കെ. എന്‍. സുരേഷ്‌കുമാറിന്റെ 'അമ്മ അലാറമാണ് ’ എന്ന പുസ്തകത്തെ കുറിച്ചുള്ള നിരൂപണം (കലാകൗമുദി)
കാല്‍പ്പനികതക്ക് അപ്പുറത്തെ അമ്മ സങ്കല്‍പ്പം
പ്രണയത്തെ കുറിച്ചുള്ള ആറു കവിതകള്‍ ഓരോന്നും മധുരോദാരമായ ഒരു കാല്‍പ്പനികഭാവം കൊണ്ട് സുന്ദരമായി തോന്നാം. പക്ഷേ പുതിയ കാലത്തിന് അനുയോജ്യമായി അതിന് നല്‍കുന്ന ഒരു ചെറിയ ട്വിസ്റ്റ് നമുക്ക് തരുന്നത് കൂടുതല്‍ പ്രായോഗികമതിയായ പ്രണയിനിയുടെ ചിത്രമാണ്. ഈ കവിതകളില്‍ പുരുഷന്‍ കൂടുതല്‍ കാല്‍പ്പനികനും സ്ത്രീ കൂടുതല്‍ യുക്തിബോധം ഉള്ളവളുമാണ്. അതുകൊണ്ട് ഇതു വെറും 'സൗന്ദര്യപൂജ’യല്ല, പച്ചയായ ജീവിതത്തിന്റെ യഥാര്‍ത്ഥമുഖം കൂടിയാണ്. 'നീ കണ്ണെഴുതിയിരിക്കുന്നത് തീര്‍ച്ച, എന്നോടുള്ള പ്രണയമഷികൊണ്ടാണ്. ചുണ്ടുകളില്‍ തേച്ചിരിക്കുന്നത് ഉറപ്പ്, എന്റെ ഹൃദയച്ചോപ്പാണ്.’ (അസ്ഥികളിലെ പൂക്കള്‍) 'ഞാന്‍ ചുംബിച്ചത് നിന്റെ മനസ്‌സിലായിരുന്നല്ലോ’ (ഒരു കൈയകലം) 'കമ്പിളിക്കൂട്ടില്‍ നാമൊട്ടിപ്പിടിക്കവേ നീ പറഞ്ഞു, എനിക്കു വിശക്കുന്നു’ (നിന്റെ വിശപ്പ്) ഈ കവിതകളെല്ലാം പുരുഷന്റെ സൗന്ദര്യപൂജ, അഭൗമതലത്തിലേക്ക് ഉയരുമ്പോള്‍ സ്ത്രീ നിര്‍ദ്ദേശിക്കുന്ന കൈയകലം അവനെ ഭൂമിയിലേക്ക് കൊണ്ടുവരുന്നു. ഡെയറിമില്‍ക്ക് എന്ന കവിതയില്‍ കാമുകന്‍ പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ടും കാമുകിയെ ഡെയറിമില്‍ക്കായി പൊതിയുകയാണ്. പക്ഷേ, അതു തന്റെ പ്രണയിനി എങ്ങനെ സ്വീകരിക്കുന്നു എന്ന് കൃത്യമായി, മാര്‍ക്കറ്റിംഗിന്റേയും കണ്‍സ്യൂമറിസത്തിന്റേയും അന്തരീക്ഷത്തില്‍ ആവിഷ്‌ക്കരിക്കുമ്പോള്‍ വായനക്കാരുടെ മനസ്‌സില്‍ സമര്‍ത്ഥയായ കാമുകിയും പ്രണയലോലുപനായ കാമുകനും അവശേഷിക്കുന്നു.
