Wednesday, September 29, 2010

താനേ മുഴങ്ങുന്ന അലാറം


'അമ്മ അലാറമാണ്’ - കവിതാസമാഹാരത്തെപ്പറ്റി പ്രൊഫ. കെ. ശശികുമാര്‍


താനേ മുഴങ്ങുന്ന അലാറം


കവിത പലപ്പോഴും ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. ഗതകാല രാമണീയകങ്ങളെ മാത്രമല്ല; മനുഷ്യാവസ്ഥകളുടേയും മനുഷ്യപ്രകൃതികളുടേയും ദുരനുഭവങ്ങളുടേയും. ഗതിയറ്റ സ്വപ്നങ്ങളേയും ഗതമായ സ്വര്‍ഗ്ഗങ്ങളേയും ഓര്‍ത്തുള്ള വിലാപത്തില്‍ തെന്നിയടരുന്ന സ്വരവ്യഞ്ജനങ്ങളല്ല, പുതിയ കവിത. ഛന്ദോലങ്കാരങ്ങള്‍ കൂടാതെ വര്‍ത്തമാനകാലകവിത സ്വയം വാക്യാര്‍ത്ഥ സദസ്‌സുകളായി മാറുന്നു. ഓര്‍മ്മപ്പെടുത്തലിന്റെ അനുരണനങ്ങളില്‍ മധുരവും ദീപ്തവുമായ ഒരസ്വാസ്ഥ്യം അനുവാചകന് പകര്‍ന്നു നല്‍കിക്കൊണ്ട് കവികളും കവിതകളും ഒറ്റപ്പെട്ട തുരുത്തുളായി നില്‍ക്കുകയാണ്. അതുകൊണ്ടുതന്നെ, ആധുനികോത്തര കവിതകളില്‍ 'സ്‌കൂളുകള്‍’ ഉണ്ടാവുന്നില്ല. പ്രസ്ഥാനങ്ങളുടെ അനുക്രമണിക, തന്‍മൂലം പുതിയ കവിതയ്ക്ക് അന്യമാവുകയും ചെയ്യുന്നു. ഓരോ കവിയുടേയും ശബ്ദം നമുക്ക് തിരിച്ചറിയാന്‍ കഴിയുന്നുമുണ്ട്. ഒച്ചകള്‍ക്കും ബഹളങ്ങള്‍ക്കുമിടയില്‍ തന്റെ ശബ്ദം വേറിട്ടുകേള്‍ക്കപ്പെടുമോ എന്ന ആത്മഛവി പൂണ്ട ആശങ്ക പഴയ കവിയെപ്പോലെ ഇന്നത്തെ യുവകവിയെ ഒട്ടലട്ടുന്നുമില്ല.

പുതിയ കവികള്‍ അലാറങ്ങള്‍ മുഴക്കിക്കൊണ്ടേയിരിക്കുന്നു. സമയതീരത്തു നിന്നുകൊണ്ടവര്‍ സംസ്‌കൃത ചിത്തരായി സന്ദര്‍ഭോചിതമായി പാടുന്നു. ഹൃദയത്തുടിപ്പും കരളിന്‍ മിടിപ്പും ഉയിരിന്‍ പിടപ്പും പശ്ചാത്തല സംഗീതമാക്കിക്കൊണ്ട് കെ. എന്‍. സുരേഷ്‌കുമാറും പാടുകയാണ്. ഇത് 'വെറുംപാട്ട’ല്ല, 'നോവുപാട്ടു’മല്ല, 'സ്‌നേഹപ്പാ’ട്ടണ്. കുടുംബം എന്ന വികാരത്തെ സര്‍വ്വാതിശായിയാക്കുന്നത് അമ്മയാണ്. സ്ത്രീത്വത്തിന്റെ ലാവണ്യപൂര്‍ണ്ണിമയാണ് മാതൃത്വം. സ്തനാമൃതദാത്രിയായ അമ്മ ഈ കവിക്ക് ഒരു ഒബ്‌സഷനാണ്. ഒരമ്മയുടെ വാത്‌സല്യ മാധുര്യങ്ങളെ ബഹുമാനാകുലതകളോടെ ഉദാത്തീകരിച്ച് കാവ്യമാക്കിയത് ഭാരതത്തില്‍ ആദിശങ്കരനാണ്. ഈ സമാഹാരത്തിലെ നാലോളം കവിതകളില്‍ മാതൃബിംബം ശക്തിസൗന്ദര്യങ്ങളോടെ ഉയര്‍ന്നുലാവുന്നുണ്ട്. ഉറിയില്‍ നിന്നും വെണ്ണ കട്ട കടങ്ങള്‍ വീട്ടാന്‍ കഴിയാത്ത മകന്റെ ആത്‌മോദീകരണം. ഉണ്ണിയെ കാത്തുകാത്തിരിക്കുന്ന അമ്മ. മകന് അമ്മ ഒരലാറമാണെന്ന കണ്ടെത്തലില്‍ കവി അവസാനം ചെന്നെത്തുന്നു. താക്കോല്‍ കൊടുക്കാതെ താനേ മുഴങ്ങുന്ന വിലയൊരു അലാറം തന്നെയാണ് അമ്മ. പ്രണയം പുതിയ വര്‍ണ്ണരാജികള്‍ തേടുകയാണ് നവ്യകവിതകളില്‍. പ്രണയത്തിന്റെ ഹരിതശ്യാമസൗവര്‍ണ്ണ സിന്ദൂരവര്‍ണ്ണങ്ങളില്‍ നീരാടുകയല്ല, സുരേഷ്. മദലുളിതവും മൃദുലളിതവുമായ ഭാവസീമകളിലല്ല, കവി പ്രണയത്തെ പ്രതിഷ്ഠിയ്ക്കുന്നത്. പ്രണയ പരവശകള്‍ക്ക് ശുഭമരുളാനൊന്നും കവി മെനക്കെടുന്നില്ല. പ്രണയവല്ലി ഉണങ്ങില്ല; കരിനീല മിഴിയിലെ കരിമിഴികളും കരള്‍ക്കണ്ണികളുമാണ് നമ്മള്‍ എന്നൊക്കെ വായിക്കുമ്പോള്‍ പഴയ കവികളുടെ ശയ്യ ഓര്‍മ്മിച്ചുപോകുന്നു. ഇണയെ ഇരയാക്കുന്ന തീവ്രപ്രണയവും ഇതിലുണ്ട്. ഭോഗവും ഭക്ഷണം തന്നെയല്ലേ? മലയാളം ഈ കവിയെ ഏറ്റുവാങ്ങട്ടെ. മലയാളി ഈ കവിതകളെ ലാളിക്കട്ടെ. സമയനിഷ്ഠയോടെ സുരേഷിന്റെ അലാറം മുഴങ്ങിക്കൊണ്ടേയിരിക്കട്ടെ.

Monday, September 27, 2010

mobile virus


mazhathulli ariyan



ഭൂമിയുടെ അറ്റത്തേക്ക്



കെ. എന്‍. സുരേഷ്‌കുമാര്‍


വീര്‍ത്തുകെട്ടിയ മുഖം. തീക്കട്ടക്കണ്ണുകള്‍. ഭദ്രകാളിയുടെ നാക്ക്. എന്നെ കൊന്നുതിന്നാനുള്ള പക നാവില്‍ നിന്നും ചോരത്തുള്ളികളായി ഇറ്റുവീഴുന്നു. അവളുടെ മാലയിലെ മുത്തുകള്‍ ഞാന്‍ കണ്ടുനില്‍ക്കെ തലയോട്ടികളായി. ചപ്പാത്തിയുണ്ടാക്കാന്‍ കുഴച്ച മാവ് അവളുടെ കൈയിലിരുന്ന് തീഗോളം പോലെ കത്തുന്നു. കറിയുണ്ടാക്കാന്‍ അരിഞ്ഞുവച്ച പച്ചക്കറികള്‍ക്കടുത്തുള്ള കത്തി വാളായി വളര്‍ന്നു. അതവള്‍ കൈയിലേന്തി. ഇപ്പോള്‍ വെട്ടും... എന്താണ് പറ്റിയത്? മൂത്ത പ്രേമം കല്യാണക്കായായി പഴുത്തത് രജിസ്ട്രാര്‍ ഓഫീസില്‍ വച്ചാണ്. എം. എയ്ക്ക് ഞങ്ങള്‍ സഹപാഠികളായിരുന്നു. പ്രണയം അതിനും മുന്‍പേ തുടങ്ങി. എന്റെ വാസം ചെറ്റക്കുടിലില്‍. ഒന്നും നഷ്ടപ്പെടാനില്ല. അവള്‍ പക്ഷേ, ഉള്ള വീട്ടിലെ പെണ്ണായിരുന്നു. പണിയെടുത്താണ് ഞാന്‍ പഠിച്ചത്. എന്റെ വീട്ടുകാര്‍ക്ക് ഞാന്‍ ഒരു അത്താണിയായിരുന്നു. എല്ലാ ഭാരവും അവര്‍ എന്റെ ചുമലില്‍ വച്ചുതന്നു. എന്റെ വരുമാനം അവര്‍ക്ക് അത്യാവശ്യമായിരുന്നു. അവള്‍ എന്നെ ഇഷ്ടപ്പെട്ടു. അപ്പോഴേ ഞാന്‍ പറഞ്ഞു. പെണ്ണേ, ഇതു നിനക്ക് ചേരില്ലെന്ന്. പക്ഷേ, കേട്ടില്ല. രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും രതിച്ചൂടില്‍ പഴുക്കാന്‍ തുടങ്ങിയ ജീവിതക്കനിയെ ഞങ്ങള്‍ താലോലിക്കാന്‍ തുടങ്ങി. അപ്പോഴേ അവള്‍ പറഞ്ഞു: 'ഇനി നീ എന്റെ പഴമാണ്. നിന്നെ കൊതിയോടെ നോക്കാന്‍ ഇനി ആര്‍ക്കും അവകാശമില്ല’.
ഹൊ... ഒന്ന് അടിമപ്പെട്ടപ്പോള്‍ എന്തൊരു സുഖം! അടിമയാക്കിയപ്പോള്‍ അവള്‍ക്കും ഒരാത്മസുഖം!


ചെറ്റക്കുടിലിലെ ഓലകൊണ്ടു മറച്ച 'എ’ ക്‌ളാസ് മുറിയില്‍ ഞങ്ങളുടെ ഫസ്റ്റ്‌നൈറ്റ്. ചാണകം മെഴുകിയ തറ ചന്ദനക്കട്ടില്‍. ഓലപ്പായ പൂമെത്ത. ഞങ്ങള്‍ കാതോടു കാതോരം. പ്രണയമൊഴി പ്രതീക്ഷിച്ച എന്നോട് അവള്‍ പറഞ്ഞു: 'നമുക്കു വലുതാവണം. ആ വലിപ്പം അയല്‍വാസികള്‍ കാണാതിരിക്കാന്‍ വന്‍മതില്‍ കെട്ടണം’. എന്റെ തലയ്ക്കുള്ളില്‍ ഐസ് കട്ട. പാക്കുളം ജംഗ്ഷനിലെ സ്റ്റാര്‍ തട്ടുകട എന്റേതാണ്. കിട്ടുന്നതില്‍ കൂടുതലും കരുതിവയ്ക്കണമെന്ന് എന്റെ വാമഭഗവതിയുടെ കല്‍പ്പന. സ്ഥലം വാങ്ങണം. നല്ല വീടു കെട്ടണം; മാളിക പോലെ. മൊത്തത്തില്‍ അവളുടെ വീട്ടുകാരേക്കാള്‍ അടിപൊളിയാവണം, തട്ടുകടയുടെ തൊപ്പിയില്‍ ഏഴു നക്ഷത്രങ്ങളെങ്കിലും വേണം. കല്യാണം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോള്‍ എന്റെ കണങ്കാലുകളില്‍ വേദന. മൂന്നാംകണ്ണുകൊണ്ടു നോക്കിയപ്പോള്‍ കാലുകള്‍ ചങ്ങല കൊണ്ട് ബന്ധിച്ചിരിക്കുന്നു. ഒരാഴ്ച കൂടി കഴിഞ്ഞപ്പോള്‍ കൈകളില്‍ തരിപ്പും കടച്ചിലും. അകക്കണ്ണു കൊണ്ടു നോക്കിയപ്പോള്‍ കൈകളില്‍ വിലങ്ങ്. വീണ്ടും ഒരാഴ്ച കഴിഞ്ഞപ്പോള്‍ കഴുത്തില്‍ ഒരു മുറുക്കം. മനക്കണ്ണുകൊണ്ടു നോക്കിയപ്പോള്‍ എന്നെ തൂക്കിലേറ്റിയിരിക്കുന്നു; ചത്തിട്ടില്ല. ഇത്, ജീവിതം തീരെഴുതിയതിന്റെ നാലാമാഴ്ചയാണ്. ഇന്നിതാ തട്ടുകട പൂട്ടിവന്നപ്പോള്‍ എന്റെ ചക്കര ഒരു കലിത്തോഴി. കല്യാണം കഴിഞ്ഞ ആദ്യയാഴ്ച അവളെന്നെ രക്തബന്ധങ്ങളില്‍ നിന്നും അകറ്റി. അപ്പോഴാണ് എന്റെ കാലുകളില്‍ ചങ്ങല വീണത്. രണ്ടാമാഴ്ച ചങ്ങാതിമാരുമായി എനിക്ക് ഒരു ബന്ധവും പാടില്ലെന്ന് ആജ്ഞാപിച്ചു. അപ്പോഴാണ് കൈകളില്‍ വിലങ്ങു വീണത്. മൂന്നാമാഴ്ച ഞാനൊരു പണമടിക്കുന്ന യന്ത്രം മാത്രമായാല്‍ മതിയെന്നു പറഞ്ഞു. അപ്പോള്‍ കഴുത്തില്‍ കയറു വീണു. നാലാമാഴ്ച, ഇതാ അവളുടെ കരിങ്കാളിയാട്ടം. ഉറഞ്ഞുതുള്ളിക്കൊണ്ട് അവള്‍ പറഞ്ഞു; 'നിങ്ങളെന്നെ പറ്റിക്കുകയാണല്ലെ. ഞാനറിയാതെ നിങ്ങള്‍, നിങ്ങളുടെ പൊക്കിള്‍ക്കൊടി തിരയുന്നു. റോഡരികിലൂടെ ട്രൗസര്‍ കീറി നടന്നിരുന്ന ഒരു പീറച്ചെക്കനെ തേടുന്നു. ഞാന്‍ ഉറങ്ങിയാല്‍ വിളക്കു കത്തിച്ചിരുന്ന് നിങ്ങള്‍ വായിക്കുന്നു, എഴുതുന്നു. നിങ്ങളെ ഞാന്‍ ശരിയാക്കിത്തരാം’. മുടിയഴിച്ചിട്ട പെരുങ്കാളിയായി അവള്‍ എന്റെ നേരെ വാളോങ്ങി. ഭയന്നുവിറച്ച് ഞാന്‍ പിന്നോട്ടു മാറി. അവള്‍ വാളുകൊണ്ട് ആഞ്ഞുവീശി. എന്നിട്ട് എന്റെ നാവു നീട്ടാന്‍ കല്‍പ്പനയുണ്ടായി. വാളുകൊണ്ട് നാവില്‍ അക്ഷരമെഴുതി അറിവ് ചുരത്താനല്ല, അരിഞ്ഞ് പട്ടിയ്ക്കു കൊടുക്കാന്‍. വലതുകൈ നീട്ടാന്‍ കല്‍പ്പിച്ചു. എഴുത്താണി നല്‍കാനല്ല. വെട്ടിമാറ്റാന്‍. ഇനി രക്ഷയില്ല. എഴുത്തും വായനയും ഭാവനയും കാമനയും വരെ അടിയറ വച്ച്...

