോളിലേറ്റി തോടുകടത്തും. പാടത്തു പണിയെടുക്കുന്ന പെണ്ണുങ്ങള്‍ മുണ്ടു തെറുത്ത് അര വരെ കയറ്റി തോടു കടന്ന് പണിക്കു പോകും. നല്ല ഒഴുക്കുണ്ടാവും. എത്ര വെള്ളത്തിലും തോടു കടക്കാന്‍ അന്നമ്മ കേമിയാണ്. 'അവള്‍ ഒരു ആണിനെപ്പോലെയാണ്’- പലരും പറയുമായിരുന്നു. അതുകൊണ്ടാണോ അവളെ കെട്ടാന്‍ ആരും വരാതിരുന്നത്? തോട്ടില്‍ വെള്ളം കുറഞ്ഞെങ്കിലും അതിന് ഇരുവശവുമുള്ള കൈതകള്‍ പോയകാലത്തിന്റെ അടയാളം പോലെ നില്‍പ്പുണ്ട്. പരിസ്ഥിതി സ്‌നേഹികള്‍ ഇടപെട്ടതുകൊണ്ടാണോ എന്തോ കൈതകളെ കാലന്‍ തൊട്ടിട്ടില്ല. നടന്ന് സോമന്റെ വീടെത്തി. മുന്‍പ് പാണ്ടിക്കാട്ടുണ്ടായിരുന്ന ആകെയുള്ളൊരു ടെറസ്‌സ്‌വീട് സോമന്റേതായിരുന്നു. ചെളി പുരണ്ട ഒരു തോര്‍ത്തുമുണ്ടു മാത്രം ഉടുത്തു നടന്നിരുന്ന കൃഷിക്കാരനായ സോമനെ കണ്ടാല്‍ കാല്‍ക്കാശിന് കൊള്ളില്ല. ടെറസ്‌സുപണി തുടങ്ങിയപ്പോള്‍ പലരും പറഞ്ഞിരുന്നു; 'അവന്റെ കൈയില്‍ പൂത്ത കാശുണ്ട്’. സോമന്റെ വീട് വലിയ മാറ്റങ്ങളൊന്നുമില്ലാതെ നില്‍ക്കുന്നു. കാലം മാറിയതോടെ പാടത്തു നിന്നുള്ള വരവ് കുറഞ്ഞല്ലൊ. വീട് മുഷിഞ്ഞിരിക്കുകയും ചെയ്യുന്നു. വീടിനു മുന്നില്‍ സോമന്‍ കെട്ടിയിട്ട് പരിപാലിച്ചിരുന്ന കേഴമാന്‍ ഇപ്പോഴില്ല. ചത്തുപോയിരിക്കും. സോമനെ വീട്ടുമുറ്റത്ത് കണ്ടില്ല. സാധാരണ ആ പരിസരത്തൊക്കെ കാണാറുള്ളതാണ്. അയാള്‍ക്ക് എന്തുപറ്റിയോ ആവോ? സോമന്റെ വീടു കഴിഞ്ഞാല്‍ ചെറിയൊരു കുന്നാണ്. ആ കുന്നിനു മുകളില്‍ റോഡ് ഇടത്തോട്ടു തിരിയുന്നിടത്താണ് എന്റെ തറവാട്. അവിടേക്കു നടന്നു. പഴയ ഓട്ടുപുരയ്ക്കു പകരം അവിടെ ഒരു കമ്പനി വന്നിരിക്കുന്നു. മുള്ളുവേലി കെട്ടിയിരുന്ന തൊടിക്കു ചുറ്റും ഇപ്പോള്‍ കൂറ്റന്‍ മതിലും അതിനു മുകളില്‍ കമ്പിവേലിയും. ഞാന്‍ കഷ്ടപ്പെട്ടു കെട്ടിയുണ്ടാക്കിയ കുട്ടിമതിലും ചെറിയ ഇരുമ്പു പടിയുമൊന്നും കാണുന്നില്ല. അയല്‍വാസികളുടെ ഓട്ടുപുരകളെല്ലാം കോണ്‍ക്രീറ്റ് വീടുകളായിരിക്കുന്നു. അവയ്ക്കിടയില്‍ ഒരു ഓട്ടുപുര കണ്ടു. പാണ്ടിക്കാട്ടിലെ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍. യാത്രയില്‍ ഞാന്‍ ആകെ കണ്ട ഒരേയൊരു ഓട്ടുപുരയാണത്. ആ വീട്ടുമുറ്റത്ത് പടര്‍ന്നു നില്‍ക്കുന്ന ഒരു മൂച്ചിയുമുണ്ട്. അതില്‍ നിറയെ മാങ്കുലകള്‍. എല്ലാം കണ്ണിമാങ്ങ പരുവത്തിലുള്ളവ. മനസ്‌സ് പിന്നെയും കണ്ണിമാങ്ങപ്പരുവത്തില്‍ അമ്മയുടെ അടുത്തെത്തി. അമ്മ വിളമ്പിത്തരുന്ന വെള്ളച്ചോറും കണ്ണിമാങ്ങയും... കൈപ്പുണ്യമുള്ളവര്‍ കണ്ണിമാങ്ങയുണ്ടാക്കിയാല്‍ അളിയാതെ കൂടുതല്‍ കാലം ഇരിക്കും. മായം ചേര്‍ക്കാത്ത കണ്ണിമാങ്ങ. എന്റെ അമ്മയ്ക്ക് കൈപ്പുണ്യമുണ്ടായിരുന്നു. അത് നാട്ടില്‍ പാട്ടായിരുന്നു. 'ഇത്തിരി കണ്ണിമാങ്ങവെള്ളം തരുമോ കുട്ട്യേ’- എന്നു ചോദിച്ച് അയലോക്കത്തെ മാളു വേലിക്കല്‍ വരാറുള്ളത് ഓര്‍ത്തു. മാളുവിന് ആ കണ്ണിമാങ്ങ വെള്ളം മതി. ഓണസദ്യയായി.
റോഡിലൂടെ ചെറുപ്പക്കാര്‍ നടന്നുപോകുന്നുണ്ട്. അവരുടെ കൈയിലെ മൊബൈല്‍ ഫോണുകളില്‍ പാട്ടുപാടുന്നു. എഫ്. എം. റേഡിയോ ആണ്. അവരുടെ ഭാവിയും സ്വപ്നങ്ങളും ഏതാനും പാട്ടുകള്‍ അകലെയാണെന്ന് എനിക്ക് തോന്നി. കമ്പനിപ്പടി വഴി ജോലിക്കാര്‍ വന്നും പോയുമിരിക്കുന്നു. അവരുടെ കൈകളില്‍ ലാപ്‌ടോപ്പ്. ചിലരൊക്കെ ഫുള്‍ സ്യൂട്ടിലാണ്. യാത്ര കാറിലും. ഈശ്വരാ, ഇത് പാണ്ടിക്കാട് തന്നെയാണോ? ആ നാടന്‍ പേര് ഈ നാടിനിന്ന് ഒട്ടും ചേരില്ല.
കമ്പനിയില്‍ ഷിഫ്റ്റ് അറിയിക്കാനുള്ള സൈറണ്‍ മുഴങ്ങി. എന്റെ ഉളളില്‍ ശൂന്യതയുടെ മുഴക്കം; തലകറക്കം. പരിചയമുള്ള മുഖങ്ങളൊന്നും കാണുന്നില്ല. പരിചയക്കാരെല്ലാം ചത്തോ കെട്ടോ പോയിട്ടുണ്ടാകും. കാല്‍നടക്കാരില്‍ ചിലര്‍ എന്നെ അപരിചിതനെപ്പോലെ നോക്കുന്നു. എന്റെ തറവാടിനെ കുറിച്ചോ, രക്തബന്ധങ്ങളെ കുറിച്ചോ ആരോടാണ് ചോദിക്കുക? റോഡരികില്‍ കുറച്ചുനേരം ശങ്കിച്ചുനിന്നു. ഒടുവില്‍ സമീപത്തുള്ള ഒരു ഷോപ്പില്‍ കയറി ചോദിച്ചു. അപ്പോഴാണ് അറിഞ്ഞത്; തറവാട്ടു വീട് വര്‍ഷങ്ങള്‍ക്കു മുന്‍പ് വിറ്റുപോയെന്ന്. തറവാട്ടിലുണ്ടായിരുന്നവര്‍ എവിടെ പോയെന്ന് ഷോപ്പുടമക്ക് അറിയില്ല. തലക്കകത്ത് ഒന്നുമില്ലാത്തതു പോലെ തോന്നി. ഞാന്‍ കുറച്ചുനേരത്തേക്ക് നിശ്ചിന്തനായി. മനസ്‌സ് പൊള്ളയായി. ഒരു