Friday, May 8, 2020

കവിത

ഒരു കൊതുകിന്റെ നിരാസം
--------------=======--------===

കെ.  എൻ.  സുരേഷ്‌കുമാർ

കറുത്തുമെലിഞ്ഞ
ഒരു ചെറ്റക്കൊതുക്
എന്നെ കുത്തിയിട്ടു പറഞ്ഞു;
'ചോര കുടിച്ച് ഞാൻ നിന്നെ
വിശുദ്ധനാക്കുകയാണ്
കുത്തുമ്പോഴുള്ള വേദന
നിർവൃതിയാണ്!
നീ കണ്ണടയ്ക്കുക'

ഒരു ചെമ്പൻ വിദേശിക്കൊതുക്
എന്നെ ചുംബിച്ചിട്ടു പറഞ്ഞു;
'നിന്റെ നീലഞരമ്പുകളിലെ
സ്വപ്നങ്ങൾ മുഴുവൻ
ഞാൻ കട്ടെടുക്കുകയാണ്
മോഷ്ടിക്കപ്പെടുന്നവൻ
ഭാഗ്യവാനാണ്!
നീ ഉറക്കം നടിക്കുക'

കുടിച്ചുകൊഴുത്ത
ഒരു സ്വദേശി കൊതുക് 
എന്റെ കാലിൽ
കൊളുത്തിയിട്ടു പറഞ്ഞു;
'നിന്റെ ചിന്തകളിൽ ഞാൻ
മായം ചേർക്കുകയാണ്
മായം ചേരാത്ത ഒന്നും ശുദ്ധമല്ല!
സത്യം മായമാണ്, മായയും!

ചുവന്നു തുടുത്ത
ഒരു പെൺകൊതുക്
എന്റെ ഹൃദയത്തെ
കഷ്ണിച്ചിട്ടു പറഞ്ഞു;
'നിന്റെ ചോര കുടിക്കില്ല
കാരണം, ഞാൻ ചത്തുപോകും'
=========================

വാക്കാണെൻ സമരായുധം എന്ന സമാഹാരത്തിൽ നിന്ന്
sureskumar@kaumudi.com
ഫോൺ 9495530156