മുന്നില്‍ രണ്ടു വഴി. ഒന്നുകില്‍ ആത്മഹത്യ അല്ലെങ്കില്‍ കൊലപാതകം. ഇനി പൊട്ടിത്തെറി തന്നെ ശരണം; സ്വയം നശിക്കാം, മറ്റുള്ളവരെ നശിപ്പിക്കാം. മൂന്നടി പിന്നോട്ടുവച്ച് രണ്ടടി വലത്തുമാറി അവളുടെ നെഞ്ചത്തൊരു കാച്ച്. അതാ മലര്‍ന്നടിച്ചു കിടക്കുന്നു. അവള്‍ എഴുന്നേല്‍ക്കുന്നതിനു മുന്‍പ് മണ്ണെണ്ണ ടിന്നുമായി പുറത്തിറങ്ങി. നൊടിയിട കൊണ്ട് കുടിലിനു തീയിട്ട്, തിരിഞ്ഞു നോക്കാതെ ഓടി; ഭൂമിയുടെ അറ്റത്തേക്ക്. ഒരു അലര്‍ച്ച കേട്ടാണ് ഞാന്‍ തിരിഞ്ഞു നോക്കിയത്. ആയിരം കൈകളില്‍ വാളേന്തി, ചോരനാവുകളും തേറ്റകളും നീട്ടി, പിന്നില്‍ പെരുങ്കാളി.
( കേരളകൗമുദി ആഴ്ചപ്പതിപ്പ്-2010 )

സുരാംഗന്റെ മേല്‍വിലാസം


കെ. എന്‍. സുരേഷ്‌കുമാര്‍


പേര്: സുരാംഗന്‍.വയസ്‌സ്: 55 ജോലി: മുംബൈയിലെ സ്വകാര്യ കമ്പനിയില്‍.ബന്ധങ്ങള്‍: അച്ഛന്‍, അമ്മ, ചേച്ചി, അനുജന്‍. സഹോദരങ്ങള്‍ വിവാഹിതര്‍.സുരാംഗന്റെ പ്രത്യേകത: അവിവാഹിതന്‍, നാടു വിട്ടിട്ട് കാല്‍ നൂറ്റാണ്ട്. രക്തബന്ധങ്ങളുമായി ബന്ധമില്ലാതായിട്ട് 15 വര്‍ഷം. കാരണം കുടുംബ പ്രശ്‌നങ്ങള്‍.ജീവിതം കൊണ്ട് പഠിച്ചത്: ബന്ധങ്ങള്‍ക്ക് പുല്ലുവില. ഇപ്പോള്‍: ഒരു തിരിച്ചു വരവ്. ഏതോ ഒരു ഉള്‍വിളി.
ഇല്ലിപ്പാലം. ഏച്ചിക്കുളങ്ങര... പിള്ളപ്പടി...ജനിച്ചു വളര്‍ന്നതെങ്കിലും മറവിയുടെ കറ പറ്റിയ സ്ഥലങ്ങള്‍. അവയ്ക്കു പതുക്കെ ജീവന്‍ വയ്ക്കുന്നു. മുക്കിന് മുക്കിന് സ്‌റ്റോപ്പ്.
സുരാംഗന്‍ യാത്ര ചെയ്യുകയാണ്. തറവാട്ടിലേക്ക്.
വാല്‍ക്കുളം.സ്‌കൂള്‍, കോളേജ് പഠനകാലത്തും പിന്നീടും സുരാംഗന്റെ 'സ്വന്ത’മായിരുന്ന ബസ് സ്‌റ്റോപ്പ്. അയാളുടെ സ്വപ്നങ്ങള്‍ക്കും നോവുകള്‍ക്കും സാക്ഷിയായ കനാല്‍പ്പാലം ഇപ്പോഴും അങ്ങനെതന്നെ...
സുരാംഗന്‍ ചിന്തിച്ചു തുടങ്ങി... അയാളുടെ യാത്രാവിവരണം നമുക്ക് വായിക്കാം. സുരാംഗന്റെ കാഴ്ചകള്‍ നമുക്കും കാണാം; ആത്മഗതങ്ങള്‍ക്ക് കാതോര്‍ക്കാം...


എവിടേക്കൊക്കെ ഞാന്‍ ബസ്‌സും ട്രെയിനും കയറി! മെട്രോ സിറ്റികളില്‍ ജീവിച്ചപ്പോഴും വാല്‍ക്കുളത്തെ കനാല്‍പ്പാലത്തെ മറന്നില്ല. ചങ്ങാതിമാരുടെ കൂടെയിരുന്ന് വിപ്‌ളവം പറഞ്ഞത് ആ കനാല്‍പ്പാലത്തിലിരുന്നാണ്. ഒരു കൊതി ഉള്ളിലുണ്ടായിരുന്നു. നാടു വിട്ടെങ്കിലും എപ്പോഴെങ്കിലും തിരികെ വരണമെന്ന്. ഗൃഹാതുര സ്മരണകളില്‍ ഇന്നും നിറം മങ്ങാതെ നില്‍ക്കുന്ന പലതും വീണ്ടെടുക്കണമെന്ന്. പഴയതുപോലെ അമ്മ വിളമ്പിത്തരുന്ന വെള്ളച്ചോറില്‍ മോര് ഒഴിച്ച് കണ്ണിമാങ്ങയും കൂട്ടി ഉണ്ണണമെന്ന്... കണ്ണിമാങ്ങ കാശുകൊടുത്താല്‍ കിട്ടുമായിരിക്കും. എന്നാല്‍ അമ്മ തരുന്നതുപോലെ ആവില്ല; ഒന്നും.
ഏറെ കാലത്തെ ഇടവേളയ്ക്കു ശേഷം പഴമകളുടെ ഉപ്പുഭരണിയിലേക്ക് ഒരു തിരിച്ചുപോക്കിന് കാലം വന്നിരിക്കുന്നു. ഇനി ഇങ്ങനെ ഒരു ദിവസം വരില്ലായിരിക്കാം. ഒന്നിനും ഒരു ഉറപ്പും ഇല്ലല്ലോ. സംഭവിക്കുന്നതൊന്നും പ്രതീക്ഷിച്ചതു പോലെയുമല്ല. എങ്കിലും ജീവിതത്തില്‍ മനുഷ്യര്‍ സുഖം കണ്ടെത്തുന്നുണ്ട്.
വാല്‍ക്കുളത്ത് ബസ്‌സിറങ്ങി ചുറ്റും കണ്ണോടിച്ചു. അവിടെ കണ്ട കാഴ്ചകള്‍ അമ്പരപ്പിക്കുന്നതായിരുന്നു. പഴയ വാല്‍ക്കുളം ആയിരുന്നില്ല അത്. വല്ലാത്ത മാറ്റങ്ങള്‍... വാല്‍ക്കുളം ബസ് സ്‌റ്റോപ്പിനടുത്ത അമീറിന്റെ പെട്ടിക്കടയൊന്നും കാണാനില്ല. പകരം ഒരു ഷോപ്പിംഗ് കോംപ്‌ളക്‌സ്. ആകാശം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന ആ കെട്ടിടത്തിന് എത്ര നിലയുണ്ടെന്ന് ഒറ്റനോട്ടത്തില്‍ പറയാന്‍ ബുദ്ധിമുട്ട്. ഷോപ്പിംഗ് കോംപ്‌ളക്‌സിന് അടുത്തായി ഒരു അപ്പാര്‍ട്ട്‌മെന്റും കാണാം. ഇതിന്റെ ഗമ ഷോപ്പിംഗ് കോംപ്‌ളക്‌സിന്റേതില്‍ നിന്നും ഒട്ടും കുറയില്ല. ഒറ്റനോട്ടത്തില്‍ത്തന്നെ കാണത്തക്കവിധം അതിന്റെ തലമണ്ടയില്‍ ഒരു കൂറ്റന്‍ ബോര്‍ഡും; ' അമീര്‍ അപ്പാര്‍ട്ട്‌മെന്റ്‌സ്’.


അടുത്തുള്ള സ്ഥലങ്ങളെല്ലാം അമീര്‍ പൊന്നുംവിലക്ക് എടുത്തിരിക്കും. എന്നിട്ടായിരിക്കും ബഹുനില മന്ദിരം പണിതത്. മുന്‍പ് ഗള്‍ഫിലായിരുന്നു അയാള്‍. പിന്നീട് നാട്ടില്‍ വന്ന് പെട്ടിക്കട തുടങ്ങി. മരക്കച്ചവടവും ഉണ്ടായിരുന്നു. തറവാട്ടില്‍ അന്നം മുട്ടുന്ന ഘട്ടങ്ങള്‍ വരുമ്പോള്‍ തൊടിയിലെ മരങ്ങളെല്ലാം വില്‍ക്കാറുണ്ടായിരുന്നു. അമീറാണ് വാങ്ങിയിരുന്നത്. മരങ്ങളുടെ വിലയിലും വിലപേശലിലുമൊന്നും എന്റെ തറവാട്ടുകാര്‍ക്ക് വലിയ പിടിപാടൊന്നും ഉണ്ടായിരുന്നില്ല. ഈ വിവരക്കേട് അമീര്‍ മുതലെടുത്തിട്ടുണ്ട്. മുതലെടുപ്പില്‍ അമീര്‍ മാത്രമാണോ ഉണ്ടായിരുന്നത്? അല്ല. വേലി തന്നെ വിളവു തിന്നു. തറവാട്ടുവക ഒരു സിവില്‍ക്കേസ് ഉണ്ടായിരുന്നു. കേസ് ജയിച്ചാല്‍ 'സ്വര്‍ഗ്ഗം’ കിട്ടുമെന്ന് അമ്മാവന്‍ അമ്മയെ വിശ്വസിപ്പിച്ചു. കിട്ടുന്നതെല്ലാം ഊരി. ഉടപ്പിറന്നതല്ലേ എന്നു കരുതി അമ്മ സ്വന്തമായുണ്ടായിരുന്നതെല്ലാം കൊടുത്തു. അമ്മാവന്റെ ഭാഗം നേരത്തേ കൊടുത്തിരുന്നു. തനിക്കു കിട്ടിയ ഭാഗത്തില്‍ നിന്നാണ് അമ്മ അമ്മാവനെ സേവിച്ചത്. രക്തബന്ധത്തിന്റെ മറ പിടിച്ച് മുടിയനായ അമ്മാവന്‍ ഒരു 'ബിസിനസ്’ നടത്തി. അതില്‍ അയാള്‍ ജയിച്ചു. അമ്മ തോറ്റു. തറവാട് കുളം തോണ്ടി. പേരുകേട്ട തറവാടിന്റെ അടിക്കല്ലെങ്കിലും ബാക്കിവെക്കാനായാല്‍ മതിയെന്നു കരുതി ഞാന്‍ നാടുവിട്ടു. ചേച്ചിയുടെ കല്യാണം ഞാന്‍ നാട്ടിലുള്ളപ്പോള്‍ത്തന്നെ കഴിഞ്ഞിരുന്നു. അനുജന്റേത് പിന്നീടും. ഒഴുക്കിലും ചുഴിയിലും പെട്ട് പിന്നെ എന്തെല്ലാമോ സംഭവിച്ചു. വര്‍ഷങ്ങളോളം വീടുമായി ഒരു ബന്ധവും പുലര്‍ത്താനാവാത്ത സ്ഥിതി വരെ ഉണ്ടായി. തറവാട് നന്നാക്കാന്‍ ഇറങ്ങിത്തിരിച്ച എനിക്ക് എവിടെയൊക്കെയോ തെറ്റു പറ്റിയിരുന്നുവോ? ഈ നന്നാക്കല്‍ ചിന്തതന്നെ തെറ്റ് ആയിരുന്നില്ലേ? 'സ്വന്തം കാര്യം സിന്ദാബാദ്’ എന്നു കരുതിയാല്‍ മതിയായിരുന്നു. എനിക്ക് ലക്ഷ്യം നേടാനായില്ല. സ്വയം രക്ഷപ്പെട്ടുമില്ല. കുറേക്കാലമായി തറവാട്ടിലേക്ക് തിരിഞ്ഞുനോക്കാനും കഴിഞ്ഞില്ല. എന്നെ എല്ലാവരും പഴിക്കുന്നുണ്ടാവും. പഴിക്കാം. ആര്‍ക്കും ആരേയും. എപ്പോഴും എന്തിനും.