സൗഹൃദത്തിന്റെ ഇഴയടുപ്പവും ഈ കവിതകളില്‍ ശ്രദ്ധേയമാണ്. രണ്ടു പേര്‍, നോവുപാട്ട് എന്നിവ ആത്മസൗഹൃദങ്ങള്‍ ജീവിതത്തിന് എത്ര അനുപേക്ഷണീയമാണ് എന്ന് വ്യക്തമാക്കുന്നു. അമ്മയെക്കുറിച്ചുള്ള കവിതകള്‍ തന്നെയാണ് ഈ സമാഹാരത്തിലെ ഏറ്റവും ശ്രദ്ധേയമായ രചനകള്‍. അമ്മക്കു പകരം പുതിയ കാലം അനിവാര്യമാക്കിയ ഒന്നാണ് ഈ അലാറം. 'നീറുന്ന വേദനയിലുരുകിയൊഴുകാന്‍ ജന്‍മ രോഗങ്ങളില്‍ മനം നൊന്തുപാടാന്‍ എന്‍ ശംഖമായതാണാ സമയപേടകം (അമ്മ അലാറമാണ്)
ഹൃത്താളങ്ങള്‍ തെറ്റി ഓടിക്കിതച്ചു നിന്നുപോയ ആ സമയപേടകം അമ്മയുണ്ടായിരുന്ന നാളുകളെ തട്ടിയുണര്‍ത്തുന്നു. അലാറത്തേക്കാളും കൃത്യമായി മകനെ ഉണര്‍ത്തുവാന്‍ ഉറങ്ങാതിരിക്കുന്ന അമ്മയുടെ ചിത്രത്തിലൂടെ 'അമ്മ മകന് അലാറമാണ്’ എന്ന് കവിത അവസാനിക്കുന്നു. കാല്‍പ്പനികതയില്‍ വ്യത്യസ്തഭാവം ആവിഷ്‌ക്കരിക്കുന്നതുപോലെ അമ്മയെ കുറിച്ച് എഴുതുമ്പോഴും ഈ കവി കാലവിപര്യയത്തെ മറക്കുന്നില്ല. മുറിനാവ് എന്ന കവിതയില്‍ പുത്രമോഹങ്ങള്‍ വിഫലമാക്കുന്ന അമ്മയെ കുറിച്ചും ജന്‍മം ഒരു പാപമായി മകന്റെ തോളത്ത് കെട്ടിവെച്ച ശപ്തമാതൃത്വത്തെ കുറിച്ചും ഉദയത്തില്‍ തന്നെ അസ്തമിച്ചുപോയ മകനെ കുറിച്ച് വൃഥാമോഹങ്ങള്‍ പേറുന്ന അമ്മ ഹൃദയത്തെകുറിച്ചും വ്യഥിതമാണ് കവിചിത്തം. ഒന്നുമില്ലെങ്കിലും നിന്‍ ജന്‍മലാഭമാം കരളിലെ കദനകനകത്തെ കണ്ണീരില്‍ മുക്കി നിന്‍ജീവിതച്ചാണയിലുരച്ചെന്റെ നാവില്‍ പുരട്ടുക (മുറിനാവ്)- അതിനുവേണ്ടിയാണ് കാലം നിസ്‌സഹായനാക്കിയ തന്റെ പുത്രന്‍ മുറിനാവു നീട്ടുന്നത്.
ഈ കവിതകളിലെ പ്രമേയങ്ങളുടെ പുതുമ കാല്‍പ്പനികതയില്‍ അലിയിച്ചു ചേര്‍ത്ത ഭൗതികജീവിതസമസ്യകളുടെ ഊരാക്കുടുക്കു തന്നെയാണ്. ചങ്ങമ്പുഴയുടെ 'സൗന്ദര്യപൂജ’യില്‍ നിന്നും ബാലാമണിയമ്മയുടെ 'മാതൃഹൃദയ’ത്തില്‍ നിന്നും കാലം കവിതയെ മുന്നോട്ടുതള്ളുകയാണ്. പലപ്പോഴും ആടയാഭരണങ്ങള്‍ ഉപേക്ഷിച്ചുകൊണ്ടു തന്നെ കൂടുതല്‍ ആര്‍ജവത്തോടെ സത്യം വിളിച്ചുപറയാന്‍ കവി നിര്‍ബന്ധിതനാവുന്നു. സുരേഷ്‌കുമാറിന്റെ കവിതകളുടെ പ്രത്യേകത അതാണ്. എങ്കിലും കവിതയില്‍ ഈ കവിയുടെ മൊഴിയും വഴിയും കുറേക്കൂടി ദൃഢവും ശ്രദ്ധേയവുമാവാന്‍ ഇരിക്കുന്നതേയുള്ളൂ. പാട്ടിന്റെ ഈണവും മുക്തഛന്ദസ്‌സിന്റെ വ്രണിതഭാവവും ചേര്‍ത്ത് കവിതയെ രൂപപ്പെടുത്തുമ്പോള്‍ ഉണ്ടാകുന്ന ചില പ്രശ്‌നങ്ങളെ ഇനിയും മറികടക്കേണ്ടിയിരിക്കുന്നു. എങ്കിലും പുതിയ കാലത്തിന്റെ കവിതയില്‍ സുരേഷ്‌കുമാറിന്റെ കവിതകള്‍ക്കും ഇടമുണ്ടെന്ന് ഈ കൊച്ചുപുസ്തകം നമ്മോട് പറയുന്നു.
No comments:
Post a Comment