യോഗിയെപ്പോലെ ഞാന്‍ നിസ്‌സംഗനായി. തുടര്‍ന്നുള്ള അന്വേഷണം കൊണ്ട് ഒരു ഫലവുമുണ്ടാവില്ലെന്ന തോന്നലാണ് എനിക്കുണ്ടായത്. ഓട്ടുപുരയുടെ പടിയില്‍ ചാരിയിരിക്കുന്ന ഒരമ്മയും അമ്മയുടെ മടിയില്‍ കിടന്ന് പാതയോരത്തുള്ള മാഞ്ചോട്ടിലെ കണ്ണിമാങ്ങകളെ തിരയുന്ന ഒരാണ്‍കുട്ടിയും എന്റെ ഓര്‍മ്മകളെ ഉണര്‍ത്തി. അമ്മയുടെ കൈപ്പുണ്യമുള്ള കൈകളെ മറക്കാത്ത മകന് കണ്ണിമാങ്ങകളേയും കൊതിയോടെ ഓര്‍ക്കാതിരിക്കാനായില്ല. നഷ്ടമായതൊന്നും ഇനി തിരിച്ചുകിട്ടില്ലെന്ന അറിവ്. മടക്കയാത്രയെക്കുറിച്ച് ചിന്തിച്ചപ്പോള്‍ മനസ്‌സ് നാട്ടിന്‍പുറത്തിന്റെ നന്‍മയെത്തന്നെ പുണര്‍ന്നുകൊണ്ടിരുന്നു. അറിയാതെ കണ്ണു നിറഞ്ഞു. തൂവാലയെടുത്ത് കണ്ണു തുടച്ചു; മുഖവും. വിയര്‍പ്പിലും കണ്ണീരിലും തൂവാല നനഞ്ഞു. ഒന്നു മുഖം കഴുകണം. മുടി ചീകിയൊതുക്കണം. മുഖത്തെ ഒരു മുഖംമൂടിയാക്കി മാറ്റിയെടുക്കണം. തൊട്ടടുത്തു കണ്ട മെന്‍സ് ബ്യൂട്ടി പാര്‍ലറില്‍ കയറി. കണ്ണട മാറ്റിവച്ച്, മുഖം നനഞ്ഞ ടവല്‍ കൊണ്ട് അമര്‍ത്തിത്തുടച്ചു. നര കയറിയ മുടി മറച്ചു ചീകി കണ്ണാടിയില്‍ നോക്കിനിന്നു. പ്രായം കുറയുന്നോ? പഴകിയ ഒരു ഫോട്ടോ പഴ്‌സില്‍ നിന്നെടുത്ത് വീണ്ടും നോക്കി. പോയകാലം ഒരിക്കലും തിരിച്ചു വരില്ലെന്നും നൊമ്പരമായി അവയെന്നും മനസ്‌സില്‍ കുടിയിരിക്കുമെന്നും അമ്മ പറഞ്ഞത് എത്ര ശരി. അന്ന് അമ്മ അയച്ചുതന്നെ പെണ്‍കുട്ടിയുടെ ചിത്രം നിഴലിന്റെ രൂപത്തില്‍ ഞാന്‍ എന്തിനാണ് വര്‍ഷങ്ങള്‍ കൊണ്ടുനടന്നത്. അറിയാത്ത പ്രണയത്തിന്റെ സ്മരണയായോ? അതോ, അമ്മയുടെ നിറവേറാത്ത മോഹത്തിന്റെ അടയാളമായോ? കുറ്റബോധത്തോടെ ആ ചിത്രത്തിന്റെ ഉടമയെ തിരയാന്‍ മനസ്‌സ് വെമ്പി. എല്ലാം നിഷ്ഫലമാണെന്ന് അറിയാം. എങ്കിലും മനസ്‌സില്‍ വരച്ചുവച്ചിരുന്ന ആ ചിത്രം എന്നോടൊപ്പം കുസൃതിക്കുട്ടന്‍മാരുമായി ചേര്‍ന്നിരുന്ന് കണ്ണിമാങ്ങ കൂട്ടി വെള്ളച്ചോറ് ഉണ്ണാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.
( കേരളകൗമുദി ആഴ്ചപ്പതിപ്പ്-2010)
No comments:
Post a Comment