അമീര്‍ അപ്പാര്‍ട്ട്‌മെന്റ്‌സില്‍ നിന്നും കണ്ണെടുത്ത് തറവാട്ടിലേക്ക് പോകേണ്ട പാതയിലേക്ക് നോക്കി. മലമ്പുഴ കനാല്‍വരമ്പിനു മുകളിലൂടെയുള്ള പഴയ ചെമ്മണ്‍പാതയുടെ സ്ഥാനത്ത് ടാര്‍ ചെയ്ത വീതിയേറിയ റോഡ്. എപ്പോഴെങ്കിലും ഒരു സൈക്കിള്‍ പോയാല്‍ത്തന്നെ അത് അത്ഭുതമായിരുന്ന ആ പാതയിലൂടെ സാന്‍ട്രോയും ഇന്‍ഡിക്കയും ക്വാളിസുമൊക്കെ ചീറിപ്പായുന്നു. എന്തൊരു പുരോഗതി! എന്തൊരു വേഗം! തറവാട് സ്ഥിതി ചെയ്തിരുന്ന പാണ്ടിക്കാട് പണ്ടൊരു ഓണംകേറാമൂല ആയിരുന്നു. ഇന്ന് പാണ്ടിക്കാട് എന്ന് ബോര്‍ഡ് വച്ച് ധാരാളം സര്‍ക്കാര്‍ ബസ്‌സുകളും സ്വകാര്യ ബസ്‌സുകളും സര്‍വീസ് നടത്തുന്നു. ബസ്‌സില്‍ കയറി പോയാലോ എന്ന് ആലോചിച്ചു. വേണ്ട. പഴയതുപോലെ നടന്നു പോകാം. എന്റെ പുതിയ നാടിനെ ശരിക്കും കാണുകയും ചെയ്യാം. റോഡരികിലുള്ള പഴയ കുടിലുകളും ചെറുവീടുകളുമെല്ലാം കോണ്‍ക്രീറ്റ് സൗധങ്ങളായിരിക്കുന്നു. ചാണകം മെഴുകിയ തറക്കു പകരം വീടുകള്‍ക്കുള്ളില്‍ വെണ്ണക്കല്ലുകള്‍ പതിച്ചിരിക്കുന്നു. പാതക്ക് ഇരുവശവും ഉണ്ടമസൂരിയും ഐ. ആര്‍. എട്ടും വിളഞ്ഞിരുന്ന വയലുകള്‍ കാണാനില്ല. അവയുടെ സ്ഥാനത്തും കോണ്‍ക്രീറ്റ് വീടുകള്‍... കെട്ടിടങ്ങള്‍... ടെലിവിഷന്‍ കേബിള്‍ നെറ്റ്‌വര്‍ക്കിന്റെ വയറുകള്‍... നെറ്റ്‌വര്‍ക്കിന്റെ ഒരു ലോകം... ഒക്കെ ഒരു വലയത്തിലോ വലയിലോ ആണ്. ആനക്കോട് പഞ്ചായത്ത് കിണറിനു സമീപം വലിയൊരു വാട്ടര്‍ടാങ്ക് കാണുന്നു. ഇടിഞ്ഞുപൊളിഞ്ഞു കിടക്കാറുള്ള കിണറായിരുന്നു അത്. എങ്കിലും വേനല്‍ക്കാലത്ത് വെള്ളം കിട്ടാതാവുമ്പോള്‍ ആനക്കോട്, പ്രദേശത്തുള്ളവര്‍ ഈ കിണറിനെയാണ് ആശ്രയിച്ചിരുന്നത്. കിലോമീറ്ററുകള്‍ നടന്ന് പാടംവഴി വീട്ടമ്മമാര്‍ കുടിവെള്ളം കൊണ്ടുപോയിരുന്നത് ഇവിടെ നിന്നുമാണ്. പണ്ട് ഞാനും ഇവിടെ നിന്ന് തോളത്ത് കുടവും പേറി വെള്ളം കൊണ്ടുപോയിട്ടുണ്ട്. ആരെങ്കിലും കണ്ടാല്‍ നാണക്കേടാണെന്നു കരുതി രാത്രിയിലായിരുന്നു ഈ അഭ്യാസം. വെള്ളം കോരാന്‍ അമ്മയും ചേച്ചിയും അനുജനുമൊക്കെ ഉണ്ടാവും. ഇപ്പോള്‍ കിണര്‍ നന്നാക്കി ആള്‍മറ കെട്ടിയിരിക്കുന്നു. ആനക്കോടിന്റെ കുടിവെള്ളക്ഷാമം തീര്‍ന്നുകാണും. ആനക്കോടിനും ആലിലക്കാടിനും ഇടയ്ക്ക് നിറയെ വയലുകളായിരുന്നു. ആനക്കോട് തോടു കഴിഞ്ഞാല്‍ പാടം തുടങ്ങും. പാടവരമ്പുകളില്‍ നിറയെ കരിമ്പനകള്‍. കള്ളുചെത്തു തൊഴിലാളികളുടെ ജീവിതം ഈ കരിമ്പനകളെ ആശ്രയിച്ചായിരുന്നു. അവരുടെ ജീവിതത്തിന് പനങ്കള്ളിന്റെ മണമാണ്; അവരുടെ മക്കള്‍ക്കും. എന്നാല്‍ ഇപ്പോള്‍ കരിമ്പനകളും കാണാനില്ല. പനങ്കള്ളിന്റെ മണമുള്ള ജീവിതങ്ങള്‍ക്ക് എന്തു പറ്റിയിട്ടുണ്ടാവും? ചെത്തുകാരായ ബാലനും പുനീന്ദ്രനുമൊക്കെ എന്തു ചെയ്തിട്ടുണ്ടാവും? ബാലന്‍ ഒരിക്കല്‍ പനയുടെ മുകളില്‍ നിന്ന് രക്തം ഛര്‍ദ്ദിച്ചത് എനിക്ക് ഓര്‍മ്മ വന്നു. ഏതു വിധേനയോ താഴെയിറങ്ങിയ ബാലനെ നാട്ടുകാര്‍ ചേര്‍ന്ന് എടുത്തുകൊണ്ടാണ് ആശുപത്രിയില്‍ എത്തിച്ചത്. ചെത്തുകത്തിയും കള്ളിന്‍കുടവുമായി പുനീന്ദ്രന്‍ പാടവരമ്പിലൂടെ നടന്നു പോകുന്നതു പോലെ എനിക്കു തോന്നി. എന്റെ ചങ്ങാതിയുടെ അച്ഛനാണ് പുനീന്ദ്രന്‍. നിറഞ്ഞൊഴുകിയിരുന്ന ആനക്കോട് തോട് കണ്ണീര്‍ച്ചാലുപോലെ ആയിരിക്കുന്നു. മഴക്കാലത്ത് തോടിനു കുറുകെയുള്ള നിലംപതിപ്പാലം കവിഞ്ഞ് വെള്ളമൊഴുകും. പാലത്തില്‍ നിറയെ കുഴികളുമുണ്ടാവും. തോട് കടക്കാന്‍ പ്രത്യേക വൈദഗ്ദ്ധ്യം വേണം. തോടു കടക്കുമ്പോള്‍ ഉടുത്തതൊക്കെ നനയും. കുട്ടികളെ മുതിര്‍ന്നവര്‍ തോളിലേറ്റി തോടുകടത്തും. പാടത്തു പണിയെടുക്കുന്ന പെണ്ണുങ്ങള്‍ മുണ്ടു തെറുത്ത് അര വരെ കയറ്റി തോടു കടന്ന് പണിക്കു പോകും. നല്ല ഒഴുക്കുണ്ടാവും. എത്ര വെള്ളത്തിലും തോടു കടക്കാന്‍ അന്നമ്മ കേമിയാണ്. 'അവള്‍ ഒരു ആണിനെപ്പോലെയാണ്’- പലരും പറയുമായിരുന്നു. അതുകൊണ്ടാണോ അവളെ കെട്ടാന്‍ ആരും വരാതിരുന്നത്? തോട്ടില്‍ വെള്ളം കുറഞ്ഞെങ്കിലും അതിന് ഇരുവശവുമുള്ള കൈതകള്‍ പോയകാലത്തിന്റെ അടയാളം പോലെ നില്‍പ്പുണ്ട്. പരിസ്ഥിതി സ്‌നേഹികള്‍ ഇടപെട്ടതുകൊണ്ടാണോ എന്തോ കൈതകളെ കാലന്‍ തൊട്ടിട്ടില്ല. നടന്ന് സോമന്റെ വീടെത്തി. മുന്‍പ് പാണ്ടിക്കാട്ടുണ്ടായിരുന്ന ആകെയുള്ളൊരു ടെറസ്‌സ്‌വീട് സോമന്റേതായിരുന്നു. ചെളി പുരണ്ട ഒരു തോര്‍ത്തുമുണ്ടു മാത്രം ഉടുത്തു നടന്നിരുന്ന കൃഷിക്കാരനായ സോമനെ കണ്ടാല്‍ കാല്‍ക്കാശിന് കൊള്ളില്ല. ടെറസ്‌സുപണി തുടങ്ങിയപ്പോള്‍ പലരും പറഞ്ഞിരുന്നു; 'അവന്റെ കൈയില്‍ പൂത്ത കാശുണ്ട്’. സോമന്റെ വീട് വലിയ മാറ്റങ്ങളൊന്നുമില്ലാതെ നില്‍ക്കുന്നു. കാലം മാറിയതോടെ പാടത്തു നിന്നുള്ള വരവ് കുറഞ്ഞല്ലൊ. വീട് മുഷിഞ്ഞിരിക്കുകയും ചെയ്യുന്നു. വീടിനു മുന്നില്‍ സോമന്‍ കെട്ടിയിട്ട് പരിപാലിച്ചിരുന്ന കേഴമാന്‍ ഇപ്പോഴില്ല. ചത്തുപോയിരിക്കും. സോമനെ വീട്ടുമുറ്റത്ത് കണ്ടില്ല. സാധാരണ ആ പരിസരത്തൊക്കെ കാണാറുള്ളതാണ്. അയാള്‍ക്ക് എന്തുപറ്റിയോ ആവോ? സോമന്റെ വീടു കഴിഞ്ഞാല്‍ ചെറിയൊരു കുന്നാണ്. ആ കുന്നിനു മുകളില്‍ റോഡ് ഇടത്തോട്ടു തിരിയുന്നിടത്താണ് എന്റെ തറവാട്. അവിടേക്കു നടന്നു. പഴയ ഓട്ടുപുരയ്ക്കു പകരം അവിടെ ഒരു കമ്പനി വന്നിരിക്കുന്നു. മുള്ളുവേലി കെട്ടിയിരുന്ന തൊടിക്കു ചുറ്റും ഇപ്പോള്‍ കൂറ്റന്‍ മതിലും അതിനു മുകളില്‍ കമ്പിവേലിയും. ഞാന്‍ കഷ്ടപ്പെട്ടു കെട്ടിയുണ്ടാക്കിയ കുട്ടിമതിലും ചെറിയ ഇരുമ്പു പടിയുമൊന്നും കാണുന്നില്ല. അയല്‍വാസികളുടെ ഓട്ടുപുരകളെല്ലാം കോണ്‍ക്രീറ്റ് വീടുകളായിരിക്കുന്നു. അവയ്ക്കിടയില്‍ ഒരു ഓട്ടുപുര കണ്ടു. പാണ്ടിക്കാട്ടിലെ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍. യാത്രയില്‍ ഞാന്‍ ആകെ കണ്ട ഒരേയൊരു ഓട്ടുപുരയാണത്. ആ വീട്ടുമുറ്റത്ത് പടര്‍ന്നു നില്‍ക്കുന്ന ഒരു മൂച്ചിയുമുണ്ട്. അതില്‍ നിറയെ മാങ്കുലകള്‍. എല്ലാം കണ്ണിമാങ്ങ പരുവത്തിലുള്ളവ. മനസ്‌സ് പിന്നെയും കണ്ണിമാങ്ങപ്പരുവത്തില്‍ അമ്മയുടെ അടുത്തെത്തി. അമ്മ വിളമ്പിത്തരുന്ന വെള്ളച്ചോറും കണ്ണിമാങ്ങയും... കൈപ്പുണ്യമുള്ളവര്‍ കണ്ണിമാങ്ങയുണ്ടാക്കിയാല്‍ അളിയാതെ കൂടുതല്‍ കാലം ഇരിക്കും. മായം ചേര്‍ക്കാത്ത കണ്ണിമാങ്ങ. എന്റെ അമ്മയ്ക്ക് കൈപ്പുണ്യമുണ്ടായിരുന്നു. അത് നാട്ടില്‍ പാട്ടായിരുന്നു. 'ഇത്തിരി കണ്ണിമാങ്ങവെള്ളം തരുമോ കുട്ട്യേ’- എന്നു ചോദിച്ച് അയലോക്കത്തെ മാളു വേലിക്കല്‍ വരാറുള്ളത് ഓര്‍ത്തു. മാളുവിന് ആ കണ്ണിമാങ്ങ വെള്ളം മതി. ഓണസദ്യയായി.
റോഡിലൂടെ ചെറുപ്പക്കാര്‍ നടന്നുപോകുന്നുണ്ട്. അവരുടെ കൈയിലെ മൊബൈല്‍ ഫോണുകളില്‍ പാട്ടുപാടുന്നു. എഫ്. എം. റേഡിയോ ആണ്. അവരുടെ ഭാവിയും സ്വപ്നങ്ങളും ഏതാനും പാട്ടുകള്‍ അകലെയാണെന്ന് എനിക്ക് തോന്നി. കമ്പനിപ്പടി വഴി ജോലിക്കാര്‍ വന്നും പോയുമിരിക്കുന്നു. അവരുടെ കൈകളില്‍ ലാപ്‌ടോപ്പ്. ചിലരൊക്കെ ഫുള്‍ സ്യൂട്ടിലാണ്. യാത്ര കാറിലും. ഈശ്വരാ, ഇത് പാണ്ടിക്കാട് തന്നെയാണോ? ആ നാടന്‍ പേര് ഈ നാടിനിന്ന് ഒട്ടും ചേരില്ല.


കമ്പനിയില്‍ ഷിഫ്റ്റ് അറിയിക്കാനുള്ള സൈറണ്‍ മുഴങ്ങി. എന്റെ ഉളളില്‍ ശൂന്യതയുടെ മുഴക്കം; തലകറക്കം. പരിചയമുള്ള മുഖങ്ങളൊന്നും കാണുന്നില്ല. പരിചയക്കാരെല്ലാം ചത്തോ കെട്ടോ പോയിട്ടുണ്ടാകും. കാല്‍നടക്കാരില്‍ ചിലര്‍ എന്നെ അപരിചിതനെപ്പോലെ നോക്കുന്നു. എന്റെ തറവാടിനെ കുറിച്ചോ, രക്തബന്ധങ്ങളെ കുറിച്ചോ ആരോടാണ് ചോദിക്കുക? റോഡരികില്‍ കുറച്ചുനേരം ശങ്കിച്ചുനിന്നു. ഒടുവില്‍ സമീപത്തുള്ള ഒരു ഷോപ്പില്‍ കയറി ചോദിച്ചു. അപ്പോഴാണ് അറിഞ്ഞത്; തറവാട്ടു വീട് വര്‍ഷങ്ങള്‍ക്കു മുന്‍പ് വിറ്റുപോയെന്ന്. തറവാട്ടിലുണ്ടായിരുന്നവര്‍ എവിടെ പോയെന്ന് ഷോപ്പുടമക്ക് അറിയില്ല. തലക്കകത്ത് ഒന്നുമില്ലാത്തതു പോലെ തോന്നി. ഞാന്‍ കുറച്ചുനേരത്തേക്ക് നിശ്ചിന്തനായി. മനസ്‌സ് പൊള്ളയായി. ഒരു യോഗിയെപ്പോലെ ഞാന്‍ നിസ്‌സംഗനായി. തുടര്‍ന്നുള്ള അന്വേഷണം കൊണ്ട് ഒരു ഫലവുമുണ്ടാവില്ലെന്ന തോന്നലാണ് എനിക്കുണ്ടായത്. ഓട്ടുപുരയുടെ പടിയില്‍ ചാരിയിരിക്കുന്ന ഒരമ്മയും അമ്മയുടെ മടിയില്‍ കിടന്ന് പാതയോരത്തുള്ള മാഞ്ചോട്ടിലെ കണ്ണിമാങ്ങകളെ തിരയുന്ന ഒരാണ്‍കുട്ടിയും എന്റെ ഓര്‍മ്മകളെ ഉണര്‍ത്തി. അമ്മയുടെ കൈപ്പുണ്യമുള്ള കൈകളെ മറക്കാത്ത മകന് കണ്ണിമാങ്ങകളേയും കൊതിയോടെ ഓര്‍ക്കാതിരിക്കാനായില്ല. നഷ്ടമായതൊന്നും ഇനി തിരിച്ചുകിട്ടില്ലെന്ന അറിവ്. മടക്കയാത്രയെക്കുറിച്ച് ചിന്തിച്ചപ്പോള്‍ മനസ്‌സ് നാട്ടിന്‍പുറത്തിന്റെ നന്‍മയെത്തന്നെ പുണര്‍ന്നുകൊണ്ടിരുന്നു. അറിയാതെ കണ്ണു നിറഞ്ഞു. തൂവാലയെടുത്ത് കണ്ണു തുടച്ചു; മുഖവും. വിയര്‍പ്പിലും കണ്ണീരിലും തൂവാല നനഞ്ഞു. ഒന്നു മുഖം കഴുകണം. മുടി ചീകിയൊതുക്കണം. മുഖത്തെ ഒരു മുഖംമൂടിയാക്കി മാറ്റിയെടുക്കണം. തൊട്ടടുത്തു കണ്ട മെന്‍സ് ബ്യൂട്ടി പാര്‍ലറില്‍ കയറി. കണ്ണട മാറ്റിവച്ച്, മുഖം നനഞ്ഞ ടവല്‍ കൊണ്ട് അമര്‍ത്തിത്തുടച്ചു. നര കയറിയ മുടി മറച്ചു ചീകി കണ്ണാടിയില്‍ നോക്കിനിന്നു. പ്രായം കുറയുന്നോ? പഴകിയ ഒരു ഫോട്ടോ പഴ്‌സില്‍ നിന്നെടുത്ത് വീണ്ടും നോക്കി. പോയകാലം ഒരിക്കലും തിരിച്ചു വരില്ലെന്നും നൊമ്പരമായി അവയെന്നും മനസ്‌സില്‍ കുടിയിരിക്കുമെന്നും അമ്മ പറഞ്ഞത് എത്ര ശരി. അന്ന് അമ്മ അയച്ചുതന്നെ പെണ്‍കുട്ടിയുടെ ചിത്രം നിഴലിന്റെ രൂപത്തില്‍ ഞാന്‍ എന്തിനാണ് വര്‍ഷങ്ങള്‍ കൊണ്ടുനടന്നത്. അറിയാത്ത പ്രണയത്തിന്റെ സ്മരണയായോ? അതോ, അമ്മയുടെ നിറവേറാത്ത മോഹത്തിന്റെ അടയാളമായോ? കുറ്റബോധത്തോടെ ആ ചിത്രത്തിന്റെ ഉടമയെ തിരയാന്‍ മനസ്‌സ് വെമ്പി. എല്ലാം നിഷ്ഫലമാണെന്ന് അറിയാം. എങ്കിലും മനസ്‌സില്‍ വരച്ചുവച്ചിരുന്ന ആ ചിത്രം എന്നോടൊപ്പം കുസൃതിക്കുട്ടന്‍മാരുമായി ചേര്‍ന്നിരുന്ന് കണ്ണിമാങ്ങ കൂട്ടി വെള്ളച്ചോറ് ഉണ്ണാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.
( കേരളകൗമുദി ആഴ്ചപ്പതിപ്പ്-2010)

