Wednesday, September 29, 2010

താനേ മുഴങ്ങുന്ന അലാറം


'അമ്മ അലാറമാണ്’ - കവിതാസമാഹാരത്തെപ്പറ്റി പ്രൊഫ. കെ. ശശികുമാര്‍


താനേ മുഴങ്ങുന്ന അലാറം


കവിത പലപ്പോഴും ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. ഗതകാല രാമണീയകങ്ങളെ മാത്രമല്ല; മനുഷ്യാവസ്ഥകളുടേയും മനുഷ്യപ്രകൃതികളുടേയും ദുരനുഭവങ്ങളുടേയും. ഗതിയറ്റ സ്വപ്നങ്ങളേയും ഗതമായ സ്വര്‍ഗ്ഗങ്ങളേയും ഓര്‍ത്തുള്ള വിലാപത്തില്‍ തെന്നിയടരുന്ന സ്വരവ്യഞ്ജനങ്ങളല്ല, പുതിയ കവിത. ഛന്ദോലങ്കാരങ്ങള്‍ കൂടാതെ വര്‍ത്തമാനകാലകവിത സ്വയം വാക്യാര്‍ത്ഥ സദസ്‌സുകളായി മാറുന്നു. ഓര്‍മ്മപ്പെടുത്തലിന്റെ അനുരണനങ്ങളില്‍ മധുരവും ദീപ്തവുമായ ഒരസ്വാസ്ഥ്യം അനുവാചകന് പകര്‍ന്നു നല്‍കിക്കൊണ്ട് കവികളും കവിതകളും ഒറ്റപ്പെട്ട തുരുത്തുളായി നില്‍ക്കുകയാണ്. അതുകൊണ്ടുതന്നെ, ആധുനികോത്തര കവിതകളില്‍ 'സ്‌കൂളുകള്‍’ ഉണ്ടാവുന്നില്ല. പ്രസ്ഥാനങ്ങളുടെ അനുക്രമണിക, തന്‍മൂലം പുതിയ കവിതയ്ക്ക് അന്യമാവുകയും ചെയ്യുന്നു. ഓരോ കവിയുടേയും ശബ്ദം നമുക്ക് തിരിച്ചറിയാന്‍ കഴിയുന്നുമുണ്ട്. ഒച്ചകള്‍ക്കും ബഹളങ്ങള്‍ക്കുമിടയില്‍ തന്റെ ശബ്ദം വേറിട്ടുകേള്‍ക്കപ്പെടുമോ എന്ന ആത്മഛവി പൂണ്ട ആശങ്ക പഴയ കവിയെപ്പോലെ ഇന്നത്തെ യുവകവിയെ ഒട്ടലട്ടുന്നുമില്ല.

പുതിയ കവികള്‍ അലാറങ്ങള്‍ മുഴക്കിക്കൊണ്ടേയിരിക്കുന്നു. സമയതീരത്തു നിന്നുകൊണ്ടവര്‍ സംസ്‌കൃത ചിത്തരായി സന്ദര്‍ഭോചിതമായി പാടുന്നു. ഹൃദയത്തുടിപ്പും കരളിന്‍ മിടിപ്പും ഉയിരിന്‍ പിടപ്പും പശ്ചാത്തല സംഗീതമാക്കിക്കൊണ്ട് കെ. എന്‍. സുരേഷ്‌കുമാറും പാടുകയാണ്. ഇത് 'വെറുംപാട്ട’ല്ല, 'നോവുപാട്ടു’മല്ല, 'സ്‌നേഹപ്പാ’ട്ടണ്. കുടുംബം എന്ന വികാരത്തെ സര്‍വ്വാതിശായിയാക്കുന്നത് അമ്മയാണ്. സ്ത്രീത്വത്തിന്റെ ലാവണ്യപൂര്‍ണ്ണിമയാണ് മാതൃത്വം. സ്തനാമൃതദാത്രിയായ അമ്മ ഈ കവിക്ക് ഒരു ഒബ്‌സഷനാണ്. ഒരമ്മയുടെ വാത്‌സല്യ മാധുര്യങ്ങളെ ബഹുമാനാകുലതകളോടെ ഉദാത്തീകരിച്ച് കാവ്യമാക്കിയത് ഭാരതത്തില്‍ ആദിശങ്കരനാണ്. ഈ സമാഹാരത്തിലെ നാലോളം കവിതകളില്‍ മാതൃബിംബം ശക്തിസൗന്ദര്യങ്ങളോടെ ഉയര്‍ന്നുലാവുന്നുണ്ട്. ഉറിയില്‍ നിന്നും വെണ്ണ കട്ട കടങ്ങള്‍ വീട്ടാന്‍ കഴിയാത്ത മകന്റെ ആത്‌മോദീകരണം. ഉണ്ണിയെ കാത്തുകാത്തിരിക്കുന്ന അമ്മ. മകന് അമ്മ ഒരലാറമാണെന്ന കണ്ടെത്തലില്‍ കവി അവസാനം ചെന്നെത്തുന്നു. താക്കോല്‍ കൊടുക്കാതെ താനേ മുഴങ്ങുന്ന വിലയൊരു അലാറം തന്നെയാണ് അമ്മ. പ്രണയം പുതിയ വര്‍ണ്ണരാജികള്‍ തേടുകയാണ് നവ്യകവിതകളില്‍. പ്രണയത്തിന്റെ ഹരിതശ്യാമസൗവര്‍ണ്ണ സിന്ദൂരവര്‍ണ്ണങ്ങളില്‍ നീരാടുകയല്ല, സുരേഷ്. മദലുളിതവും മൃദുലളിതവുമായ ഭാവസീമകളിലല്ല, കവി പ്രണയത്തെ പ്രതിഷ്ഠിയ്ക്കുന്നത്. പ്രണയ പരവശകള്‍ക്ക് ശുഭമരുളാനൊന്നും കവി മെനക്കെടുന്നില്ല. പ്രണയവല്ലി ഉണങ്ങില്ല; കരിനീല മിഴിയിലെ കരിമിഴികളും കരള്‍ക്കണ്ണികളുമാണ് നമ്മള്‍ എന്നൊക്കെ വായിക്കുമ്പോള്‍ പഴയ കവികളുടെ ശയ്യ ഓര്‍മ്മിച്ചുപോകുന്നു. ഇണയെ ഇരയാക്കുന്ന തീവ്രപ്രണയവും ഇതിലുണ്ട്. ഭോഗവും ഭക്ഷണം തന്നെയല്ലേ? മലയാളം ഈ കവിയെ ഏറ്റുവാങ്ങട്ടെ. മലയാളി ഈ കവിതകളെ ലാളിക്കട്ടെ. സമയനിഷ്ഠയോടെ സുരേഷിന്റെ അലാറം മുഴങ്ങിക്കൊണ്ടേയിരിക്കട്ടെ.

1 comment:

  1. ബ്ലോഗ്‌ വായിച്ചപ്പോള്‍ കേരളത്തില്‍ എത്തിയ പ്രതീതി. മലയാണ്മയുടെ തനിമ ഒപ്പിയെടുത്ത കവിതകള്‍,കൂടുതല്‍ രചനകള്‍ പ്രതീക്ഷിക്കുന്നു

    എ. പ്രമോദ്‌, ദുബായ്

    ReplyDelete