ജന്‍മം തീരാധാരം

കെ. എന്‍. സുരേഷ്‌കുമാര്‍


ആ പെണ്‍പ്രേമിയായ പെണ്ണിനെ ഞാന്‍ കണ്ടിട്ടില്ല. എനിക്ക് അവളെപ്പറ്റി നേരിട്ട് അറിയില്ല. എന്നാല്‍ എന്റെ ചങ്ങാതി മുരാരി അവളെ കണ്ടിട്ടുണ്ട്. അവള്‍ക്ക് പറയാനുള്ളതെല്ലാം കേട്ടിട്ടുണ്ട്. അവര്‍ ഒരുമിച്ച് യാത്ര ചെയ്തിട്ടുമുണ്ട്. അവളുടെ ആവശ്യപ്രകാരം ആ ലെസ്ബിയന് മുരാരി മദ്യം വാങ്ങിക്കൊടുത്തിട്ടുണ്ട്. ഒരിക്കല്‍ ഒരു അര്‍ദ്ധരാത്രി മദ്യപിച്ച് ലക്കുകെട്ട അവളെ എത്തേണ്ടിടത്ത് എത്തിക്കാന്‍ എന്റെ കൂട്ടുകാരന്‍ കുറേ പാടുപെട്ടിട്ടുണ്ട്; എനിക്കറിയാം. മദ്യസേവാ വേളകളില്‍ അവള്‍ അവളെത്തന്നെ തൊലിക്കാന്‍ തുടങ്ങും. ഉള്ളി തൊലിക്കുന്നതു പോലെ. ഉള്ളിയില്‍ തൊലിക്കാന്‍ തൊലി മാത്രമേ ഉള്ളൂ. അവളുടെ ആ സ്വയം തൊലിക്കല്‍ ഒരു അച്ചനോടുള്ള കുമ്പസാരം പോലെയാണ്. അവളും മുരാരിയും നല്ല ചങ്ങാതിമാരാണ്. അയാള്‍ അവളെ മറ്റുള്ളവരെ പോലെ ഒരു പോക്കുകേസായി കാണുന്നില്ല. പൊതുനിരത്തുകളില്‍, അസമയങ്ങളില്‍ ഇവരെ ഒരുമിച്ച് കാണുന്ന പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. മുരാരിയുടെ പെണ്ണിടപാടുകള്‍ എന്ന് മറ്റു ചങ്ങാതിമാര്‍ അടക്കം പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. എന്നാല്‍ എനിക്ക് അയാളെ അറിയാം. തന്റെ ലെസ്ബിയന്‍ അനുഭവങ്ങള്‍ വിശദമായിത്തന്നെ മുരാരിയോട് അവള്‍ പറഞ്ഞിട്ടുണ്ട്. കോപ്പിവര പോലെയുള്ള രണ്ടു സമാന്തര രേഖകള്‍ക്കിടയിലൂടെ പാളം തെറ്റാതെ കടന്നുപോകുന്ന ട്രെയിനല്ല, മുരാരിയുടെ ജീവിതം. പാളങ്ങള്‍ക്ക് ഇരുവശവുമുള്ള കാടുകള്‍ അയാള്‍ ശ്രദ്ധിക്കുന്നു. ഇരുട്ടറ പോലുള്ള ചുരങ്ങളിലൂടെയുള്ള ട്രെയിന്‍ യാത്രകളില്‍ അയാള്‍ കണ്ണടയ്ക്കുന്നില്ല. ഉറങ്ങുന്നില്ല. പാളങ്ങളുടെ ഓരങ്ങളിലുള്ള അപഥസഞ്ചാരങ്ങള്‍ മുരാരി കാണുന്നു. പെണ്ണുങ്ങളുടെ അപഥസഞ്ചാരങ്ങളെ അടച്ച് ആക്ഷേപിക്കുന്നതിനു മുന്‍പ് വെട്ടിയവളും കൊണ്ടവളും ആരെന്ന് അന്വേഷിക്കുന്നതാണ് അയാളുടെ ശൈലി. ലെസ്ബിയനുകളുടെ ഒരു നല്ല ചങ്ങാതിയാണ് മുരാരി. അവരുടെ ലോകം അറിയാനും അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും വെമ്പുന്ന ഒരു മനസ്‌സ് അയാള്‍ക്കുണ്ട്. ചിലപ്പോഴൊക്കെ അവരോട് സഹതപിക്കാറുമുണ്ട്. മുരാരിയെ പോലെയല്ലെങ്കിലും ഞങ്ങള്‍ ചില സമാന്തര ചിന്തകള്‍ പങ്കുവയ്ക്കാറുണ്ട്. ഔദ്യോഗിക യാത്രകള്‍ക്കിടെ തികച്ചും അപ്രതീക്ഷിതമായ ഞങ്ങളുടെ കണ്ടുമുട്ടലുകള്‍ കൊച്ചിയിലോ തിരുവനന്തപുരത്തേു ഒക്കെ ആയിരിക്കും. ചിലപ്പോള്‍ ഇപ്പോഴത്തെ യുവതീ, യുവാക്കളുടെ ലിബറല്‍ ജീവിതത്തെക്കുറിച്ച് ചര്‍ച്ച ചെയ്യും. മറ്റു ചിലപ്പോള്‍ ലെസ്ബിയനുകളെ കുറിച്ച്, റിയാലിറ്റി ഷോകളെ കുറിച്ച്, അര്‍ദ്ധരാത്രി കൊച്ചി നഗരത്തിലൂടെ ഒറ്റക്ക് വണ്ടിയോടിച്ചു പോകുന്ന ചെറുപ്പക്കാരികളെ കുറിച്ച്, യുവതീ, യുവാക്കള്‍ ഒത്തുചേര്‍ന്ന് മദ്യലഹരിയില്‍ ലൈംഗിക സ്വാതന്ത്ര്യത്തെപ്പറ്റി ചര്‍ച്ച ചെയ്യുന്നതിനെ കുറിച്ച്, ചിലപ്പോള്‍ നേരംകെട്ട നേരത്ത് പെരുവഴിയില്‍ നടത്തുന്ന ഇത്തരം ചര്‍ച്ചകള്‍ക്കിടെ പൊലീസ് ഇവരെ പന്താടുന്നതിനെക്കുറിച്ച്, ഗര്‍ഭനിരോധന ഗുളികകള്‍ സ്ഥിരമായി ഹാന്റ്ബാഗില്‍ കൊണ്ടുനടക്കുന്ന അവിവാഹിതകളെ കുറിച്ച്, ഇത്തരത്തിലുള്ള ചില സ്വാതന്ത്ര്യങ്ങളെ സംരക്ഷിക്കുന്ന അഭിഭാഷകരെ കുറിച്ച്... പൊതുവായി തുടങ്ങിയ ചര്‍ച്ചകള്‍ അന്ന് എത്തിനിന്നത് ആ പെണ്‍പ്രേമിയിലാണ്.

മുരാരി അവളെപ്പറ്റി ദീര്‍ഘമായി സംസാരിച്ചു. മുരാരി പറഞ്ഞ ആ കഥ: അല്ല, ജീവിതം എന്റെ മനസ്‌സിനെ മുറിപ്പെടുത്തി. നേരിട്ടറിയുന്നതിനപ്പുറം മൂടുപടങ്ങളില്‍ ഒളിപ്പിച്ച ജീവിതത്തിന്റെ മറുപുറങ്ങള്‍ എന്നെ അന്ധാളിപ്പിച്ചു. ഇനി അവളെപ്പറ്റി ഞാന്‍ എന്തെങ്കിലും പറയുന്നത് അനുചിതമാണെന്നു തോന്നുന്നു. അല്ലെങ്കില്‍ത്തന്നെ എനിക്ക് വാക്കുകള്‍ മുറിഞ്ഞുതുടങ്ങിയതുപോലെ. ഇനി മുരാരി പറയട്ടെ: ' എനിക്കറിയില്ല, സുരേഷ്. നമ്മള്‍ ആരെയാണ് കുറ്റം പറയുക. ഒരു ലെസ്ബിയന്‍ അങ്ങനെ ആവുന്ന സാഹചര്യം. കുറേക്കാലം പെണ്ണ് പെണ്ണിനെ പ്രേമിക്കുമ്പോള്‍ കിട്ടുന്ന ആനന്ദം. അനുഭൂതി. രതിസുഖം. എന്നാല്‍ അതിലും അവര്‍ ഉറയ്ക്കാതെ പിന്നെയും എന്തോ അന്വേഷിച്ചുപോകുന്നു. ആണിനെ വെറുത്ത് പെണ്ണിനെ പ്രേമിച്ചുതുടങ്ങി ഒടുവില്‍ പെണ്‍രതിയുടെ ആഴങ്ങളും മടുത്ത് ഒരു പ്രതികാരമെന്നോണം ആണുങ്ങളിലേക്കു തന്നെ തിരിഞ്ഞുപോയ ഒരു ലെസ്ബിയനെ എനിക്ക് അറിയാം. വളരെ അടുത്തറിയാം. ലെസ്ബിയനിസത്തിന്റെ ലിബറല്‍ വഴികള്‍ അവളെക്കൊണ്ടെത്തിച്ചത് ലൈംഗിക അരാജകത്വത്തിലാണ്. വകയിലുള്ള ഒരാളുടെ വിക്രിയകളാണ് അവളെ സ്വവര്‍ഗ്ഗത്തിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചത്. വെളുത്ത് കൊലുന്നനെയുള്ളൊരു പെണ്ണ്. മെലിഞ്ഞ മുഖം. നനുത്ത ചുണ്ടുകള്‍. കണ്ണുകളില്‍ പ്രതീക്ഷ വറ്റിയ ജീവിതത്തിന്റെ കണ്ണാടി. ആ കണ്ണാടിയില്‍ നോക്കി അവളുടെ മനസ്‌സ് വായിക്കാം. അവളെ കണ്ടാല്‍, പൊതുവെ ഒരാണിന് ഒന്നും തോന്നിയെന്നു വരില്ല. അങ്ങനെ തോന്നാന്‍ മാത്രമുള്ള പെണ്‍ശരീരമായിരുന്നില്ല അവള്‍ക്ക്. ഡിഗ്രി പൂര്‍ത്തിയാക്കിയില്ല. ജീവിതത്തില്‍ എടുക്കാന്‍ ആഗ്രഹിച്ച ഡിഗ്രി അവള്‍ക്ക് കിട്ടിയതുമില്ല. അച്ഛനും അമ്മയുമൊന്നും വീട്ടില്‍ ഇല്ലാതിരുന്ന ഒരു രാത്രിയിലാണ് അവളുടെ ദേഹത്ത് പെരുമ്പാമ്പ് ഇഴഞ്ഞത്. അയാളും അവളും മാത്രം വീട്ടില്‍. ഉറക്കെ നിലവിളിച്ചാല്‍ പോലും ആരും കേള്‍ക്കാത്ത രാത്രിയുടെ മൗനം. അവളത് ഒട്ടും പ്രതീക്ഷിച്ചതല്ല. പെരുമ്പാമ്പിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ അവള്‍ക്ക് കഴിഞ്ഞില്ല. നിലവിളിച്ചപ്പോള്‍ വായില്‍ തുണി കുത്തിത്തിരുകി. തള്ളിമാറ്റാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ അവളുടെ കൈകളെ കട്ടിലില്‍ ബന്ധിച്ചു. അവളുടെ ഉടയാടകള്‍ പറിഞ്ഞുപോയി. മേശമേല്‍ വച്ചിരുന്ന ഒരു അലങ്കാരച്ചില്ലുപാത്രം അപ്പോള്‍ താഴെ വീണുടഞ്ഞു. സ്വപ്നങ്ങളില്‍, വെള്ളക്കുതിരപ്പുറത്ത് അവളെ കെട്ടാന്‍ വരാറുള്ള മണവാളന്റെ സുന്ദരവിഗ്രഹം തലകീഴായി വീണ് ചിതറി. രതിസുഖത്തിന്റെ കണിക പോലും അവള്‍ക്ക് കിട്ടിയില്ല. പറയാനാവാത്ത ദേഹവേദന. മനോരോഗത്തില്‍ മുങ്ങുമെന്ന അവസ്ഥയില്‍ മനോവേദന. നന്നായി പാട്ടുപാടാറുള്ള അവളുടെ ഗാനപ്പറവകളുടെ ചിറകുകള്‍ അറ്റു. ആ വേദന പിന്നേയും അവള്‍ക്ക് തിന്നേണ്ടിവന്നു. പലതവണ. ആരോട് പറയും? അമ്മയോടോ? അതോ അയാളെ കണ്ണടച്ചു വിശ്വസിക്കുന്ന അച്ഛനോടോ? അങ്ങനെ ഉണ്ടായിട്ടില്ലെന്ന് സമര്‍ത്ഥിക്കാന്‍ ആ വിത്തുകാള മിടുക്കനാണ്. അവളുടെ ജീവിതനന്‍മയ്ക്കായി അച്ഛനും അമ്മയ്ക്കും കുറേ വാഗ്ദാനങ്ങള്‍ അയാള്‍ നല്‍കിയിട്ടുമുണ്ടായിരുന്നു. എല്ലാം തുറന്നു പറഞ്ഞാലും കേവലം ഗൃഹനീതി പോലും അവള്‍ക്ക് കിട്ടിയെന്നു വരില്ല. അവളുടെ പഠനകാലമായിരുന്നു അത്. കീറ്റ്‌സും ഈറ്റ്‌സും ഷെല്ലിയുമൊക്കെ കൗമാരസങ്കല്‍പ്പങ്ങള്‍ക്ക് പറവകളെ നല്‍കിയ കാലം. അവളുടെ ആകാശത്ത് പ്രണയം മുടി കോതിയൊതുക്കിയിരുന്നു. മുഗ്ദ്ധ പ്രണയത്തിന്റെ മാറ്റൊലി കരള്‍ച്ചില്ലകളില്‍ ചേക്കേറിയിരുന്നു. അപ്പോഴാണ് ആ ചില്ലുപാത്രം പൊട്ടിപ്പോയത്. അവള്‍ മൗനിയായി. അത് അവളുടെ സ്വഭാവത്തിന്റെ ഭാഗമായി. 'ഈ പണ്ണിന് എന്തുപറ്റി’? എന്ന വീട്ടുകാരുടെ ചോദ്യശരങ്ങള്‍ക്കു മുന്നില്‍, പറ്റിയതു പറയാനാവാതെ അവള്‍ ചുണ്ടുകള്‍ പൂട്ടി. ആരോടെങ്കിലും പറഞ്ഞില്ലെങ്കില്‍ തനിക്ക് ഭ്രാന്തുപിടിക്കുമെന്ന് അവള്‍ക്ക് ഏതാണ്ട് ഉറപ്പായി.

ഒരു മനോരോഗ വിദഗ്ദ്ധന്റെ പക്കല്‍ തന്റെ ആദ്യ ലൈംഗികാനുഭവം വിവരിക്കുന്നതിനേക്കാള്‍ നല്ലത്, തന്റെ സഹപാഠിയോട് പറയുന്നതാണ്. അവളുടെ കൂട്ടുകാരി; ഗാഥ. അവളോട് ഒരിക്കല്‍ എല്ലാം പറഞ്ഞു. പറഞ്ഞുകൊണ്ടിരിക്കെ അവള്‍ കരഞ്ഞു. കേട്ടുകൊണ്ടിരുന്ന ഗാഥയും. ഗാഥ അവളെ ആശ്വസിപ്പിച്ചു. മെലിഞ്ഞ കവിളുകളിലൂടെ ചാലിട്ടൊഴുകിയ കണ്ണീര്‍, ഗാഥ തന്റെ മെലിഞ്ഞു നീണ്ട വിരലുകള്‍ കൊണ്ട് തുടച്ചെടുത്തു. ആശ്വാസത്തിന്റെ മന്ത്രച്ചരടുകള്‍ പോലെ ഗാഥയുടെ കൈപ്പത്തി അവളുടെ കൈപ്പത്തിയില്‍ കെട്ടുകളിട്ടു. ഒരു പെരുമഴ പോലെ നിറുത്താതെ കരഞ്ഞ അവളെ ഗാഥ മാറോടണച്ചു. ഗാഥയുടെ മാറിന്റെ ചൂടില്‍ അവള്‍ തല ചായ്ച്ചു കിടന്നു. മനസ്‌സിന്റെ ഭാരം ഒഴിയുന്നതുപോലെ. തലച്ചോറിലെ കടന്നല്‍ക്കാറ്റ് മന്ദമാരുതനാവും പോലെ. രണ്ടു ശരീരങ്ങളാണെന്നത് ഇരുവരും മറന്നു. കൗമാരലോകത്ത് അനുരാഗത്തിന്റെ ഒരു പുതുലോകം അവര്‍ക്കിടയില്‍ മൊട്ടിട്ടു വളര്‍ന്നു. പിങ്ക് നിറത്തിലുള്ള ഒരു പ്രണയക്കൊട്ടാരം. പെണ്‍രതിയുടെ ചുവപ്പുകൊട്ടാരം. അവിടെ ഇരുവരും രാജകുമാരികളായി. സുഖനോവുകളില്‍ അവരുടെ ശരീരവും മനസ്‌സും പരസ്പരപൂരകങ്ങളായി. അത്താണികളായി. വീട്ടില്‍ കിട്ടാത്തത് അവര്‍ക്കിടയില്‍ ലഭ്യമായി. മനോമോഹങ്ങള്‍ പ്രഫുല്ലമായി. 'ങാ... കുഴപ്പമില്ല. വരൂ. നമുക്കൊരു കാപ്പി കുടിച്ചിട്ടു വരാം. എന്നിട്ട് ബാക്കി പറയാം’. എന്റെ അഭ്യര്‍ത്ഥന മുരാരി നിരസിച്ചു. എന്നിട്ട് അവളുടെ കഥ തുടര്‍ന്നു: 'പ്രശ്‌നങ്ങള്‍ ഇവിടെ തീര്‍ന്നെന്ന് സുരേഷ് കരുതരുത്. ഭൂമിയില്‍ ഒരാളും മറ്റൊരാള്‍ക്കുള്ള പൂര്‍ണ്ണ ചേര്‍ച്ചയല്ല. പൊട്ടിമുളയ്ക്കുന്ന അനുരാഗനദികള്‍ പലതായി പിരിയുന്നത് ഞാന്‍ എത്രയോ കണ്ടിട്ടുണ്ട്. വര്‍ഷങ്ങളോളം ഗാഥയുമായുള്ള അവളുടെ പ്രണയം കൊടുമ്പിരിക്കൊണ്ടു. പ്രണയമോ സ്‌നേഹമോ കാമമോ എന്തുമാവട്ടെ, മനസ്‌സില്‍ മുളച്ചുതുടങ്ങുമ്പോള്‍ അതേപ്പറ്റി നമ്മള്‍ കുറേ സങ്കല്‍പ്പങ്ങള്‍ മെനയും. ഭാവനയില്‍ ചിത്രവര്‍ണ്ണക്കൊട്ടകകള്‍ കെട്ടും. അവിടെ താമസിച്ചുതുടങ്ങുമ്പോള്‍ ആകാശവും ഭൂമിയും കീഴടക്കിയതുപോലെ തോന്നും. കണ്ണടച്ച്, ചുണ്ടോടണച്ച് ആവോളം മധു നുകരും. എന്നാല്‍... ക്രമേണ അതിനോടുള്ള നമ്മുടെ കൗതുകം നശിച്ചുതുടങ്ങും. അതോടെ പ്രശ്‌നങ്ങള്‍ തല പൊക്കുകയായി. കൗതുകം നശിക്കുമ്പോള്‍ നിസ്‌സാര കാര്യങ്ങളെ ചൊല്ലി പോലും ശണ്ഠയിടും. ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ മനുഷ്യബന്ധങ്ങളില്‍ ഇത് സംഭവിക്കുന്നുണ്ട്. ഇത് മനസ്‌സിന്റെ പ്രശ്‌നമാണ്; മനോഭാവത്തിന്റേയും. ജീവിതത്തില്‍ സ്ഥിരതയുള്ള സുഖമാണ് നമ്മള്‍ അന്വേഷിക്കുന്നത്. മനസ്‌സിന്റെ സ്വഭാവം നോക്കുമ്പോള്‍ ലോകത്തുള്ള ഒന്നും മനുഷ്യന് സ്ഥിരസുഖം നല്‍കുന്നതല്ല. പിന്നെ, ഒരു പരിധിവരെയെങ്കിലും അതു നേടാനാവുക മനോകാമനകളുടെ ഒരു ബാലന്‍സിലൂടെയാണ്. ഈ സന്തുലിതാവസ്ഥ നേടിയെടുക്കല്‍ ഒരു ഞാണിന്‍മേല്‍ക്കളി പോലെയാണ്. പലരും താഴെവീഴാറാണ് പതിവ്. നമ്മുടെ പെണ്‍പ്രേമിക്കും ഗാഥയ്ക്കുമിടയില്‍ സംഭവിച്ചതും അതുതന്നെ. ഞാണ്‍ പൊട്ടിയ വില്ലു പോലെ അവര്‍ രണ്ടു ധ്രുവങ്ങളിലായി’. ശാന്തനായി മുരാരി പറയുന്നതെല്ലാം കേട്ടുകൊണ്ടിരിക്കുകയായിരുന്നു ഞാന്‍. ഇടയ്ക്ക് അയാള്‍ പറഞ്ഞ ദാര്‍ശനിക പാഠങ്ങള്‍ എനിക്ക് ഇഷ്ടമായി. വേദാന്തം എനിക്ക് പണ്ടേ ഇഷ്ടമാണ്. മനസ്‌സ് നിയന്ത്രണം വിടുമ്പോള്‍ ഞാന്‍ വേദാന്തം വായിക്കാറുണ്ട്. കുറേ പറഞ്ഞുകഴിഞ്ഞപ്പോള്‍ മുരാരിയും ശാന്തനായി. പിന്നെ കുറേനേരം മിണ്ടാതിരുന്നു.

' മുരാരിക്ക് ഇനിയൊന്നും പറയാനില്ലേ? നിങ്ങളും ഞാണ്‍ പൊട്ടിയ വില്ലു പോലെ ആയോ’? ഒന്നു നീട്ടി ശ്വസിച്ചുകൊണ്ട് മുരാരി മൗനം മുറിച്ചു. ' ഞാന്‍ പറഞ്ഞല്ലൊ, സുരേഷ്. മനുഷ്യമനസ്‌സ് സുസ്ഥിരസുഖത്തിനു വേണ്ടിയുള്ള നിഗൂഢാന്വേഷണമാണ് നടത്തുന്നത്. ഇതാണ് അന്വേഷിക്കുന്നതെന്ന് അതു ചെയ്യുന്നവര്‍ പോലും അറിയാറില്ല. അറിയുന്നവര്‍ വളരെ ചുരുക്കം. ഗാഥ കല്യാണം കഴിച്ച് അവളുടെ പാട്ടിനുപോയി. അവളെപ്പറ്റി ഇവള്‍ പിന്നെ അന്വേഷിച്ചില്ല. അന്വേഷിച്ചത് പ്രണയത്തിന്റേയും രതിയുടേയും സ്ഥിരസുഖമാണ്. ഗാഥ പോയപ്പോള്‍ അവള്‍ മറ്റു ചില പെണ്ണുങ്ങളില്‍ അഭയം തേടി. എന്നിട്ടും അന്വേഷിച്ചതു കിട്ടിയില്ല. പിന്നെ പെണ്ണുങ്ങളെ വിട്ട് പുരുഷന്‍മാരിലേക്ക് ചേക്കേറി. ഒന്നില്‍ കൗതുകം നശിക്കുമ്പോള്‍ മറ്റൊന്ന്. അങ്ങനെ... അവളുടെ രാത്രിസഞ്ചാരവും മദ്യപാനവും പതിവായി. പല സ്ഥലങ്ങളില്‍, പല ടൂറിസ്റ്റു ഹോമുകളില്‍... കിടക്കകള്‍ക്കൊപ്പം കൂടെ കിടക്കുന്നവരും മാറിക്കൊണ്ടിരുന്നു. അവള്‍ കൂടുകള്‍ മാറിയത് പണത്തിനു വേണ്ടിയല്ല. അതുകൊണ്ട് അവളൊരു വേശ്യയല്ല. പ്രണയത്തിലൂടേയും രതിയിലൂടേയും ലെസ്ബിയന്‍ സെക്‌സിലൂടേയും സ്ഥിരമായ അഭയമാണ് അവള്‍ തേടിയത്. തന്നെ കട്ടിലില്‍ ബന്ധിച്ച് കാര്യം നേടിയ ആദ്യത്തെ ആണിനോടുള്ള മധുര പ്രതികാരമായാണ് അവള്‍ മറ്റു പുരുഷന്‍മാരെ മാറിമാറി കൂടെ കിടത്തിയത്. അവള്‍ അവരില്‍ രതിസുഖത്തിന്റെ പാരമ്യം തിരയുകയായിരുന്നു. വലിയൊരു ഇടവേളയ്ക്കു ശേഷം പിന്നീടവളെ കണ്ടത് യാദൃച്ഛികമായി, ഒരു ബസ് യാത്രക്കിടെയാണ്. സീറ്റില്‍ എന്റെയടുത്ത് ഒട്ടും സങ്കോചമില്ലാതെ ഒരു പെണ്ണു വന്നിരുന്നു. അല്‍പ്പം അമ്പരപ്പോടെ നോക്കിയപ്പോള്‍ അത് അവളായിരുന്നു. കണ്ടതിലുള്ള സന്തോഷം പങ്കുവയ്ക്കുന്നതിന്റെ ഭാഗമായി അവളെന്റെ തുടയില്‍ തല്ലി. സംസാരിക്കാന്‍ തുടങ്ങി. അതിനിടെ അവള്‍ പറഞ്ഞു; ' എടാ... മുരാരീ, ഞാനാകെ പ്രശ്‌നത്തില്‍ പെട്ടിരിക്കുകയാണ്. ഒരു പോംവഴി? ആലോചിച്ചിട്ട് പിടികിട്ടുന്നില്ല. ആശുപത്രിയില്‍ പോകാന്‍ ഒരു മടി’. എന്താ പ്രശ്‌നമെന്ന് ഞാന്‍ ചോദിച്ചു. ' എടാ, വല്ലവന്റേയും കൂടെക്കിടക്കുന്ന പെണ്ണുങ്ങള്‍ക്ക് ഉണ്ടാവുന്ന സൂക്കേടു തന്നെ. ഈ മാസം മെന്‍സസ് ആയിട്ടില്ല. കെട്ടിയവന്‍ ഇല്ലല്ലൊ. ചൂണ്ടിക്കാട്ടാന്‍ ഒരുത്തന്‍ ഇല്ലാതെ ആശുപത്രിയില്‍ പോകാന്‍ ഒരു മടി. ഇതു കളയാന്‍ എന്താടാ മാര്‍ഗ്ഗം. വല്ല നാടന്‍ വഴിയുമുണ്ടോ? അങ്ങനെ കേട്ടിട്ടുണ്ട്’. ' എന്തോ, എനിക്കറിയില്ല’– അല്‍പ്പം നീരസം കലര്‍ത്തി ഞാന്‍ പറഞ്ഞു. സാമാന്യം ഉച്ചത്തിലുള്ള സംസാരം കേട്ട് ബസ്‌സിലെ സഹയാത്രികര്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അത്തരത്തില്‍ അവള്‍ സംസാരിക്കുന്നത് എനിക്ക് ഇഷ്ടപ്പെട്ടില്ല. അല്‍പ്പം 'മൂഡി’ലായിരുന്നതു കൊണ്ട് സഹയാത്രികരൊന്നും അവള്‍ക്കൊരു പ്രശ്‌നമായിരുന്നില്ല. തമ്മില്‍ കാണാതിരുന്ന ഇടവേളയിലെ വിശേഷങ്ങള്‍ മുഴുവന്‍ ഒരു മാരത്തണ്‍കഥ പോലെ അവള്‍ പറഞ്ഞു തീര്‍ത്തു. പിന്നെ കാണാമെന്നു പറഞ്ഞ് ഞാന്‍ കൊച്ചിയില്‍ ഇറങ്ങാനിരുന്നതാണ്. തടഞ്ഞുകൊണ്ട് അവള്‍ പറഞ്ഞു; ' വേണ്ടെടാ... നീ എന്റെ കൂടെ വായോ. ആശുപത്രിയിലേക്ക്. ഡോക്ടര്‍ ചോദിക്കുമ്പോള്‍ എനിക്ക് നിന്റെ നേര്‍ക്ക് വിരല്‍ ചൂണ്ടാമല്ലൊ. എപ്പോഴും നീ എന്റെ കൂടെ നിന്നിട്ടില്ലേ’? ഒരു ദുര്‍ബലാവസ്ഥയിലുള്ള പെണ്ണിന്റെ അഭ്യര്‍ത്ഥന തള്ളാന്‍ തോന്നിയില്ല. അവളേയും കൂട്ടി ആശുപത്രിയില്‍ ചെന്ന് ഡോക്ടറെ കണ്ടു. ഡോക്ടറുടെ ചോദ്യത്തിന് അവള്‍ എന്റെ നേര്‍ക്ക് വിരല്‍ ചൂണ്ടി. ഞാന്‍ അവളുടെ പിറക്കാത്ത കുഞ്ഞിന്റെ തന്തയായി. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കുറേസമയത്തെ വിശ്രമം. പിന്നെ, അവളെ കൂട്ടിക്കൊണ്ടുപോയി ഭക്ഷണം വാങ്ങിക്കൊടുത്തു. അവള്‍ക്കു വേണ്ടി അടുത്ത വണ്ടിക്ക് കൈ കാണിച്ചു. ബസ്‌സില്‍ കയറാന്‍ നേരം അവളെന്റെ കൈകളില്‍ അമര്‍ത്തിപ്പിടിച്ചു. വിടാന്‍ മടിയ്ക്കുന്നതു പോലെ. വിടല്ലേ എന്നു പറയും പോലെ. അപ്പോള്‍ അവളുടെ കണ്ണുകള്‍ നനഞ്ഞിരുന്നു; എന്റേയും’.
(കഥ മാസിക- ഏപ്രില്‍ 2010)

Friday, September 24, 2010

കഥയുടെ 50 വര്‍ഷം മുണ്ടൂര്‍ സേതുമാധവന്‍


കല്ലടിക്കോടന്റെ മാനസപുത്രന്‍


കെ. എന്‍. സുരേഷ്‌കുമാര്‍


മഞ്ഞുകൊണ്ട് മുഖം പാതി മറച്ച പുലരിപ്പെണ്ണ്. അവളുടെ വശ്യതയിലേക്ക് പത്തായപ്പുരയില്‍ നിന്നും ഇറങ്ങി നടക്കുന്ന ഒരാള്‍. പ്രഭാതങ്ങളില്‍ പതിവായി നടക്കുന്ന ഈ നാട്ടുമ്പുറത്തുകാരന്റെ പേര് മുണ്ടൂര്‍ സേതുമാധവന്‍. ലോഹ്യം പറയുന്നവര്‍ ഉണ്ടാവാറുള്ള വഴികളില്‍ നിന്നും മാറിയുള്ള ഈ നടത്തം, വെറും നടത്തമല്ല. തന്നോടുതന്നെ സംസാരിച്ചുകൊണ്ടുള്ള നടപ്പാണ്. സ്വയം അന്വേഷിച്ച്, തന്റെ ഉള്ളിലെ ഗ്രാമവഴികളിലൂടെയുള്ള നാട്ടുനടപ്പ്. മുണ്ടൂര്‍ സേതുമാധവന്റെ കഥകളിലെല്ലാം ചന്തും പൊന്തയുമുള്ള വഴികളിലൂടെ സ്വയം തിരഞ്ഞുകൊണ്ട് നടക്കുന്ന ഒരു ഗ്രാമീണനെ കാണാം; നാറാണത്തുഭ്രാന്തനെ പോലുള്ള ഒരു സത്യാന്വേഷിയെ. അത് മറ്റാരുമല്ല, പാലക്കാട്ടെ തനി മുണ്ടൂരുകാരനായ ഈ മനുഷ്യനാണ്. കോണ്‍ക്രീറ്റ് എടുപ്പുകളിലേക്ക് വഴിമാറിയ പാലക്കാട് പട്ടണത്തില്‍ തന്റെ പത്തായപ്പുര പൊളിക്കാനാവാത്ത 'സെന്റിമെന്റ്‌സിന്റെ’ ഉടമയാണ് മുണ്ടൂര്‍ സേതുമാധവന്‍; കഥയിലും ജീവിതത്തിലും. മേട്ടുപ്പാളയം സ്ട്രീറ്റിലെ 'അക്ഷര’യുടെ വീട്ടുമുറ്റത്ത് ഗ്രാമവിശുദ്ധിയുടെ തുളസിത്തറയുണ്ട്. ഉള്ളില്‍ ഉമ്മറപ്പടിയുണ്ട്... ചാരുകസാലയുണ്ട്... അതില്‍ കാല്‍നീട്ടിയിരിക്കുന്ന ഒരു കഥാകാരനും. കല്ലടിക്കോടന്‍മല സേതുവിന്റെ മാനസപുത്രനാണല്ലൊ എന്ന് പി. ഗോവിന്ദപ്പിള്ള ഒരിക്കല്‍ പറഞ്ഞിരുന്നു. എന്നാല്‍ തൊട്ടറിയുമ്പോള്‍ കല്ലടിക്കോടന്റെ മാനസപുത്രനാണ് ഈ കഥാകാരനെന്ന് പറയാന്‍ തോന്നും. കഥയുടെ നാട്ടുവഴികളിലൂടെയുള്ള മുണ്ടൂര്‍ സേതുമാധവന്റെ നടപ്പിന് അമ്പത് വയസ്‌സായി. തന്റെ തട്ടകമാണ് എഴുത്തിന്റെ വഴിയെന്നും മുണ്ടൂരിന്റെ ഭാഷയാണ് തന്റെ ഭാഷയെന്നും കരുതുന്ന ഈ 'കല്ലടിക്കോടന്‍’ മുണ്ടൂര് എന്ന പേരില്‍ തന്റെ ഗ്രാമത്തെപ്പറ്റി ഒരു പുസ്തകം എഴുതിയിട്ടുണ്ട്. തൃശൂര്‍ ഗ്രീന്‍ ബുക്‌സാണ് പ്രസാധകര്‍. മുണ്ടൂരും അവിടുത്തെ മനുഷ്യരും പ്രകൃതിയുമാണ് ഈ കൃതിയില്‍. മുണ്ടൂര്‍ കേരളത്തിലെ ഏതൊരു ഗ്രാമവുമാകാമെന്ന് കഥാകാരന്‍. പാലക്കാട്ടെ സാംസ്‌കാരിക കൂട്ടായ്മയായ 'സുഹൃത്ത്’ കഥയില്‍ അമ്പതാണ്ട് തികച്ചതുമായി ബന്ധപ്പെട്ട് മുണ്ടൂര്‍ സേതുമാധവന്റെ രചനകളെപ്പറ്റി പ്രഭാഷണ പരിപാടി നടത്തിയിരുന്നു. കഥാകൃത്തിനെ ആദരിക്കുകയും ചെയ്തു.


അഭിമുഖത്തില്‍ നിന്ന്...


? കഥയുടെ അരനൂറ്റാണ്ട്. എന്തു തോന്നുന്നു.

= മെച്ചപ്പെട്ട സൃഷ്ടികള്‍ക്കു വേണ്ടിയുള്ള അന്വേഷണമനസ്‌സാണ് എഴുത്തുകാരന്റേത്. ആഴമേറിയ ജീവിതാനുഭവങ്ങളെ എന്റേറതു മാത്രമായ രീതിയില്‍ എഴുതിവയ്ക്കാന്‍ 300 ഓളം കഥകളിലൂടേയും അഞ്ചാറ് നോവലുകളിലൂടേയും കഴിഞ്ഞു. വായനക്കാരുടെ വ്യത്യസ്ത കാലങ്ങളിലുണ്ടാകുന്ന പ്രതികരണങ്ങള്‍, പത്രപംക്തികളില്‍ വന്ന നിരൂപണങ്ങള്‍ എന്നിവ ഇതിനെ സാധൂകരിക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി ഏഴാം ക്‌ളാസിലെ മലയാള പാഠാവലിയില്‍ 'അമ്മ കൊയ്യുന്നു’- എന്ന എന്റെ കഥ പഠിപ്പിക്കാനുണ്ട്. അതു വായിച്ച നിരവധി വിദ്യാര്‍ത്ഥികളും അധ്യാപകരും എനിക്കെഴുതിയ കത്തുകളില്‍ കണ്ണീര്‍ വീണ് മഷി പുരണ്ടിരുന്നു. ഇതെല്ലാം ഏതൊരു എഴുത്തുകാരനും ആത്മവിശ്വാസം പകരുന്ന കാര്യങ്ങളാണ്.

? ആദ്യകഥ; അതിന്റെ രചനാനുഭവം.

= ആദ്യകഥ ആകസ്മിക സംഭവമല്ല. ഒന്‍പതാം ക്‌ളാസില്‍ പഠിക്കുമ്പോള്‍ എന്റെ പ്രിയ അധ്യാപകനായിരുന്ന മുഹമ്മദ് മാഷ് നിര്‍ബന്ധിച്ചതു മൂലം ഒരു കഥയെഴുതി. അത് ഒരു മാസിക നടത്തിയ കഥാമത്‌സരത്തില്‍ ഒന്നാം സമ്മാനം നേടുകയും അച്ചടിച്ചു വരികയും ചെയ്തു. എന്നാല്‍ ആദ്യകഥ എന്ന് ഞാന്‍ വിളിക്കാന്‍ ആഗ്രഹിക്കുന്നത് 'തെറ്റ്’ എന്ന പേരില്‍ 1962ല്‍ എഴുതിയ കഥയെയാണ്. മുണ്ടൂര് അന്തംവിട്ടുറങ്ങുന്ന രാത്രിയില്‍ ഒരു ചിമ്മിനി വിളക്കിനു മുന്നിലിരുന്നാണ് ഞാനീ കഥ എഴുതിയത്. കഥയെഴുത്തിനെക്കുറിച്ച് കുറേ വായനാനുഭവങ്ങളല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. ഈ കഥക്ക് നിമിത്തമായത് ഡി. എച്ച്. ലോറന്‍സിന്റെ 'ലേഡി ചാറ്റര്‍ലീസ് ലവര്‍’ ആണ്. ഇംഗ്‌ളീഷിലുള്ള ഈ നോവല്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചു. മനസ്‌സില്‍ പ്രണയം പൂത്തുനില്‍ക്കുന്ന കൗമാരം. ശിരസ്‌സു നിറയെ കഥയുടെ പൊരിവെയില്‍. അന്നു രാത്രി ചിമ്മിനി കെടും മുന്‍പ് മുണ്ടൂരില്‍ ഒരു ജനനം നടന്നു. ദൂരെ സാക്ഷിയായി കല്ലടിക്കോടന്‍ മല മാത്രം. ഞാന്‍ മലയെ നോക്കി മൗനമായി ഉദ്‌ഘോഷിച്ചു; ഒരു കഥാകാരന്‍ ജനിക്കുന്നു.


? 'തെറ്റി’ലെ പ്രമേയം.

= സത്യത്തില്‍ തെറ്റ് എന്ന കഥയില്‍ പ്രണയമുണ്ടായിരുന്നില്ല. തന്റെ സഹപാഠിയായ സുഹൃത്തിന്റെ വീട്ടില്‍ രോഗിയായ ചെറുപ്പക്കാരന്‍ എത്തുകയാണ്. സഹപാഠിയുടെ ഭാര്യയെ കണ്ടപ്പോള്‍ ചെറുപ്പക്കാരന്‍ ഞെട്ടിപ്പോയി. ഇനി അവിടെ നില്‍ക്കാന്‍ വയ്യല്ലോ എന്ന വേവലാതിയില്‍ മനസ്‌സ് അസ്വസ്ഥമാകുമ്പോള്‍ ചെറുപ്പക്കാരന്‍ തന്റെ മനസ്‌സിലെ മഞ്ചാടിക്കുരുക്കളെ വാരിക്കളിച്ചുകൊണ്ട് വീടുവിട്ടിറങ്ങുന്നു. ഈ ചെറുപ്പക്കാരന്റെ കളിക്കൂട്ടുകാരിയായിരുന്നു അവള്‍...


? കഥകളിലെ ഗ്രാമക്കാഴ്ചകള്‍.

= ഏതൊരു എഴുത്തുകാരനും തന്റെ ജന്‍മത്തറയില്‍ നിന്നുകൊണ്ടേ എഴുതാനാവൂ. അതുകൊണ്ടാണ് 'ഞാനെഴുതുന്നത് എന്റെ മുരിങ്ങച്ചോട്ടില്‍ നിന്നാണ്’- എന്ന് ചെറുകാട് എഴുതിയത്. നോബല്‍ സമ്മാനം നേടിയ മാര്‍കേസ് ഒരിക്കല്‍ പറഞ്ഞത് 'ഞാനെഴുതുന്നത് മുഴുവന്‍ എന്റെ കുട്ടിക്കാലത്തെക്കുറിച്ചാണ്’- എന്നാണ്. എന്നെ സംബന്ധിച്ച് എന്റെ ഗ്രാമമാണ് എന്റെ ഇതിവൃത്തവും ഭാഷയും. ഏതു കഥാബീജത്തേയും വികസിപ്പിച്ചെടുക്കാന്‍ അവയെ ഞാന്‍ എനിക്കു വഴങ്ങിക്കിട്ടിയ എന്റെ ഗ്രാമാന്തരീക്ഷത്തിലേക്ക് കൊണ്ടുവരുന്നു. എന്റെ ഗ്രാമാന്തരീക്ഷം അനുവാചക മനസ്‌സില്‍ അയാളുടെ സ്വന്തം ജീവിതാന്തരീക്ഷമായി മാറിവരുമ്പോഴാണ് എന്റെ ഗ്രാമത്തിന് നിലനില്‍പ്പ് ലഭിക്കുന്നത്. ഏഴാം ക്‌ളാസിലെ അമ്മ കൊയ്യുന്നു എന്ന കഥ വായിച്ച തൃശൂരിലെ ആതിര എന്ന കുട്ടി എനിക്ക് എഴുതി: 'സാറിന്റെ കഥ വായിച്ചപ്പോള്‍ എനിക്കെന്റെ അമ്മയോടും അച്ഛനോടും നിമ്മി ടീച്ചറോടും വല്ലാത്ത സ്‌നേഹം തോന്നി’. കഥയിലെ കഥാപാത്രങ്ങളല്ല, മറിച്ച് തന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങളാണ് ആതിരയുടെ മനസ്‌സില്‍ സ്‌നേഹാര്‍ദ്രമായി കയറിയിരുന്നത്. ഒരു കഥയുടെ സാഫല്യം ഇതാണെന്ന് ഞാന്‍ കരുതുന്നു.


? കഥകളിലെ നാട്ടുമ്പുറത്തുകാരന്‍. കഥകളില്‍ അത്തരമൊരാളുടെ ആത്മാംശം.

= സ്വന്തം ആത്മാംശത്തെ വിസ്മരിച്ചുകൊണ്ട് ജീവിതത്തെക്കുറിച്ച് എഴുതുക പ്രയാസമാണ്. റസ്‌ക്കോള്‍ നിക്കോവ് എന്ന സാധാരണ ചെറുപ്പക്കാരന്റെ അന്ത:സംഘര്‍ഷങ്ങളിലൂടെയാണ് ദസ്തയേവ്‌സ്‌കി ക്രൈം ആന്റ് പണിഷ്‌മെന്റ് എന്ന വിശ്വവിഖ്യാതമായ നോവല്‍ എഴുതിയത്. അതിസാധാരണമായ ഒരു ഗ്രാമാന്തരീക്ഷത്തില്‍ ഒരു മനസ്്‌സ, ഒരു മുഖം; വ്രണിതമായ മനസ്‌സിലെ ഒരിടം. ഏത് ലോകോത്തര ജീവിത ദര്‍ശനത്തേയും അപഗ്രഥിക്കാനും അതിന്റെ സ്വതസിദ്ധമായ അന്തരീക്ഷത്തില്‍ പറഞ്ഞുവയ്ക്കാനും ഇതു മതി. കാരണം മനസ്‌സ് ഈ ഭൂമിയെക്കാളും വ്യാപ്തിയുള്ള ഒരു ഭൂമികയാണല്ലൊ.


? പാലക്കാടന്‍ ഭാഷ. രചനകളില്‍ അതിന്റെ സ്വാധീനം.

= എന്റെ ഗ്രാമമായ മുണ്ടൂര് ഒരു അതിര്‍ത്തിഗ്രാമം കൂടിയാണെന്നു പറയാം. പാലക്കാടിന്റേയും വള്ളുവനാടിന്റേയും സ്വാഭാവികമായ ഒരു സാംസ്‌കാരിക സമന്വയം മുണ്ടൂരില്‍ കണ്ടേക്കാം. പാലക്കാട്ടെ ഓരോ സമുദായത്തിനും അവരുടേതായ വാമൊഴി ശൈലികളുണ്ട്. അവയെല്ലാം മനോഹരങ്ങളാണുതാനും. എന്റെ ഗ്രാമത്തേയും ജനങ്ങളേയും നെഞ്ചേറ്റി നടക്കുന്ന ഒരെഴുത്തുകാരനെന്ന നിലയില്‍ കഥയുടെ പശ്ചാത്തലത്തിന് അനുസരിച്ച് ഈ വാമൊഴി രൂപങ്ങളെ അവയുടെ തനിമ ചോര്‍ന്നുപോകാതെ പ്രയോഗിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അങ്ങനെയാവുമ്പോഴെ കഥക്ക് മണ്ണിന്റെ ഗന്ധവും മനുഷ്യന്റെ തുടിപ്പും കാറ്റിന്റെ തേങ്ങലും കല്ലടിക്കോടന്‍ മലയുടെ കരുത്തും ലഭിക്കുകയുള്ളൂ. കഥ ജീവിതത്തിന്റെ അപഗ്രഥനമാവുമ്പോള്‍ ഇത്തരത്തിലുള്ള എഴുത്ത് അനിവാര്യമാണ്.

? ഗ്രാമത്തെ അത്രയേറെ താലോലിക്കുന്നുവല്ലൊ. മുണ്ടൂരിനെപ്പറ്റി.

= മുണ്ടൂര്‍ എന്നും എനിക്ക് പ്രിയപ്പെട്ടതാണ്. അടുത്തുതന്നെ ഗ്രീന്‍ ബുക്‌സില്‍ നിന്നും ഇറങ്ങാനിരിക്കുന്ന എന്റെ കഥാസമാഹാരത്തിന് 'മുണ്ടൂര്’ എന്നാണ് പേര്. മുണ്ടൂര് കഥാപശ്ചാത്തലമായി എന്റെ കഥകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ടെങ്കില്‍ അതിനു കാരണം ഞാന്‍ മുണ്ടൂര്‍ക്കാരനാണ് എന്നതാണ്. രണ്ടാംലോക മഹായുദ്ധത്തിനു ശേഷം മഹാദാരിദ്ര്യത്തില്‍ ആണ്ടുപോയ ഈ ഗ്രാമമാണ് എന്നെ കൈനീട്ടി സ്വീകരിച്ചത്. ഇവിടുത്തെ കരിപുരണ്ട അടുക്കളയില്‍ മൗനത്തില്‍ അടച്ചിട്ട ജന്‍മങ്ങള്‍. പുറത്തുവരാത്ത തേങ്ങലുകള്‍ ഏറ്റുവാങ്ങുന്ന കാറ്റ്. കോളറ വിഴുങ്ങിയ ജന്‍മങ്ങള്‍. നിരക്ഷരതയിലും ദാരിദ്ര്യത്തിലുമാണെങ്കിലും സ്‌നേഹവും സങ്കടവും ക്രോധവും ഇല്ലായ്മകളും പങ്കിടുന്ന ഒരു ജനതയുടെ ആവാസകേന്ദ്രം. രണ്ടാമതായി പറയട്ടെ, മുണ്ടൂര്‍ ഈ നാട്ടിലെ ഓരോ ഗ്രാമത്തിന്റേയും പേരാകുന്നു. ഓരോ ഗ്രാമവും മുണ്ടൂരാകുന്നു. അതുകൊണ്ടാണ് എന്റെ കഥ നിങ്ങളുടെ സ്വന്തം കഥയാകുന്നത്.


? സംഭാഷണത്തില്‍ ഇടക്കിടെ കാറ്റ് കടന്നുവരുന്നു. കഥകളിലും കാറ്റ് ഓടിയെത്താറുണ്ട്.

= ഓരോ കഥാകാരനും തന്റേതായ ഒരു ആഖ്യാനരീതിയുണ്ടാവും. എന്നെ സംബന്ധിച്ച് കുട്ടിക്കാലം മുതല്‍ എന്നെ വിടാതെ മോഹിപ്പിച്ച രണ്ടുമൂന്നു കൂട്ടുകാര്‍ ഉണ്ടായിരുന്നു. ഇരുട്ട്, കല്ലടിക്കോടന്‍ മല, കാറ്റ്. ഇവര്‍ വ്യക്തികളുടെ സ്ഥാനം തന്നെ എന്റെ കഥകളില്‍ കൈക്കൊള്ളുന്നുണ്ട്. ഗ്രാമത്തിലെ എന്റെ പഴയ വീട്ടിലെ ഉമ്മറക്കോലായില്‍ ഉറക്കം വരാതെ ഞാന്‍ കിടന്നിരുന്നു. രാത്രികളില്‍ വടക്കുപുറത്ത് എന്റെ കല്ലടിക്കോടനുണ്ടാവും. കാട്ടുതീ പടര്‍ന്നുപൊങ്ങുന്ന കല്ലടിക്കോട്. എല്ലാ വ്യഥകളും ഏറ്റുവാങ്ങി, മഞ്ഞിന്റെ കണ്ണീര്‍ പൊഴിക്കുന്ന കല്ലടിക്കോടന്‍. ഏതു വറുതിയിലും സാന്ത്വനമായി കാറ്റഴിച്ചുവിടുന്ന കല്ലടിക്കോടന്‍. ഈ കാറ്റില്‍ ഇരുട്ടു തപ്പിത്തടയുന്നത് സുഹൃത്തേ, കാതോര്‍ത്താല്‍ താങ്കള്‍ക്കും കേള്‍ക്കാം. ഇവിടെയെല്ലാം കഥയ്ക്ക് പുതിയ അര്‍ത്ഥവും ശക്തിയും നല്‍കാന്‍ ഈ പ്രതീകങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടാവാം ഒരിക്കല്‍ പി. ജി. പറഞ്ഞു; 'പാലക്കാടിനെക്കുറിച്ച് ഓര്‍ത്താല്‍ എനിക്ക് കല്ലടിക്കോടന്‍ ഓര്‍മ്മ വരും. കല്ലടിക്കോടന്‍ സേതുവിന്റെ മാനസപുത്രനാണല്ലൊ’.


? ജീവിതത്തിലെന്ന പോലെ കഥയിലും കാണാം ഒരു അധ്യാപകനെ.

= ഞാന്‍ 35 വര്‍ഷം അധ്യാപകനായിരുന്നു. ഒരു നല്ല കഥയെഴുതുമ്പോള്‍ കിട്ടുന്ന അതേ സംതൃപ്തിയാണ് ഒരു നല്ല ക്‌ളാസു കഴിഞ്ഞാലും കിട്ടുന്നത്. എനിക്ക് ഏറ്റവും പ്രിയപ്പെട്ട ജോലിയാണ് അധ്യാപനം. റിട്ടയര്‍ ചെയ്ത് ഇത്രയും വര്‍ഷമായിട്ടും ഇപ്പോഴും സ്‌കൂളുകളിലും കോളേജുകളിലും ക്‌ളാസെടുക്കാന്‍ പഴയ അതേ ആവേശത്തോടെ ഞാന്‍ പോകാറുണ്ട്. ഇതു വിശദീകരിക്കാന്‍ ഞാന്‍ ഒരു കഥ പറയാം: എന്റെ ഒരു പത്താം ക്‌ളാസ്. ക്‌ളാസില്‍ 65 കുട്ടികള്‍. സമയം രാവിലെ 8.10. മോര്‍ണിംഗ് ഷിഫ്റ്റിലെ ക്‌ളാസ് തുടങ്ങണം. എനിക്കിനി ഇംഗ്‌ളീഷിലെ വളരെ ഗഹനമായ വോയ്‌സ് ആന്റ് ടെന്‍സ് എന്ന ഭാഗമാണ് പഠിപ്പിക്കാനുള്ളത്. ഞാന്‍ ക്‌ളാസിനെ നോക്കി. അപ്പോഴതാ പിന്‍ബെഞ്ചില്‍ നടുവിലായി കറുത്തുമെലിഞ്ഞ ഒരു കുട്ടിയിരിക്കുന്നു. മുഷിഞ്ഞ വേഷം. പഠിച്ചുപോയ ആരുടേയോ കൈയില്‍ നിന്ന് കടം വാങ്ങിയ പുസ്തകം. പകുതി മാത്രം നിറഞ്ഞ വയര്‍. അവന് ആകെയുള്ള പ്രോപ്പര്‍ട്ടി കത്തുന്ന രണ്ടു കണ്ണുകള്‍ മാത്രം. ഇവനെ കണ്ടതോടെ ഞാനൊരു വെളിച്ചപ്പാടാകുന്നു. പിന്നെ, ഒരു വിറച്ചിലാണ്. അധ്യാപനത്തിന്റെ വിറച്ചില്‍. കുട്ടികളെല്ലാം ഏകാഗ്രചിത്തരായി ഘോരമഴയില്‍ കുടുങ്ങി, നടുങ്ങിയിരിപ്പാണ്. മഴ തോര്‍ന്ന മറ്റേതോ നിമിഷത്തില്‍ ഞാന്‍ വീണ്ടും ആ കുട്ടിയെ നോക്കുന്നു. എന്തുകൊണ്ടാണ് അവന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പുന്നത്? അപ്പോള്‍ ഒരു സത്യം എനിക്ക് പിടികിട്ടി. ആ കുട്ടി ഞാന്‍ തന്നെയാണ്; എന്റെ കുട്ടിക്കാലമാണ്. ഓരോ കുട്ടിയും ഞാന്‍ തന്നെയാണെന്ന തിരിച്ചറിവില്‍ നിന്നു മാത്രമേ, ഒരു നല്ല അധ്യാപകന്‍ പിറക്കുകയുള്ളൂ. ഇവിടെ കഥയും അധ്യാപനവും ഒന്നായിത്തീരുന്നു. എന്റെ എല്ലാ കഥയിലും ഈ കുട്ടിയുടെ അംശം കണ്ടെത്താം. എന്റെ എല്ലാ ക്‌ളാസ്മുറിയിലും ഈ കുട്ടിയുടെ സാന്നിദ്ധ്യം എനിക്ക് പ്രചോദനമാകുന്നു. ഈ പാരസ്പര്യം എന്റെ ജീവിതത്തില്‍ ഏറെ സ്വാധീനിച്ച ഒരു ഘടകമാണ്.


? ജീവിതം; എന്തു തോന്നുന്നു.

= ജീവിതത്തിന്റെ അംശങ്ങളെക്കുറിച്ച് എഴുതുന്ന ആളാണല്ലൊ എഴുത്തുകാരന്‍. ജീവിതത്തെപ്പറ്റി ശുഭാപ്തി വിശ്വാസമുള്ളയാളാണ് ഞാന്‍. ജീവിതത്തിന്റെ എല്ലാ നന്‍മകളേയും തിന്‍മകളേയും ഉള്‍ക്കൊള്ളുകയും ജീവിതത്തിന്റെ പ്രകാശപൂരിതമായ നാളെയെക്കുറിച്ച് സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുകയും ചെയ്യുമ്പോഴാണ് ഏതൊരു രചനയും കാലത്തെ അതിജീവിക്കാനുള്ള കരുത്ത് നേടുന്നത്. ആരും എഴുതിയിട്ടില്ലാത്തതും ആരോ പറഞ്ഞ് തലമുറകള്‍ നെഞ്ചേറ്റി നടന്നതുമായ ഒരു കഥയാണല്ലൊ നാറാണത്തുഭ്രാന്തന്‍. നാറാണത്തുഭ്രാന്തന്‍ ഒരു ഭ്രാന്തന്റെ കഥയല്ലെന്നും അയാള്‍ ഞാന്‍ തന്നെയാണെന്ന തിരിച്ചറിവിലും ജീവിതത്തെ സംയമനത്തോടെ നേരിടാനുള്ള കാഴ്ച്ചപ്പാട് നേടിയെടുക്കുകയും ചെയ്യുമ്പോള്‍ ഒരു കഥ ജീവിതം തന്നെയായിത്തീരുന്നു. മഹത്തായ കൂട്ടായ്മയുടെ ഒരു ജീവിതം ഇവിടെയാണ് തിളക്കമാര്‍ന്ന് നിലകൊള്ളുന്നത്.? അര്‍ഹിക്കുന്നത് ലഭിച്ചോ. എന്താണ് ഏറ്റവും വലിയ അംഗീകാരം.= എന്താണ് അര്‍ഹിക്കുന്നതെന്ന് അറിയില്ല. എന്റെ ഏറ്റവും വലിയ ദു:ഖവും ആഹ്‌ളാദവും എഴുത്താകുന്നു. ഒരു നല്ല കഥയെഴുത്തിത്തീരുമ്പോള്‍, അതു പ്രസിദ്ധീകരച്ചു വരുമ്പോള്‍ ലഭിക്കുന്ന കത്തുകള്‍, ടെലിഫോണ്‍ വിളികള്‍, പ്രസംഗ വേദികളിലെത്തുമ്പോള്‍ കിട്ടുന്ന ആദരങ്ങള്‍... ഇതിലധികം ഒരെഴുത്തുകാരന്‍ എന്താണ് പ്രതീക്ഷിക്കുന്നത്? എന്താണ് പ്രതീക്ഷിക്കേണ്ടത്? ലാഭം മാത്രം മുന്നില്‍ കാണുന്ന ഒരു സാമൂഹ്യക്രമത്തില്‍ നിന്നുകൊണ്ടുതന്നെ ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു: എഴുത്തില്‍ നിന്ന് ഞാന്‍ നേടാന്‍ ആഗ്രഹിക്കുന്നത് എഴുത്ത് മാത്രമാണ്.


മുണ്ടൂര്‍ സേതുമാധവന്‍


1942 ഏപ്രില്‍ പത്തിന് പാലക്കാട് ജില്ലയിലെ മുണ്ടൂരില്‍ ജനിച്ചു. 30 വര്‍ഷത്തിലധികം അധ്യാപകനായിരുന്നു. പ്രധാന കൃതികള്‍: നിറങ്ങള്‍, കലിയുഗം, മരണഗാഥ, ഈ ജന്‍മം, അനസൂയയുടെ സ്വപ്നങ്ങള്‍( നോവലുകള്‍), ആകാശം എത്ര അകലെയാണ്, കേട്ടുവോ ആ നിലവിളി, പൊറാട്ടുചെണ്ട, കവാടങ്ങളില്ലാത്ത മുറി( കഥകള്‍). കലിയുഗം ചലച്ചിത്രമാക്കുകയുണ്ടായി. ആകാശം എത്ര അകലെയാണ് എന്ന കൃതിക്ക് മുണ്ടശേ്ശരി അവാര്‍ഡ് ലഭിച്ചു. സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയിട്ടുണ്ട്. വിലാസം: അക്ഷര, മേട്ടുപ്പാളയം സൗത്ത്, സുല്‍ത്താന്‍പേട്ട, പാലക്കാട്-1 ഫോണ്‍: 9447003489.


വാരാന്ത്യകൗമുദി, ജനുവരി 2010

കെ. എന്‍. സുരേഷ്‌കുമാറിന്റെ 'അമ്മ അലാറമാണ് ’ എന്ന പുസ്തകത്തെ കുറിച്ചുള്ള നിരൂപണം (കലാകൗമുദി)


കാല്‍പ്പനികതക്ക് അപ്പുറത്തെ അമ്മ സങ്കല്‍പ്പം
പ്രൊഫ. ലളിത ലെനിന്‍


കവിതയും കവികളും കാലത്തിന്റെ ആവശ്യമാണോ എന്ന് സംശയിക്കുന്ന ധാരാളം മനുഷ്യരുള്ള ശാസ്ത്രസാങ്കേതികതയുടെ കാലമാണിത്. എന്നിട്ടും കവിത കേള്‍ക്കുമ്പോള്‍ ഒന്നു നില്‍ക്കാനും ശ്രദ്ധിക്കാനും എന്നും ആളുണ്ട് എന്നുള്ളത് ഒരാശ്വാസമാണ്. ഓരോ കവിതയേയും ഏതു ഗണത്തില്‍ പെടുത്തണം എന്നുള്ള പരിശോധനയും പലപ്പോഴും പ്രകടമാവാറുണ്ട്. ഐ. എ. എസ്, എം. ബി. ബി. എസ്. കവികള്‍, ജേര്‍ണലിസ്റ്റ് കവികള്‍, ഭാഷാ അദ്ധ്യാപക കവികള്‍, തെരുവു കവികള്‍ എന്നിങ്ങനെ എത്രതരം? എന്തിനേറെ, ആണിന്റേയും പെണ്ണിന്റേയും കവിതകള്‍ പോലും വേര്‍തിരിച്ച് അടയാളപ്പെടുത്താം. പക്ഷേ ഇതൊക്കെ കവിതക്കും കാവ്യാസ്വാദനത്തിനും ആശാസ്യമല്ല എന്നാണ് നമ്മുടെ തോന്നല്‍. എന്തൊക്കെ പറഞ്ഞാലും അനുഭവം എഴുത്തിന്റെ പശിമയായിരിക്കുന്നിടത്തോളം കാലം കവിതയുടെ ചായക്കൂട്ടുകളില്‍ അതിന്റെയൊക്കെ വൈവിദ്ധ്യങ്ങളും മിന്നിമറയാതെ വയ്യല്ലോ? പത്രപ്രവര്‍ത്തകനായ കെ. എന്‍. സുരേഷ്‌കുമാറിന്റെ 'അമ്മ അലാറമാണ് ’ എന്ന കവിതാസമാഹാരം വായിക്കാന്‍ തുടങ്ങുമ്പോള്‍ അറിയാതെ ചില മുന്‍ധാരണകള്‍ നമുക്കുണ്ടാവുക സ്വാഭാവികം. അമ്മ ഇപ്പോഴും അടിച്ചുകൊണ്ടിരിക്കുന്ന ഒരലാറമാണോ? നിന്നുപോയ ഒരലാറമാണോ? അതോ തികച്ചും യാന്ത്രികമായി സ്പന്ദിച്ചുകൊണ്ടിരിക്കുന്ന സ്‌നേഹ സ്പര്‍ശമില്ലാത്ത ഒന്നാണോ എന്നൊക്കെ ചിന്തിക്കാം. എന്നാല്‍ ഇതൊന്നുമല്ലാതെ, അമ്മസങ്കല്‍പ്പത്തിന്റെ കാല്‍പ്പനികഭംഗിയും പ്രായോഗികജീവിത പ്രയാസങ്ങളും ഒരേ സമയം ആഴത്തില്‍ അറിയുകയും അതിലൂടെ അമ്മ പ്രസവിച്ച മക്കളുടെ നിസ്‌സഹായ രോദനം അനുഭവവേദ്യമാക്കുകയും ചെയ്യുകയാണ് സുരേഷ്‌കുമാറിന്റെ കവിതകള്‍. 23 ചെറുകവിതകളുടെ ഒരു സമാഹാരമാണിത്. അവതാരികയില്‍ കവി രാവുണ്ണി പറഞ്ഞതുപോലെ മൂന്നു തരത്തിലുള്ള പ്രമേയങ്ങളാണ് കവിതകള്‍ക്ക് ആധാരം; പ്രണയം, അമ്മ, സൗഹൃദം. ഇത് മൂന്നും മനുഷ്യജീവിതത്തിന്റെ ഇഴയടുപ്പങ്ങളും ദലമര്‍മ്മരങ്ങളും പ്രകടമാക്കുന്ന വഴികളാണ്. അതിലേറ്റവും ശക്തമായി അനുഭവപ്പെടുത്തുന്നത് അമ്മയെ കുറിച്ചുള്ള കവിതകള്‍ തന്നെ.

പ്രണയത്തെ കുറിച്ചുള്ള ആറു കവിതകള്‍ ഓരോന്നും മധുരോദാരമായ ഒരു കാല്‍പ്പനികഭാവം കൊണ്ട് സുന്ദരമായി തോന്നാം. പക്ഷേ പുതിയ കാലത്തിന് അനുയോജ്യമായി അതിന് നല്‍കുന്ന ഒരു ചെറിയ ട്വിസ്റ്റ് നമുക്ക് തരുന്നത് കൂടുതല്‍ പ്രായോഗികമതിയായ പ്രണയിനിയുടെ ചിത്രമാണ്. ഈ കവിതകളില്‍ പുരുഷന്‍ കൂടുതല്‍ കാല്‍പ്പനികനും സ്ത്രീ കൂടുതല്‍ യുക്തിബോധം ഉള്ളവളുമാണ്. അതുകൊണ്ട് ഇതു വെറും 'സൗന്ദര്യപൂജ’യല്ല, പച്ചയായ ജീവിതത്തിന്റെ യഥാര്‍ത്ഥമുഖം കൂടിയാണ്. 'നീ കണ്ണെഴുതിയിരിക്കുന്നത് തീര്‍ച്ച, എന്നോടുള്ള പ്രണയമഷികൊണ്ടാണ്. ചുണ്ടുകളില്‍ തേച്ചിരിക്കുന്നത് ഉറപ്പ്, എന്റെ ഹൃദയച്ചോപ്പാണ്.’ (അസ്ഥികളിലെ പൂക്കള്‍) 'ഞാന്‍ ചുംബിച്ചത് നിന്റെ മനസ്‌സിലായിരുന്നല്ലോ’ (ഒരു കൈയകലം) 'കമ്പിളിക്കൂട്ടില്‍ നാമൊട്ടിപ്പിടിക്കവേ നീ പറഞ്ഞു, എനിക്കു വിശക്കുന്നു’ (നിന്റെ വിശപ്പ്) ഈ കവിതകളെല്ലാം പുരുഷന്റെ സൗന്ദര്യപൂജ, അഭൗമതലത്തിലേക്ക് ഉയരുമ്പോള്‍ സ്ത്രീ നിര്‍ദ്ദേശിക്കുന്ന കൈയകലം അവനെ ഭൂമിയിലേക്ക് കൊണ്ടുവരുന്നു. ഡെയറിമില്‍ക്ക് എന്ന കവിതയില്‍ കാമുകന്‍ പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ടും കാമുകിയെ ഡെയറിമില്‍ക്കായി പൊതിയുകയാണ്. പക്ഷേ, അതു തന്റെ പ്രണയിനി എങ്ങനെ സ്വീകരിക്കുന്നു എന്ന് കൃത്യമായി, മാര്‍ക്കറ്റിംഗിന്റേയും കണ്‍സ്യൂമറിസത്തിന്റേയും അന്തരീക്ഷത്തില്‍ ആവിഷ്‌ക്കരിക്കുമ്പോള്‍ വായനക്കാരുടെ മനസ്‌സില്‍ സമര്‍ത്ഥയായ കാമുകിയും പ്രണയലോലുപനായ കാമുകനും അവശേഷിക്കുന്നു.

സൗഹൃദത്തിന്റെ ഇഴയടുപ്പവും ഈ കവിതകളില്‍ ശ്രദ്ധേയമാണ്. രണ്ടു പേര്‍, നോവുപാട്ട് എന്നിവ ആത്മസൗഹൃദങ്ങള്‍ ജീവിതത്തിന് എത്ര അനുപേക്ഷണീയമാണ് എന്ന് വ്യക്തമാക്കുന്നു. അമ്മയെക്കുറിച്ചുള്ള കവിതകള്‍ തന്നെയാണ് ഈ സമാഹാരത്തിലെ ഏറ്റവും ശ്രദ്ധേയമായ രചനകള്‍. അമ്മക്കു പകരം പുതിയ കാലം അനിവാര്യമാക്കിയ ഒന്നാണ് ഈ അലാറം. 'നീറുന്ന വേദനയിലുരുകിയൊഴുകാന്‍ ജന്‍മ രോഗങ്ങളില്‍ മനം നൊന്തുപാടാന്‍ എന്‍ ശംഖമായതാണാ സമയപേടകം (അമ്മ അലാറമാണ്)
ഹൃത്താളങ്ങള്‍ തെറ്റി ഓടിക്കിതച്ചു നിന്നുപോയ ആ സമയപേടകം അമ്മയുണ്ടായിരുന്ന നാളുകളെ തട്ടിയുണര്‍ത്തുന്നു. അലാറത്തേക്കാളും കൃത്യമായി മകനെ ഉണര്‍ത്തുവാന്‍ ഉറങ്ങാതിരിക്കുന്ന അമ്മയുടെ ചിത്രത്തിലൂടെ 'അമ്മ മകന് അലാറമാണ്’ എന്ന് കവിത അവസാനിക്കുന്നു. കാല്‍പ്പനികതയില്‍ വ്യത്യസ്തഭാവം ആവിഷ്‌ക്കരിക്കുന്നതുപോലെ അമ്മയെ കുറിച്ച് എഴുതുമ്പോഴും ഈ കവി കാലവിപര്യയത്തെ മറക്കുന്നില്ല. മുറിനാവ് എന്ന കവിതയില്‍ പുത്രമോഹങ്ങള്‍ വിഫലമാക്കുന്ന അമ്മയെ കുറിച്ചും ജന്‍മം ഒരു പാപമായി മകന്റെ തോളത്ത് കെട്ടിവെച്ച ശപ്തമാതൃത്വത്തെ കുറിച്ചും ഉദയത്തില്‍ തന്നെ അസ്തമിച്ചുപോയ മകനെ കുറിച്ച് വൃഥാമോഹങ്ങള്‍ പേറുന്ന അമ്മ ഹൃദയത്തെകുറിച്ചും വ്യഥിതമാണ് കവിചിത്തം. ഒന്നുമില്ലെങ്കിലും നിന്‍ ജന്‍മലാഭമാം കരളിലെ കദനകനകത്തെ കണ്ണീരില്‍ മുക്കി നിന്‍ജീവിതച്ചാണയിലുരച്ചെന്റെ നാവില്‍ പുരട്ടുക (മുറിനാവ്)- അതിനുവേണ്ടിയാണ് കാലം നിസ്‌സഹായനാക്കിയ തന്റെ പുത്രന്‍ മുറിനാവു നീട്ടുന്നത്.

ഈ കവിതകളിലെ പ്രമേയങ്ങളുടെ പുതുമ കാല്‍പ്പനികതയില്‍ അലിയിച്ചു ചേര്‍ത്ത ഭൗതികജീവിതസമസ്യകളുടെ ഊരാക്കുടുക്കു തന്നെയാണ്. ചങ്ങമ്പുഴയുടെ 'സൗന്ദര്യപൂജ’യില്‍ നിന്നും ബാലാമണിയമ്മയുടെ 'മാതൃഹൃദയ’ത്തില്‍ നിന്നും കാലം കവിതയെ മുന്നോട്ടുതള്ളുകയാണ്. പലപ്പോഴും ആടയാഭരണങ്ങള്‍ ഉപേക്ഷിച്ചുകൊണ്ടു തന്നെ കൂടുതല്‍ ആര്‍ജവത്തോടെ സത്യം വിളിച്ചുപറയാന്‍ കവി നിര്‍ബന്ധിതനാവുന്നു. സുരേഷ്‌കുമാറിന്റെ കവിതകളുടെ പ്രത്യേകത അതാണ്. എങ്കിലും കവിതയില്‍ ഈ കവിയുടെ മൊഴിയും വഴിയും കുറേക്കൂടി ദൃഢവും ശ്രദ്ധേയവുമാവാന്‍ ഇരിക്കുന്നതേയുള്ളൂ. പാട്ടിന്റെ ഈണവും മുക്തഛന്ദസ്‌സിന്റെ വ്രണിതഭാവവും ചേര്‍ത്ത് കവിതയെ രൂപപ്പെടുത്തുമ്പോള്‍ ഉണ്ടാകുന്ന ചില പ്രശ്‌നങ്ങളെ ഇനിയും മറികടക്കേണ്ടിയിരിക്കുന്നു. എങ്കിലും പുതിയ കാലത്തിന്റെ കവിതയില്‍ സുരേഷ്‌കുമാറിന്റെ കവിതകള്‍ക്കും ഇടമുണ്ടെന്ന് ഈ കൊച്ചുപുസ്തകം നമ്മോട് പറയുന്നു.


'അമ്മ അലാറമാണ്’- തേച്ചുമിനുക്കിയ മാതൃസങ്കല്‍പ്പത്തിന്റെ പുസ്തകം: ലളിതാ ലെനിന്‍


തൃശൂര്‍: തേച്ചുമിനുക്കിയെടുത്ത മാതൃസങ്കല്‍പ്പമാണ് കെ. എന്‍. സുരേഷ്‌കുമാറിന്റെ 'അമ്മ അലാറമാണ്’ എന്ന കവിതാസമാഹാരത്തിന്റെ സവിശേഷതയെന്ന് കവയിത്രി പ്രൊഫ. ലളിതാലെനിന്‍ അഭിപ്രായപ്പെട്ടു. കവിയും കേരളകൗമുദി തൃശൂര്‍ യൂണിറ്റ് ചീഫുമായ കെ. എന്‍. സുരേഷ്‌കുമാറിന്റെ രണ്ടാമത്തെ കവിതാസമാഹാരം 'അമ്മ അലാറമാണ്’ പ്രകാശനം ചെയ്യുകയായിരുന്നു അവര്‍. അമ്മസങ്കല്‍പ്പം ഒരിക്കലും നിര്‍വ്വചനത്തിന് വഴങ്ങുന്നതല്ല. ആ സങ്കല്‍പ്പവും യാഥാര്‍ത്ഥ്യവും സുരേഷ്‌കുമാറിന്റെ കവിതകളിലുണ്ട്. ബാലാമണിയമ്മയുടെ മാതൃഹൃദയം എന്ന കവിത ഓര്‍മ്മപ്പെടുത്തുന്നതാണ് കവിതയിലെ വരികള്‍. കാല്‍പ്പനികതയെ ഒരിക്കലും നമുക്ക് കവിതയില്‍ നിന്ന് തള്ളിക്കളയാനാവില്ല. സംഘര്‍ഷഭരിതമായ ഇക്കാലത്ത് കാല്‍പ്പനികത എഴുത്തില്‍ അത്യാവശ്യമായി വന്നിരിക്കുന്നു. പ്രധാനമായും പ്രണയത്തേയും അമ്മയേയും ആസ്പദമാക്കിയുള്ളതാണ് സുരേഷ്‌കുമാറിന്റെ കവിതകള്‍. ചിലയിടങ്ങളിലുള്ള വഴിത്തിരിവുകള്‍ കവിതയ്ക്ക് ഏറെ ഭംഗി നല്‍കുന്നുണ്ടെന്നും ലളിതാ ലെനിന്‍ പറഞ്ഞു. കവയിത്രി റോസി തമ്പി പുസ്തകം ഏറ്റുവാങ്ങി. അനുഭവത്തിന്റെ നേര്‍മ്മയുള്ള സ്വകാര്യതകളാണ് സുരേഷ്‌കുമാറിന്റെ കവിതകളെന്ന് പുസ്തകം പരിചയപ്പെടുത്തിയ പ്രൊഫ. വി. ജി. തമ്പി അഭിപ്രായപ്പെട്ടു. എല്ലാ ഇന്ദ്രിയങ്ങളോടും കൂടിയ ഗാനാത്മകമായ ഈണങ്ങളാണ് കവിതയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. എഴുത്തുകാരും പുസ്തകങ്ങളും ചര്‍ച്ച ചെയ്യപ്പെടാത്ത കാലത്തിലൂടെ കടന്നുപോകുമ്പോള്‍ ഇത്തരം പുസ്തകങ്ങള്‍ പ്രതീക്ഷ നല്‍കുന്നുവെന്ന് അദ്ധ്യക്ഷനായിരുന്ന കവി രാവുണ്ണി പറഞ്ഞു. കവി സെബാസ്റ്റിയന്‍, യു. പ്രദീപ്, ഫ്രാങ്കോ ലൂയിസ്, കവിത ബാലകൃഷ്ണന്‍, മാധവി മേനോന്‍, ടി. ഈനാശു, വര്‍ഗീസ് ആന്റണി എന്നിവര്‍ പ്രസംഗിച്ചു. കെ. എന്‍. സുരേഷ്‌കുമാര്‍ മറുപടിയും കാവ്യാവതരണവും നടത്തി. ഭാസി പാങ്ങില്‍ സ്വാഗതം പറഞ്ഞു. ആറന്‍മുള 'താഹിതി’യാണ് പ്രസാധകര്‍.

Wednesday, June 30, 2010

Thursday, June 17, 2010